1 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 29, 2024
October 28, 2024
October 28, 2024
October 28, 2024

വീടുകയറാന്‍ പ്രവര്‍ത്തകരില്ല; കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍

സ്വന്തം ലേഖകൻ
കൊച്ചി
April 6, 2024 10:43 pm

ആലപ്പുഴയിലും തൃശൂരിലുമടക്കം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് പ്രചാരണത്തില്‍ പ്രതിസന്ധി. താഴേത്തട്ടിലെ പ്രവർത്തകരെ വീടുകൾ തോറും കയറി പ്രചാരണത്തിനിറക്കാൻ നേതാക്കൾ മുൻകൈ എടുക്കുന്നില്ലെന്നാണ് പരാതി. ഇടതുമുന്നണി പ്രവർത്തകർ പലവട്ടം വീടുകൾ തോറും കയറി പ്രചാരണം നടത്തുമ്പോൾ തന്റെ പ്രസ്താവന പോലും വീടുകളില്‍ എത്തിയിട്ടില്ലെന്ന് കെ മുരളീധരൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.
സ്വന്തം ചെലവിൽ നടത്തുന്ന പോസ്റ്റർ പ്രചാരണവും കോലാഹലങ്ങളും അല്ലാതെ പാർട്ടിയിലെ ഒരു വിഭാഗം വിട്ടുനിൽക്കുകയാണെന്നാണ് പരാതി. എറണാകുളത്തും ആലപ്പുഴയിലും എ വിഭാഗം വിട്ടുനിൽക്കുകയാണ്. എറണാകുളത്തുനിന്നുള്ള എ വിഭാഗക്കാർ ചാലക്കുടിയിൽ ബെന്നിബെഹനാന് വേണ്ടിയുള്ള പ്രചാരണത്തിലാണ്. സ്വകാര്യ പിആർ ഏജൻസിയടക്കമുള്ള സംവിധാനങ്ങൾ വഴി എണാകുളത്ത് ഹൈബി ഈഡൻ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ആലപ്പുഴയിലെ സ്ഥിതി മോശമാണ്. പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിക്കപ്പെട്ട രമേശ് ചെന്നിത്തല താല്പര്യം എടുക്കാത്തതിനാൽ പല മണ്ഡലങ്ങളിലും പ്രവർത്തകർ മുന്നിട്ടിറങ്ങിയിട്ടില്ല. അരൂർ മണ്ഡലത്തിലടക്കം പ്രവർത്തനങ്ങളിൽ ഇത് പ്രകടമാണെന്ന് കെ സി വേണുഗോപാലിന്റെ അടുപ്പക്കാർ വിവരം നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ പ്രവർത്തകരെ വിളിച്ചുചേർക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

പെരുന്നാളിനും വിഷുവിനും പ്രവർത്തനം ഊര്‍ജിതമാക്കിയില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന് എം എം ഹസൻ അടക്കമുള്ളവരെ അറിയിച്ചിട്ടുണെന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. നേരത്തെ ആലപ്പുഴയിൽ താൻ മത്സരിച്ചപ്പോൾ ഇത്തരത്തിൽ നിസ്സംഗത പുലർത്തിയ ഒരു വിഭാഗം തന്റെ തോൽവി ഉറപ്പാക്കിയെന്നും ആ നേതാവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പണം നല്കാതിരിക്കുന്നതുകൊണ്ടാണ് പ്രവർത്തകർ നിസ്സംഗത പാലിക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.പോസ്റ്റർ ഒട്ടിക്കുന്നതിനടക്കമുള്ള സ്ക്വാഡുകൾക്കു പ്രതിദിനം 1200 രൂപയും ചെലവുമാണ് ഒരു പ്രവര്‍ത്തകന് നൽകേണ്ടത്. ഭൂരിഭാഗം വരുന്ന പ്രവർത്തകർ തങ്ങളുടെ തൊഴിൽ നഷ്ടപെടുത്തി പ്രവർത്തനത്തിനിറങ്ങുന്നതുകൊണ്ട് ഇത് ന്യായമാണെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു.

പ്രചാരണ സമിതി അധ്യക്ഷനാണെങ്കിലും മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിലെ ചുമതല തനിക്കുണ്ടെന്ന് രമേശ് ചെന്നിത്തല പറയുന്നു. കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ ഓടി എത്താനുള്ള ശ്രമത്തിലാണെന്നാണ് ചെന്നിത്തലയുടെ ഭാഷ്യം. കഴിഞ്ഞ മൂന്നുവർഷം ഒരു പദവിയും ഇല്ലാതെ പ്രവർത്തിച്ച തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മെല്ലെപ്പോക്ക് സംസ്ഥാന നേതൃത്വത്തെ മുരളീധരൻ അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ് മുരളീധരന്റെ പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ജില്ലയ്ക്കുള്ളിൽ നിന്ന് തന്നെ ഒരു സ്ഥാനാർഥി മതിയെന്ന നിലപാട് പല നേതാക്കൾക്കും ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് മുരളീധരനെ സംസ്ഥാന നേതൃത്വം തൃശൂരിലേക്ക് എത്തിച്ചത്. 

Eng­lish Sum­ma­ry: There are no activists to enter the house; Dis­rup­tion in Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.