
മദ്യപിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. മദ്യം ഹൃദയത്തിനും കരളിനുമെല്ലാം കേടുപാടുണ്ടാക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അതുപോലെതന്നെ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താന്‍ ഒരു പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമത്രെ. റോച്ചസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച് മദ്യത്തോടുള്ള ശരീരത്തിന്റെ പ്രതികരണം പ്രായത്തിനനുസരിച്ച് മാറുന്നു. 65 വയസ്സിന് ശേഷം പേശികളുടെ അളവും ശരീരത്തിന്റെ മൊത്തം ജലാംശവും കുറയുകയും ഉപാപചയം മന്ദഗതിയിലാവുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രായമാകുമ്പോള്‍ മദ്യം ശരീരത്തില്‍ അധിക സമയം നിലനില്‍ക്കാനിടയുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അള്‍സര്‍ തുടങ്ങിയ അവസ്ഥകള്‍ക്കുള്ള മരുന്നുകളുമായും മദ്യം ശക്തമായി ഇടുപഴകും. 65 വയസിന് ശേഷം മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യുന്നുണ്ട്. അത് മത്രമല്ല മദ്യപിച്ചുണ്ടാകുന്ന വീഴ്ചകള്‍ മൂലം 65 വയസ് കഴിഞ്ഞവരില്‍ എല്ലു പൊട്ടല്‍ പോലുളളവയുടെ സാധ്യതയും കൂട്ടും.
അമേരിക്കൻ ന്യൂറോളജിസ്റ്റ് ഡോ. റിച്ചാർഡ് റെസ്റ്റാക്ക് പറയുന്നത് അനുസരിച്ച് മദ്യപാനത്തിന്റെ അപകടസാധ്യതകൾ തലച്ചോറിലേക്ക് പോലും വ്യാപിക്കുന്നു. മദ്യം അപകടകാരിയായ ന്യൂറോടോക്സിന്‍ ആണ്. ഇത് നാഡീ കോശങ്ങള്‍ക്ക് ഒട്ടും നല്ലതല്ല. അതിനാല്‍ തന്നെ പ്രായമായവര്‍ തുടര്‍ച്ചയായി മദ്യപിക്കുന്നത് കൂടുതല്‍ അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. 65 വയസുകഴിയുമ്പോള്‍ കഴിക്കുന്ന മദ്യത്തില്‍ ഗണ്യമായ കുറവ് വരുത്തണമെന്നും വൈകാതെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഡോ. റെസ്‌റ്റോക്ക് അഭിപ്രായപ്പെടുന്നു. ഈ പ്രായത്തില്‍ ന്യൂറോണുകളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല അമിതമായി മദ്യപിക്കുന്ന ആളുകള്‍ക്ക് കാലക്രമേണ ഡിമെന്‍ഷ്യ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൂടാതെ ദീര്‍ഘകാലം അമിതമായ മദ്യപിക്കുന്നവര്‍ക്ക് കാന്‍സര്‍, കരള്‍രോഗം എന്നിങ്ങനെയുള്ളവ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. മദ്യം പൂര്‍ണമായും ഒഴിവാക്കുന്നത് നാഡീവ്യവസ്ഥയുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ഓര്‍മശക്തി സംരക്ഷിക്കുകയും പേശികള്‍ നശിച്ചുപോകുന്നത് തടയുകയും അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അര ദശലക്ഷത്തിലധികം മുതിര്‍ന്നവരില്‍ 2025 ല്‍ നടത്തിയ ഒരു മറ്റൊരു പഠനത്തില്‍ മദ്യം കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് 40 ശതമാനത്തിലധികമാണ് അപകട സാധ്യത ഉള്ളത്. മദ്യപാനത്തിന് അഡിക്ടായവര്‍ക്ക് ഇത് 50 ശതമാനവും കൂടുതലാണ്. മദ്യം എത്ര കുറച്ച് കുടിക്കുന്നുവോ അത്രയും ഡിമെന്‍ഷ്യ സാധ്യത കുറയും.
മദ്യം ചെറിയ അളവില്‍ പോലും കഴിക്കുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. അല്‍പ്പം മദ്യം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനോ റിലാക്‌സ് ചെയ്യാനോ നന്നായിരിക്കുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ പുതിയതായി നടന്ന ഒരു ഗവേഷണം ഈ ആശയവുമായി പൊരുത്തപ്പെടുന്നില്ല. മദ്യപാനത്തിന്റെ നേരിയ വര്‍ധനവ് പോലും ഡിമെന്‍ഷ്യ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷണം പറയുന്നു.
മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്നുള്ള അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ ഗവേഷണ പഠനം. മദ്യപാനം കുറയ്ക്കുന്നത് ഡിമെന്‍ഷ്യ സാധ്യത 16 ശതമാനംവരെ കുറയ്ക്കുമെന്ന് ഗവേഷണത്തിന്റെ രചയിതാക്കള്‍ പറയുന്നുണ്ട്. ആറു മാസം മദ്യം ഒഴിവാക്കിയാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ വലിയ തോതിൽ പോസിറ്റീവ് മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥിര മദ്യപാനികൾ മദ്യം ഉപേക്ഷിക്കുമ്പോൾ തുടക്കത്തിൽ ഉത്‌കണ്‌ഠ, ഉറക്കത്തകരാർ, നിർജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാൽ രണ്ടാഴ്‌ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.