
ഹൈന്ദവം എന്നു വ്യവഹരിക്കാവുന്ന വേദേതിഹാസ പുരാണങ്ങളിൽ വേദാംബയും ദേവാംബയും ലോകാംബയും ഒക്കെയുണ്ടെങ്കിലും ഭാരതാംബ ഇല്ല. എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്നു കാണിച്ചുതരുവാൻ ശ്രീജിത്ത് പണിക്കർ മുതൽ വിദ്യാസാഗർ ഗുരുമൂർത്തി വരെയുള്ള ഭാരതാംബാവാദികളോട് അഭ്യർത്ഥിക്കുന്നു. വേദാംബ എന്നത് സരസ്വതിയാണ്. ദേവാംബ അഥവാ ദേവമാതാവ് എന്നത് അദിതിയാണ്. ലോകാംബ എന്നത് മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി എന്നൊക്കെയുള്ള ഭാവങ്ങളിൽ കൊണ്ടാടപ്പെടുന്ന സാക്ഷാൽ പരാശക്തിയാണ്.
ഈ അംബ സങ്കല്പങ്ങളെയെല്ലാം ആരാധിച്ച് ശക്തിബോധ ചൈതന്യം ആർജിക്കാൻ താന്ത്രികവും മാന്ത്രികവും യൗഗികവുമായ നിരവധി സാധനാപദ്ധതികളും ഉപാസനാ മുറകളും കാശ്മീരം മുതൽ കന്യാകുമാരി വരെയുള്ള ദേശങ്ങളിൽ നാട്ടാചാരങ്ങളുടെ കലർപ്പോടുകൂടി നിലവിലുണ്ട്. പരമ്പരാഗതമായ ഈ ആചാര സമ്പ്രദായങ്ങളിൽ എവിടെയും കാവിധ്വജം പിടിച്ച സിംഹാസനസ്ഥയായ ഭാരതാംബയുടെ ആരാധനയില്ല.
കാവിയണിഞ്ഞ ഒരു ദേവതാ സങ്കല്പം പോലും ഭാരതത്തിൽ ഇല്ല. ചുവപ്പും നീലയും പച്ചയും മഞ്ഞയും കറുപ്പും വെള്ളയും ഒക്കെ ധരിച്ച നിരവധി ദേവീദേവന്മാർ ഭാരതത്തിൽ പൂജിക്കപ്പെടുന്നുണ്ട്; പക്ഷേ, കാവിധരിച്ച ദേവീദേവന്മാർ ആരും ഇവിടെ പൂജനീയരായില്ല. ഇതിൽ നിന്നും വ്യക്തമാവുന്നത് ഭാരതീയതയിൽ കാവിക്കും കാവിധരിച്ചതോ കാവിക്കൊടി പിടിച്ചതോ ആയ ദേവീദേവന്മാർക്കും യാതൊരു പ്രാധാന്യവും ഇല്ല എന്നാണ്. അപ്പോൾ കാവിക്കൊടി പിടിച്ച ഭാരതാംബ എന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മാത്രം ചിഹ്നമാണ്. അതിനെ പൂജിക്കാത്തവർ രാജ്യദ്രോഹികളും ഭാരതീയ പാരമ്പര്യത്തിന്റെ ശത്രുക്കളും ആണെന്നുള്ള വാദം ആര്‍എസ് എസിനെ അംഗീകരിക്കാത്തവരെല്ലാം ഭാരതത്തിന്റെ ശത്രുക്കളാണെന്ന വികൃതധാരണയാണ്. അതിനെ അംഗീകരിക്കാൻ തയ്യാറല്ല എന്നാണ് ആര്‍എസ്എസ് പൂജയെ രാഷ്ട്രഭക്തിയാക്കാൻ ശ്രമിക്കുന്ന സ്വയം സേവകനായ കേരള ഗവർണറോട് കേരള സർക്കാറും മന്ത്രിമാരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇത്രയും പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. പക്ഷേ ശങ്കു ടി ദാസിനെപ്പോലുള്ള ഗൂഗിൾ ഗുരുവിന്റെ ശിഷ്യരായ ബിജെപി നേതാക്കൾ ‘മാതാ ഭൂമി പുത്രോഹം പൃഥ്വിവഃ’ എന്ന അഥർവമന്ത്ര സൂക്തശകലമൊക്കെ ചൊല്ലി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പശ്ചാത്തലത്തിൽ അല്പം ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ട്. ഭൂമി മാതാവും നമ്മൾ മക്കളും ആണെന്ന സങ്കല്പം വേദങ്ങളിലുണ്ട്. അതിനർത്ഥം ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന ഭൂപ്രദേശം മാത്രമാണ് ആരാധ്യയായ അമ്മ എന്നല്ലല്ലോ; മുഴുവൻ ഭൂമിയും നമ്മുടെ അമ്മയാണ് എന്നല്ലേ. ഭൂമി അമ്മയാണ് എന്ന വേദാധിഷ്ഠിത വിചാരം അനുസരിക്കുന്നവരാണ് ആര്‍എസ്എസുകാരെങ്കിൽ അവർക്ക് സ്വദേശി — വിദേശി ഭേദഭാവനയേ ഉണ്ടാവില്ല.
‘ഉദാര ചരിതാനാം തു വസുധൈവ കുടുംബകം — ഉദാര ഹൃദയർക്ക് ഈ ഭൂമിയാണ് കുടുംബം’ എന്ന് പ്രഖ്യാപിക്കുന്ന യോഗവാസിഷ്ഠ വിചാരധാര അനുസരിക്കുന്നവരെ സംബന്ധിച്ച്, അമേരിക്കയുടെ പ്രശ്നവും ആഫ്രിക്കയുടെ പ്രശ്നവും അറേബ്യൻ നാടുകളുടെ പ്രശ്നവും പലസ്തീനിന്റെയും ചൈനയുടെയും ജപ്പാന്റെയും ഇന്തോനേഷ്യയുടെയും ക്യൂബയുടെയും റഷ്യയുടെയും ജർമ്മനിയുടെയും ഫ്രാൻസിന്റെയും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും എല്ലാം പ്രശ്നങ്ങളും തന്റെ കുടുംബ പ്രശ്നമായി കാണാനുള്ള വിശാലമായ ഉൾക്കാഴ്ചയും വിവേകവുമാണ് ഉണ്ടാവുക. അത്തരം ഉൾക്കാഴ്ചയും വിവേകവും ആണ് ആര്‍എസ്എസുകാർക്കുള്ളതെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല.
തങ്ങളുടെ ഭാരതാംബാഭക്തി പരമ്പരാഗതമായ പ്രാമാണികതയുള്ളതാണെന്ന് വാദിക്കുന്ന ആര്‍എസ്എസ് പരിവാര ചിന്തകർ മുഴുവൻ ഭൂമിയെയും അമ്മയായി ചിത്രീകരിക്കുന്ന ഇതിഹാസ — പുരാണ ഋഷി പ്രതിഭകളെ കൊഞ്ഞനംകുത്തുകയാണ്. ഇത്തരം കൊഞ്ഞനം കുത്തലുകൾ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഭാരതത്തിലെ ഋഷിമുനിമാർ ഭൂമിയെ അമ്മയായി കണ്ടിട്ടുണ്ട്. ശ്രീമദ് ഭാഗവതം പോലുള്ള പുരാണ ഗ്രന്ഥങ്ങളിൽ അത്തരം സരസ ചിത്രീകരണങ്ങളുണ്ട്. അവർ മുഴുവൻ ഭൂമിയെയുമാണ് പശുവിന്റെ രൂപത്തിൽ കല്പന ചെയ്ത് അവതരിപ്പിക്കുന്നത്; അല്ലാതെ ഭാരതദേശത്തെ മാത്രമല്ല. കാമധേനുവായി ഋഷിമുനിമാർ ഭൂമിയെ കാണാൻ കാരണം നമ്മുടെ ആഗ്രഹങ്ങൾ കർമ്മത്തിലൂടെ കറന്നെടുക്കാൻ ഭൂമിയിൽ അവസരമുണ്ട് എന്ന അർത്ഥത്തിലാണ്. പക്ഷേ ഇത്തരം ഋഷിഭാവനകളിൽ എവിടെയും ആര്‍എസ്എസ് ഉയർത്തുന്ന സ്വഭാവത്തിലുള്ള ഇടുങ്ങിയതും ഇരുണ്ടതുമായ ദേശരാഷ്ട്ര സങ്കല്പം ഇല്ല.
ഭൗമികതയാണ് ഋഷിമാർക്കുണ്ടായിരുന്നത് ദേശീയതയല്ല. ഭൂമി, അന്തരീക്ഷം, ആകാശം എന്നും അർത്ഥം പറയാവുന്ന മൂന്നിടങ്ങളാണ് തന്റെ സ്വദേശം എന്ന് ശൈവാഗമങ്ങളിൽ വായിക്കാം. ‘സ്വദേശം ഭുവനത്രയം — ഭൂമി അന്തരീക്ഷം ആകാശം എന്നീ മൂന്നുമാണെന്റെ സ്വദേശം’ എന്നർത്ഥം. ഭാരതം ഭവത്യേക നീഡം എന്നല്ല ‘വിശ്വം ഭവത്യേക നീഡം — വിശ്വമാകട്ടെ നമ്മുടെ കൂട് ‘എന്നാണ് ഋഷിമാർ പറഞ്ഞത്. ഇങ്ങനെ പരിശോധന ചെയ്തുചെന്നാൽ ആര്‍എസ്എസ് പൂജിക്കുന്ന ഭാരതാംബ എന്ന ഇടുങ്ങിയ സങ്കല്പം ഭാരതത്തിലെ ഋഷിമാർക്കില്ലായിരുന്നു എന്ന് തെളിഞ്ഞുകിട്ടും. അതിനാൽ ആര്‍എസ്എസിന്റെ ഭാരതാംബയെ പൂജിക്കാതെ തന്നെ ഋഷി, ഋഷികമാരെ മാനിക്കുന്ന വിശ്വമാനവരായ ഭാരതീയരാകാൻ നമുക്ക് കഴിയും.
സിംഹാസനേശ്വരിയായ ഭഗവതി ശ്രീ ലളിതാ സഹസ്രനാമത്തിൽ സ്തുതിക്കപ്പെടുന്ന പരമേശ്വരിയാണ്. ഈ ദേവിയുടെ കയ്യിൽ പരമ്പരാഗത സങ്കല്പങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഏതെങ്കിലും സംഘടനയോ രാഷ്ട്രമോ അതിന്റെ കൊടി പിടിപ്പിച്ചാൽ ലോകമാതാവായ പരമേശ്വരി, രാഷ്ട്രമാതാവോ സംഘമാതാവോ ആകുമോ? യേശുക്രിസ്തുവിന്റെ കയ്യിൽ കാവിക്കൊടി പിടിപ്പിച്ചാൽ യേശുക്രിസ്തു ആര്‍എസ്എസുകാരനാകുമോ? യേശുക്രിസ്തുവിന്റെ കയ്യിൽ കാവിക്കൊടി പിടിപ്പിച്ച് ആ മഹാസങ്കല്പത്തെ ആര്‍എസ്എസുകാരനാക്കുന്നത് എത്രമേൽ അപരാധമാണോ അത്രമേൽ അപരാധമാണ് ലളിതാപരമേശ്വരി ഭാവത്തിലുള്ള ലോകമാതാവായ ദേവിയുടെ കയ്യിൽ കാവിക്കൊടി പിടിപ്പിച്ച് സംഘമാതാവാക്കുന്നത്. ഇതിനെതിരെ സിംഹാസനേശ്വരിയായ ദേവിയെ ലളിതാ സഹസ്രനാമം ചൊല്ലി ആരാധിക്കുന്ന ദേവീഭക്തരെല്ലാം പ്രതിഷേധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.