
ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവ് മാത്രമേയുള്ളൂ.
ഡൈനാമിക് പ്രൈസിങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ അറിയിച്ചു. ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാർച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.
റെഗുലർ ചാർട്ടേർഡ് വിമാനങ്ങൾക്കും കേന്ദ്രം അനുമതി നിഷേധിച്ചതോടെ ബേപ്പൂർ‑കൊച്ചി-യുഎഇ സെക്ടറിൽ യാത്രക്കപ്പൽ സർവിസ് സംബന്ധിച്ച വിശദ ചർച്ചക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിലും കേരള മാരിടൈം ബോർഡും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം കെഎംബി ആസ്ഥാനത്ത് ഈ മാസം 14 നാണ് ചർച്ചയെന്ന് എംഡിസി ചെയർമാൻ ഇ ചാക്കുണ്ണി അറിയിച്ചു. എംടിബി ചെയർമാൻ എൻ എസ് പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീമും പങ്കെടുക്കും.
ക്രിസ്മസ്-പുതുവത്സരത്തിനു മുന്നോടിയായി യുഎഇയിൽനിന്ന് കേരളത്തിലേക്ക് കപ്പൽ സർവിസ് സാധ്യമാക്കുകയാണ് ലക്ഷ്യം. ന്യായനിരക്കിൽ യാത്രാസൗകര്യം ലഭിച്ചാല്‍ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ദേശീയ വിമാന കമ്പനിയെ ബാധിക്കുമെന്ന കാരണത്താൽ നേരത്തേ തുടങ്ങിയ കപ്പൽ സർവിസ് അന്നത്തെ കേന്ദ്രസർക്കാർ റദ്ദ് ചെയ്യുകയായിരുന്നു.
English Summary: There is no control on air ticket fares: Chief Minister has informed that the Center will not interfere
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.