23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ഇന്ത്യയിലും ബംഗ്ലാദേശ് മോഡൽ പ്രക്ഷോഭം ഉണ്ടാകണം; വിവാദ പരാമർശവുമായി അഭയ് സിങ് ചൗട്ടാല

Janayugom Webdesk
ന്യൂഡൽഹി
January 2, 2026 7:07 pm

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ സർക്കാരുകളെ താഴെയിറക്കിയതിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും ഉണ്ടാകണമെന്ന വിവാദ പരാമർശവുമായി ഇന്ത്യൻ നാഷണൽ ലോക്ദൾ ദേശീയ അധ്യക്ഷൻ അഭയ് സിങ് ചൗട്ടാല. നിലവിലെ ഇന്ത്യൻ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള മാതൃകയായി യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ ബഹുജന പ്രതിഷേധങ്ങൾ സ്വീകരിക്കണമെന്ന് ചൗട്ടാല പറഞ്ഞു. പ്രതികരണത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചൗട്ടാലക്കെതിരെ ബിജെപി രംഗത്തെത്തി. ചൗട്ടാലയുടെ വാക്കുകൾ രാജ്യത്തിന്റെ ഭരണഘടനാപരമായ ക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഭീഷണിയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. പ്രതിപക്ഷത്തിന് ഭരണഘടനാ വിരുദ്ധവും ഇന്ത്യ വിരുദ്ധവുമായ ചിന്താഗതിയാണെന്നും രാഷ്ട്രീയ ലാഭത്തിനായി രാജ്യതാൽപ്പര്യങ്ങളെ ബലികഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം പ്രതിപക്ഷം ജനാധിപത്യത്തിന് എതിരാകുകയും അവരുടെ സ്വന്തം താൽപ്പര്യങ്ങളെ ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിൽ വെക്കുകയും ചെയ്യുമെന്നാണ് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

2022ൽ ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും അവശ്യസാധനങ്ങളുടെ ക്ഷാമത്തെയും തുടർന്ന് നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നിരുന്നു. 2024ൽ ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുകയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക രാജിവെച്ച് രാജ്യം വിടേണ്ട അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. 2025ൽ നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെത്തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ താഴെവീണിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.