19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 10, 2025
April 10, 2025
April 8, 2025
April 5, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025
March 22, 2025

രജിസ്ട്രേഷന്‍ നടത്താതെ ശബരിമലയില്‍ എത്തുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 1:19 pm

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെ ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും വി ജോയി എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീര്‍ത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ & റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉറപ്പാക്കും. 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കും. കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കും. കാനന പാതകളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശനവും സുരക്ഷയും ഉറപ്പാക്കുന്നതിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്ന വിഷയം ഒക്ടോബർ അഞ്ചിന് ചേര്‍ന്ന അവലോകന യോഗം ചര്‍ച്ചചെയ്തു.

തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ ദര്‍ശനം ഉറപ്പാക്കണമെന്നും യോഗം വിലയിരുത്തി. തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ ഏത് പാതയാണ് തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെര്‍ച്ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തര്‍ക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ്‍വെയറില്‍ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പൊലീസിനും മറ്റു വകുപ്പുകള്‍ക്കും മുന്‍കൂട്ടി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട തീര്‍ത്ഥാടന സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട് തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റരീതിയില്‍ വെര്‍ച്ച്വല്‍ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും വെര്‍ച്ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്ച്വല്‍ ക്യൂ കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.