19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 5, 2024
May 20, 2024
January 4, 2024
January 3, 2024
October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023

വിഷവിത്തുകൾ വിതയ്ക്കുന്നവരെ ചെറുത്തുതോല്പിക്കും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
October 30, 2023 10:57 pm

പരസ്പര വിശ്വാസത്തിന്റെയും പരസ്പരാശ്രയത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ, അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്പിക്കുമെന്ന് പ്രഖ്യാപിച്ച് കേരളം.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, സംസ്ഥാനത്തിന്റെ ഈ പൊതുസാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട്. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസായി എന്തുവില കൊടുത്തും കേരളം മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സര്‍വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വകക്ഷി യോഗം ചേര്‍ന്നത്.

ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണെന്ന് മനസിലാക്കണം. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ പ്രതിബദ്ധമായ ശ്രമങ്ങൾക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർത്ഥിച്ചു. 

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തിനും അതിന്റെ അഭിമാനകരമായ മതനിരപേക്ഷതയ്ക്കും എതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസിലും ഉണ്ടാകണം. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസിലും ഉണ്ടാവണം. സമാധാനവും സമുദായ സൗഹാർദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടുപോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസാണെന്നും സര്‍വകക്ഷി യോഗം ഏകകണ്ഠമായി വ്യക്തമാക്കി.

Eng­lish Sum­ma­ry: Those who sow poi­so­nous seeds will be defeated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.