23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 22, 2026

പരമ്പരാഗത കാനന പാത താണ്ടി സന്നിധാനത്തെത്തുന്നത് ആയിരങ്ങൾ

Janayugom Webdesk
ശബരിമല
November 26, 2025 8:37 pm

പൂങ്കാവനത്തിന്റെ തനത് ഭംഗി ആസ്വദിച്ച് കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പദർശനത്തിനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേരാണ് ഇപ്പോൾ കാനന പാത താണ്ടി ശബരിമലയിലെത്തുന്നത്.
വണ്ടിപ്പെരിയാർ സത്രത്തു നിന്നാണ് കാൽ നടയാത്ര ആരംഭിക്കുന്നത്.
കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ അഞ്ചു മണിക്കൂറിലധികമെടുക്കും. ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ പറയുന്നു.
ഭക്തരുടെ സുരക്ഷയ്ക്കുള്ള നടപടികൾ വനം വകുപ്പും പൊലീസും ഈ ഭാഗത്ത് സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ വനപാലകർ വനപാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. 13 കിലോമീറ്റർ ദൂരമുള്ള പാതയിൽ വൈദ്യുത വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സത്രത്തു നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ടോക്കൺ നൽകിയാണ് കടത്തിവിടുന്നത്. സന്നിധാനത്തിനു സമീപം പാണ്ടിത്താവളത്തുള്ള അവസാന ചെക്ക്പോസ്റ്റിലെത്തുന്നതുവരെ ഓരോ ചെക്കു പോസ്റ്റും കടക്കുമ്പോൾ ഈ ടോക്കൺ നോക്കി എല്ലാവരും സുരക്ഷിതരായി കടന്നുപോയെന്നുറപ്പാക്കും. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ സത്രത്തു നിന്ന് ഭക്തരെ കടത്തിവിടൂ. അവസാന ആളും പോന്നു കഴിഞ്ഞ് വനം വകുപ്പുദ്യോഗസ്ഥർ പിന്നാലെ സഞ്ചരിച്ച് ഭക്തർ സുരക്ഷിതമായി കടന്നുപോയെന്നുറപ്പാക്കും. സന്നിധാനത്തുനിന്ന് സത്രം ഭാഗത്തേയ്ക്ക് രാവിലെ 11 വരെ ഭക്തരെ കടത്തിവിടും. ഇടയ്ക്കെവിടെയെങ്കിലും വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായാൽ എൻഡിആർഎഫ് സംഘമെത്തി അവരെ ആശുപത്രിയിലേക്ക് മറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. ഉപ്പുപാറയിൽ ആംബുലൻസ് സൗകര്യമടക്കം മെഡിക്കൽ സംഘവും സജ്ജമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.