ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളുമായി തൊടുപുഴയിൽ മൂന്നുപേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങൾ പിടികൂടിയത്. സംഭവത്തിൽ തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോൺസ് (56), ഇഞ്ചിയാനി അഞ്ചിരി കേളത്ത് കുര്യാക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരാണ് പിടിയിലായത്.
പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടുന്നത്. പ്രതിയായ ജോൺസന്റെ ഇഞ്ചിയാനിയിലുള്ള വീട്ടിലാണ് വിപ്പനയ്ക്കായുള്ള ശിൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്.
പ്രതികൾ ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് ശ്രമിക്കുന്നതായി വനം വകുപ്പ് ഇന്റലിജന്റ്സിന് നേരത്തെ വിവരം ചോർന്ന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിൽപ്പങ്ങൾ വാങ്ങാനെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളുമായി ബന്ധപ്പെടുകയായിരുന്നു. വേഷം മാറി വനം വകുപ്പ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥർ പ്രതികളുടെ അടുക്കലെത്തിയ ശേഷമാണ് യഥാർത്ഥ ആനക്കൊമ്പാണെന്ന് ഉറപ്പിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ വിവരം നൽകിയതനുസരിച്ച് കാത്ത് നിന്ന തൊടുപുഴയിലെ ഫ്ലൈയിങ് സ്ക്വാഡ് അംഗങ്ങൾ വീടിനുള്ളിലേക്ക് ഇരച്ച് കയറി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
പുരാവസ്തുക്കളും വിഗ്രഹങ്ങളും ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇവർക്ക് ആനക്കൊമ്പ് ലഭിച്ചതെവിടെ നിന്നാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
English Summary: Three arrested with ivory sculptures
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.