മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) പ്രാഥമിക റിപ്പോർട്ട് നൽകി.വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യവെ മൂന്നു പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് റിപ്പോർട്ടിൽ ഇൻഡിഗോ വ്യക്തമാക്കി
വിമാന ജീവനക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഡിജിസിഎയെ ഇൻഡിഗോ അറിയിച്ചു.ഇൻഡിഗോ വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകിയ റിപ്പോർട്ടിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ റിപ്പോർട്ടിൽ എവിടെയും പേര് പരാമർശിക്കുന്നതേയില്ല
അക്രമികൾ വിമാന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് അഴിച്ചുകളഞ്ഞ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് രോഷപ്രകടനം നടത്തി.ആ സമയം മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നവർ ഇവരെ തടഞ്ഞു. തടഞ്ഞത് തങ്ങളാണെന്ന് പേഴ്സൺ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും പി എ സുനീഷും മൊഴിനൽകിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (പതിനൊന്ന്) തള്ളി. ഈ കോടതിക്ക് വ്യോമയാന നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാംപ്രതിക്കെതിരെ നിലവിൽ 13 കേസുണ്ടെന്നും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. ജില്ലാ കോടതി നിശ്ചയിക്കുന്ന കോടതിക്ക് ഈ കേസ് കൈമാറും. പ്രതികളെ 27 വരെയാണ് റിമാൻഡ് ചെയ്‌തിട്ടുള്ളത്.
English Summary: Three people rushed towards the Chief Minister ‘; Indigo Preliminary Report; No mention against EP
You may alsolike this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.