29 December 2025, Monday

Related news

November 6, 2025
October 18, 2025
October 15, 2025
August 12, 2025
July 11, 2025
June 24, 2025
June 13, 2025
May 30, 2025
May 27, 2025
May 27, 2025

സാങ്കേതികത്തികവാര്‍ന്ന മൂന്ന് കപ്പലുകൾ നീറ്റിലിറക്കി

സ്വന്തം ലേഖകൻ
കൊച്ചി
October 18, 2025 9:26 pm

സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല നാവികസേനയ്ക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്.
രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പൽ നിർമാണം, ഹരിത സമുദ്രഗതാഗതം എന്നിവയിൽ കൊച്ചിൻ ഷിപ്പ്യാർഡ് കരസ്ഥമാക്കിയ എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകൾ.
നാവികസേനയുടെ ശേഖരത്തിലേക്ക് ആറാമത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലാണ് ‘ഐഎൻഎസ് മഗ്ദല’. തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമിച്ച ഈ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലിന് 78 മീറ്റർ നീളവും 896 ടൺ ഭാരവുമാണുള്ളത്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽ നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. കപ്പലിന്റെ ലോഞ്ചിങ് നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥന്റെ പത്നി രേണു രാജാറാം നിർവഹിച്ചു.
ഡ്രഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’. 12,000 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള സക്ഷൻ ഹോപ്പർ ഡ്രഡ്ജറാണിത്. നെതർലൻഡ്സിലെ റോയൽ ഐഎച്ച്സിയുമായി സഹകരിച്ചാണ് നിർമാണം. 127 മീറ്റർ നീളവും 28.4 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. വലിയ ചരക്കുകപ്പലുകൾക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തിൽ തുറമുഖ നവീകരണം, കപ്പൽ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ചിങ് ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യ പ്രതിനിധി ശിരോഭൂഷണം സുജാത നിർവഹിച്ചു.
തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിങ്, സർവീസ്, മറ്റു പ്രവൃത്തികൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾറെഡി കമ്മീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ. ഭാവിയിൽ മെഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 13 നോട്ടിക്കൽ മൈൽ വേഗതയുള്ള കപ്പലിന് 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമാണുള്ളത്. കാർബണിന്റെ പുറംതള്ളൽ കുറയ്ക്കുന്നതിനാവശ്യമായ ക്ലീനർ എനർജി സംവിധാനങ്ങളോടെ രൂപകൽപ്പന ചെയ്ത ഈ കപ്പൽ ഓഫ്ഷോർ സാങ്കേതിക വിദഗ്ദ്ധർക്കുള്ള ഒരു ഫ്ലോട്ടിങ് ഹോട്ടലായും ഉപയോഗിക്കാം. ലോഞ്ചിങ് കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി കാശിവിശ്വനാഥന്റെ പത്നി വസന്ത നിർവഹിച്ചു.
നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥൻ, കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി കാശിവിശ്വനാഥൻ, ഡ്രഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം അംഗമുത്തു ഐഎഎസ്, പെലാജിക് വിൻഡ് സർവീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ്, കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നാവികസേനയിലെയും കൊച്ചി കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.