ഏറെ വിവാദമായ തൃശൂർ പൂരം വെടിക്കെട്ടിനെ കുറിച്ച് ബിജെപിയുടെ സംസ്ഥാന നേതാക്കൾ പറഞ്ഞ വാദങ്ങൾ തിരുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചേലക്കര ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തല്‍.
തൃശൂർ പൂരത്തിനിടെ ഉണ്ടായ പ്രശ്നങ്ങള്‍ അറിഞ്ഞ് താൻ ആംബുലൻസിലല്ല സ്വകാര്യ വാഹനത്തിലാണ് അങ്ങോട്ട് പോയതെന്നാണ് സുരേഷ്ഗോപിയുടെ വ്യഖ്യാനം. എന്നാൽ ബിജെപി നേതാക്കൾ ഇന്നലെവരെ പറഞ്ഞിരുന്നത് തെരഞ്ഞെടുപ്പ് പര്യടനത്തെ തുടർന്ന് ശാരീരിക അവശതയിലായ സുരേഷ്ഗോപിയെ പ്രശ്നം പരിഹരിക്കാൻ ആംബുലൻസിൽ നിർബന്ധിച്ച് പൂരം നഗരിയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ്. ഇതോടെ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ പങ്ക് കൂടുതല്‍ പുറത്തുവരികയാണ്.
പൂരം കലക്കലില്‍ ബിജെപിക്കും എഡിജിപിക്കും പങ്കുണ്ടെന്ന സിപിഐയുടെ വാദത്തിന് സുരേഷ് ഗോപിയുടെ ഇന്നലത്തെ പ്രസംഗത്തോടെ പ്രസക്തി വര്‍ധിക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പൂരനഗരിയിലെത്തിയതെന്ന് വിചിത്ര വാദമാണ് ഇന്നലെ കേന്ദ്രമന്ത്രി ഉയര്‍ത്തിയത്. എന്നാല്‍ സുരേഷ് ഗോപി ആംബുലസില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ആംബുലന്‍സ് ഇത്തരം ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും ജോയിന്റ് ആര്‍ടിഒയ്ക്കും പരാതിയും നല്‍കിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതും സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്നാണ്. ഇവർക്കിടയിലുള്ള രൂക്ഷമായ ഭിന്നത കൂടിയാണ് ഈ സന്ദര്‍ഭത്തില്‍ പുറത്തുവരുന്നത്. കേന്ദ്രസർക്കാര്‍ ഏജന്‍സിയായ പെസോയുടെ വെടിക്കെട്ട് നിയന്ത്രണത്തെക്കുറിച്ച് സുരേഷ് ഗോപി പ്രസംഗത്തില്‍ ഒരക്ഷരം പറയാന്‍ തയ്യാറായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.