
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒരുവർഷത്തിനകം മൂന്നുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. സ്ത്രീകൾക്ക് വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി സംരംഭ രൂപീകരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി വരുമാന വർധനവാണ് ലക്ഷ്യം. കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിശ്വസിച്ച് ഏത് ദൗത്യവും ഏൽപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മിയാമി കൺവെൻഷൻ സെന്ററിൽ കുടുംബശ്രീ സിഡിഎസ് അധ്യക്ഷമാരുടെ സംഗമം ‘ഒന്നായി നമ്മൾ’ സംസ്ഥാനതല ഉദ്ഘാടനവും സിഡിഎസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് കടന്നുവരാൻ അവസരമൊരുക്കിയതും അതിദാരിദ്ര്യ നിർമ്മാർജനത്തിന് വഴിയൊരുക്കിയതും കുടുംബശ്രീയാണ്. നിരവധി മാതൃകാ പദ്ധതികൾ കുടുംബശ്രീയുടെ കാര്യപ്രാപ്തിക്ക് ഉദാഹരണമാണ്.
സ്ത്രീധനം പോലുള്ള സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താൻ അംഗങ്ങൾ മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി. ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സിസി പ്രത്യേക അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി പ്രമീള, കെ പി സുനിൽകുമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.