18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024

കടപ്പത്രം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്; 6.61 ലക്ഷം കോടി കടം

പ്രത്യേക ലേഖകൻ
ന്യൂഡല്‍ഹി
September 26, 2024 11:43 pm

സംസ്ഥാനങ്ങളുടെ കടപരിധിയില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാര്‍ 6.61 ലക്ഷം കോടി വായ്പയെടുക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയിലേക്കാണ് ഈ തുക. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും വരുമാന വിടവ് നികത്തുന്നതിനും വേണ്ടിയാണ് കടപ്പത്രം വഴി വായ്പയെടുക്കുന്നതെന്ന് മോഡി സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
2024 ഒക‍്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ഇത്രയും തുക സമാഹരിക്കാന്‍ പദ്ധതിയിടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ‍്പാ പരിധി ഉയര്‍ത്താതെയും അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചും ദ്രോഹിക്കുന്ന കേന്ദ്രനിലപാടിനെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയരുന്നതിനിടെയാണ് പുതിയ നീക്കം.
2024–25 ബജറ്റില്‍ 14.01 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് കടമെടുക്കാനാണ് തീരുമാനിച്ചത്. ഇതില്‍ 6.61 ലക്ഷം കോടി രൂപ (47.2ശതമാനം)യാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ കടപ്പത്ര വില്പനയിലൂടെ സമാഹരിക്കുന്നത്. ഇതില്‍ 20,000 കോടി പരിസ്ഥിതിക്ക് ഗുണകരമായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായാണ് സമാഹരിക്കുന്നതെന്ന് ധനമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൊത്ത വിപണിയില്‍ നിന്ന് 21 ആഴ്ചകൊണ്ട് 6.61 ലക്ഷം കോടി രൂപ കടമെടുക്കാനാണ് തീരുമാനം. 

കേന്ദ്രസർക്കാരിന്റെ പൊതുകടം 185 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജിഡിപിയുടെ 56.8 ശതമാനമാണ്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം 171.78 ലക്ഷം കോടിയായിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നുള്ള പൊതുകടം 205 ലക്ഷം കോടിയാണെന്നും ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 81 ശതമാനമാണെന്നും നേരത്തെ കണക്കുകള്‍ പുറത്തുവന്നിരുന്നു. മൊത്തം കടത്തിന്റെ 76 ശതമാനം കേന്ദ്രസര്‍ക്കാരിന്റേതാണെന്നും ഇന്ത്യ ബോണ്ട്‌സ് ഡോട്ട്‌കോം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടബാധ്യത 50.18 കോടി രൂപയാണ്. അതായത് രാജ്യത്തിന്റെ മൊത്തം കടബാധ്യതയുടെ 24.4 ശതമാനത്തോളം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധനവും രാജ്യത്തിന്റെ കടബാധ്യതയുടെ ആഘാതം വർധിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് 40 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് 20 ശതമാനവും കടം-ജിഡിപി അനുപാതമാണ് സാമ്പത്തിക വിദഗ്ധര്‍ വിഭാവനം ചെയ്തിരിക്കുന്നത്. കടപരിധി ഉയര്‍ത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാധ്യത വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുക്കാറില്ല. 

നേരത്തെ കടം സംബന്ധിച്ച് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഉൾപ്പടെയുള്ള പൊതുകടം മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 100 ശതമാനത്തിന് മുകളിൽ എത്തുമെന്നായിരുന്നു ഐഎംഎഫ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഐ‌എം‌എഫ് റിപ്പോർട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.