
പൂച്ച വർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ. ഓരോ പ്രദേശം അനുസരിച്ച് അതിന്റെ ഭാരം മാറുമെങ്കിലും സൈബീരിയന്‍ കടുവയുടെ ഭാരം ഉദ്ദേശം 180 — 306 കിലോ വരെയാണ്. ഇതിലെ ആൺ കടുവകൾക്ക് 12 അടി നീളവും 3.03 അടി ഉയരവും ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ ഏറ്റവും വലുത് ബംഗാൾ കടുവകളാണ്. സാധാരണ ഒരു കടുവയ്ക്ക് 6–8 കിലോ ഇറച്ചി ഒരു ദിവസം ആവശ്യമുണ്ട്. ഒരു മാനിനെ വേട്ട ചെയ്താൽ (ഉദ്ദേശം 50–150 കിലോ ഭാരം) ഒരിരിപ്പിൽ 20–25 കിലോ ഇറച്ചി ഭക്ഷിച്ച് ബാക്കി പിന്നീട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതായത് വേട്ടയാടിയ മൃഗത്തിന്റെ ശരീര ഭാരത്തിൽ 50–60 ശതമാനം വരെ മാത്രമാണ് ഭക്ഷിക്കുന്നത്. ഒരു കടുവയ്ക്ക് ഒരു വർഷം ആവശ്യമായത് 2200–2500 കിലോ ഇറച്ചിയാണ് (ദിവസം 6–8 കിലോ). അങ്ങനെ വന്നാൽ ഒരു കടുവയ്ക്ക് ഒരു വർഷം വേണ്ടത് 50 മാനുകളെയാണ്.
കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയെയാണ് വേട്ടയാടുന്നതെങ്കിൽ അതിന്റെ ഭാരത്തിനനുസരിച്ച് എണ്ണത്തിലും കുറവ് വരുന്നതാണ്. സിംഹത്തെ അപേക്ഷിച്ച് കടുവകൾ കൂടുതലും നിബിഡ വനങ്ങളിലാണ് വസിക്കുന്നത്. സാധാരണ വനപ്രദേശങ്ങളിലേക്കും വനത്തോട് ചേർന്ന പ്രദേശങ്ങളിലേക്കും ഇറങ്ങാനുള്ള മുഖ്യ കാരണങ്ങൾ വനനശീകരണം, അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന നഷ്ടങ്ങൾ, വേട്ടയാടാനുള്ള മൃഗങ്ങളുടെ എണ്ണത്തിലെ കുറവ്, അവരുടേതായുള്ള ഒരു പ്രദേശത്ത് (ടെറിട്ടറിയിൽ) നിന്നും പിൻതള്ളപ്പെടൽ, ഒറ്റപ്പെടൽ, അനാരോഗ്യം, മുറിവ് കാരണം വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ശേഷിയില്ലാതാകൽ, കാലാവസ്ഥാ വ്യതിയാനംമൂലം അവയുടെ വേട്ടയാടപ്പെടേണ്ട മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെ നിരവധിയുണ്ട്. കടുവകൾക്ക് മനുഷ്യന്റെ ഇറച്ചിയോട് പ്രതിപത്തി വളരെ കുറവാണ്. എന്നിരുന്നാലും നരഭോജി കടുവകൾ ഇന്ത്യയിലും ലോകത്തും ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അതിനുള്ള കാരണങ്ങൾ ഭക്ഷിക്കാൻ മൃഗങ്ങളെ കിട്ടാതെ വരുന്ന അവസ്ഥയിൽ മാത്രമാണ്. അതിന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വേളയിൽ എന്നിങ്ങനെ ഘട്ടങ്ങളില്‍ മനുഷ്യൻ മുന്നിൽ പെട്ടാൽ അത് വളരെ തീവ്രമായി ആക്രമിച്ചേക്കാം. നരഭോജി കടുവകളുടെ കാര്യമെടുത്താൽ മുന്നിൽ നിൽക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ 40 പേരുടെ ജീവനെടുത്ത ചാബാവാറ്റ് എന്ന പേരുള്ള പെൺ കടുവയാണ്. നേപ്പാളിൽ മനുഷ്യനെ ആക്രമിച്ചുകൊന്ന ആ കടുവയെ അവിടുത്തെ വേട്ടക്കാരും നേപ്പാൾ ആർമിയും കൂടി ഓടിച്ചപ്പോൾ ഇന്ത്യയിലേക്ക് വന്ന് ഉത്തരാഖണ്ഡിലെ ചാബാവാറ്റ് ജില്ലയിലെത്തുകയായിരുന്നു. അവിടെ മനുഷ്യരെ ആക്രമിച്ച് കൊന്നുകൊണ്ടിരുന്ന ആ കടുവയെ ഒഴിവാക്കാൻ ജിംകോർബറ്റിനെ വിളിച്ചുവരുത്തുകയായിരുന്നു. അങ്ങനെ ആ കടുവയെ ചാബാവാറ്റിൽ വച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വന്യജീവികളുടെ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന ഒരു വക്താവായി മാറുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രമായ കോർബറ്റ് നാഷണൽ പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു. ജിം കോർബറ്റ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ നരഭോജി കടുവകളെ പറ്റി വിവരിക്കുന്നുണ്ട്. മുറിവേറ്റ് വന്യമൃഗങ്ങളെ വേട്ടയാടാനാകാത്തതും അവയുടെ ആവാസ വ്യവസ്ഥയിൽ വേട്ടയാടാനുള്ള മൃഗങ്ങളുടെ കുറവുമാണ് ഇത്തരത്തിൽ അവ നരഭോജികളാകുന്നത് എന്നാണ് പറയുന്നത്.
ഇന്ത്യയിൽ 2018 മുതൽ 2024 വരെ കടുവ ആക്രമണത്തിലായി 306 മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിൽ 170 എണ്ണം മഹാരാഷ്ട്രയിലാണ്. കേരളത്തിൽ എട്ട് പേർക്കാണ് കഴിഞ്ഞ 10 വർഷത്തിലായി വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ടത്. 2022ലെ കണക്കനുസരിച്ച് കേരളത്തിൽ 213 കടുവകളാണുള്ളത്. 2018ലെ 190ൽ നിന്ന് 23 എണ്ണത്തിന്റെ വർധന, കടുവകളിൽ കൂടുതലും പെരിയാർ, പറമ്പികുളം കടുവാ സങ്കേത കേന്ദ്രങ്ങളിലാണ്. വയനാട്ടിൽ 2018 ലെ 128ല്‍ നിന്നും 2022ല്‍ 84 ആയി കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്. പക്ഷെ യാഥാർത്ഥ്യം ഇതാണോ എന്ന് വയനാട്ടിൽ ഉണ്ടാകുന്ന കടുവകളുടെ ആക്രമണത്തിന്റെ തോത് മനസിലാക്കിയാൽ സംശയം ജനിപ്പിക്കുന്നു. ആ അവസരത്തിൽ വേണം വയനാട്ടിൽ ഉണ്ടാകുന്ന കടുവാ ആക്രമണത്തിന്റെ കാഠിന്യത്തെപ്പറ്റി ഒരു പുനർചിന്തനം വേണ്ടിവരുന്നത്. കണക്കുകൾ പ്രകാരം കേരളത്തിലെ വനങ്ങളിൽ 7225 മാൻ വർഗത്തിലെ മൃഗങ്ങൾ, 2000–2500 കാട്ടുപോത്ത്, 58,000 കാട്ടുപന്നി ഉള്ളതായാണ് പറയപ്പെടുന്നത്.
കൂടാതെ മുയൽ, മുള്ളൻപന്നി തുടങ്ങിയ ചെറു ജീവികളും. ഇതിൽനിന്നാണ് വനത്തിലെ എല്ലാ മാംസഭുക്കുകൾക്കും ഭക്ഷണം കണ്ടെത്തേണ്ടത്. അപ്പോൾ വയനാട്ടിലെ കടുവകൾ നരഭോജികൾ ആകുന്നോ, അല്ലായെങ്കിൽ അവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേയ്ക്ക് എങ്ങനെ കൂടുതലായി എത്തപ്പെടുന്നു? ഇതിനുള്ള കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, വേട്ടയാടാനുളള വന്യമൃഗങ്ങളുടെ കുറവ്, പ്രായവും രോഗവും മുറിവേറ്റതുമായ കടുവകളുടെ എണ്ണം വർധിക്കുന്നുണ്ടോ, നിബിഡ വനങ്ങൾ കുറയുന്നുണ്ടോ, അധീന പ്രദേശങ്ങളിലെ മത്സരം വർധിക്കുന്നുണ്ടോ എന്നിവ പരിശോധിക്കപ്പെടേണ്ടതുണ്ട്. വന്യമൃഗ പ്രശ്നം ഒരു രാഷ്ട്രീയ പരിഹാര പ്രശ്നമല്ല മറിച്ച് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാതെ ഇതിൽ ആർക്കും ഒന്നും ചെയ്യാനുമാകില്ല. അതുകൊണ്ടുതന്നെ ഇതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി അതിനുള്ള പരിഹാരം കാണുക മാത്രമേ നിവൃത്തിയുള്ളു. (ലേഖകൻ കേരളത്തിലെ ആദ്യ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറായിരുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.