
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ് പുറത്തായ വാഷിങ്ടൺ സുന്ദർ, തിലക് വർമ എന്നിവർക്ക് പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും ടീമിലെത്തി. ഫെബ്രുവരി ഏഴിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വയറുവേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വര്‍മയ്ക്ക് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളാണ് നഷ്ടമാകുക.
ഈ സാഹചര്യത്തിലാണ് തിലകിന് പകരക്കാരനായി ശ്രേയസ് അയ്യർ ടീമിലെത്തിയത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം തിലകിന്റെ കായികക്ഷമത പരിശോധിച്ച ശേഷമായിരിക്കും അവസാന രണ്ട് മത്സരങ്ങളിൽ ആര് കളിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. തിലക് പൂര്‍ണ ഫിറ്റല്ലെങ്കില്‍ ശ്രേയസ് അയ്യർ തന്നെ ടീമിൽ തുടരും. അതേസമയം, വാരിയെല്ലിന് പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം എത്തിയ രവി ബിഷ്ണോയി പരമ്പരയിലുടനീളം ടീമിനൊപ്പമുണ്ടാകും.
സ്പിൻ നിരയ്ക്ക് കൂടുതൽ കരുത്ത് പകരാൻ ബിഷ്‌ണോയിയുടെ സാന്നിധ്യം ടീമിന് സഹായകമാകും. ലോകകപ്പ് പദ്ധതികളിൽ തിലക് വർമയ്ക്കും വാഷിങ്ടൺ സുന്ദറിനും തന്നെയാണ് ബിസിസിഐ മുൻഗണന നൽകുന്നത്. നിലവിൽ ഹൈദരാബാദിൽ വിശ്രമത്തിലുള്ള തിലകിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. ലോകകപ്പിന് മുൻപ് ടീമിന്റെ കരുത്ത് പരീക്ഷിക്കാനുള്ള അവസാന അവസരമായതിനാൽ ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ്.
ഇന്ത്യൻ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്ണോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.