15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023

രണ്ടാമനായും ഒന്നാമനായും കാലം

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
July 18, 2023 10:44 pm

നീണ്ട കാലം സ്വന്തം പ്രസക്തി തെളിയിക്കുകയും കേരള രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത നേതാവാണ് ഉമ്മൻചാണ്ടി. പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്കൂളിലെ ഒരണസമരത്തിലൂടെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ബാല്യമുഖം കൊള്ളുകയും പിന്നീട് കെ എസ് യു സംസ്ഥാന പ്രസിഡന്റായി തുടങ്ങി പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായുമെല്ലാം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി നിലപാടിനാലും രാഷ്ട്രീയത്തിനാലും കോൺഗ്രസ് പാർട്ടിയെ ഏറെ സ്വാധീനിച്ചു. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻചാണ്ടി ആദ്യമായി കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്, പുതുപ്പള്ളിയില്‍ നിന്ന്. ഒരണ സമരത്തിലൂടെ ഉയർന്ന ആദ്യ നേതാവാണ് വയലാർ രവി. തൊട്ടുപിന്നാലെ എ കെ ആന്റണി, അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടി. കെ എസ് യുവിനും യൂത്ത് കോൺഗ്രസിനും പുതിയ ആദർശങ്ങളിൽ അധിഷ്ഠിതമായ സംഘടനാരൂപം നൽകിയത് എം എ ജോൺ ആയിരുന്നു. ഉമ്മന്‍ചാണ്ടിയാകട്ടെ എക്കാലവും ആന്റണിക്കു തൊട്ടുതാഴെ നിന്നു. സംഘടനയിലും ഭരണത്തിലും താക്കോൽ സ്ഥാനങ്ങൾ യുവാക്കൾ കൈക്കലാക്കണമെന്ന് അക്കാലത്ത് ക്യാമ്പുകളിലും സ്റ്റഡി ക്ലാസുകളിലും ആഹ്വാനം ഉയര്‍ന്നു. മുതിർന്നനിര നേതാക്കളെ വെട്ടിമാറ്റി യുവനേതൃനിര കോൺഗ്രസിൽ ഉയർന്നുവന്നു. എ. കെ ആന്റണി മുന്നിൽ തൊട്ടുപിന്നാലെ രണ്ടാമനായി ഉമ്മൻ ചാണ്ടി.

ആന്റണിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് രൂപമെടുക്കുന്നതും കരുണാകരന്റെ നേതൃത്വത്തില്‍ ശക്തമായ മറുചേരി വളരുന്നതും കേരള രാഷ്ട്രീയം പിന്നീടു കണ്ടു. അപ്പോഴെല്ലാം ആന്റണി മുന്നിൽനിന്നു പട നായകനായി. തൊട്ടുപിന്നിൽ മാര്‍ച്ചട്ട പോലെ ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. രണ്ടാമനായിത്തന്നെ. ആന്റണിക്ക് എല്ലാറ്റിനും വളമിട്ട്. യു ഡി എഫിനു തുടക്കം കുറിച്ചത് കരുണാകരനാണ്. അതിനദ്ദേഹത്തിനു തുണയായത് കേരള കോൺഗ്രസും മുസ്ലിം ലീഗും. മലബാർ പ്രദേശത്ത് മുസ്ലിം ലീഗും മധ്യകേരളത്തിൽ കേരളാ കോൺഗ്രസും മുന്നണിക്ക് അടിത്തറയായി. കരുണാകരൻ ഒരുവശത്ത് കെ എം മാണിയെയും മറുവശത്ത് പി കെ കുഞ്ഞാലിക്കുട്ടിയെയും തുണയായി നിർത്തി. കരുണാകരപക്ഷവും ആന്റണി പക്ഷവും ഏറ്റുമുട്ടിക്കൊണ്ടിരുന്നുവെങ്കിലും ഒന്നിടവിട്ട കൃത്യമായ ഇടവേളകളിൽ കോൺഗ്രസിന് ഭരണം കിട്ടി. 1991ൽ വീണ്ടും ഭരണം യുഡി എഫിന്, കരുണാകരൻ മുഖ്യമന്ത്രി. 

മുഖ്യമന്ത്രി കരുണാകരൻ എക്കാലവും പേടിച്ചത് കോൺഗ്രസിനുള്ളിൽ തനിക്കെതിരേ ഉയർന്നുകൊണ്ടിരുന്ന കരുനീക്കങ്ങളെയായിരുന്നു. 1994ലെ ഐ എസ് ആർ ഒ ചാരക്കേസ് കോൺഗ്രസിനുള്ളിൽ സംഘർഷം വളർത്തി. മകന്‍ മുരളിയെച്ചൊല്ലി കരണാകരന്റെ സ്വന്തം ചേരിയിൽ മുറുമുറുപ്പുയർന്നു. ജി കാർത്തികേയൻ, എം ഐ ഷാനവാസ്, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ തിരുത്തൽവാദി സംഘം രൂപംകൊണ്ടു. ഇവര്‍ പിന്നീട് ആന്റണി പക്ഷത്തോടു ചേർന്നു. കരുണാകരനെതിരേയുള്ള നീക്കം ശക്തമായി. എല്ലാറ്റിനും അണിയറയിൽ നിന്നു ചുക്കാൻ പിടിച്ചത് ഉമ്മൻ ചാണ്ടി. ആദ്യം പി. കെ കുഞ്ഞാലിക്കുട്ടിയുമായി ധാരണയിലെത്തി അദ്ദേഹം. പിന്നീട് കെ. എം മാണി, ടി. എം ജേക്കബ് എന്നിങ്ങനെ. അവസാനം കരുണാകരനോടൊപ്പം നിൽക്കാനുണ്ടായിരുന്നത് സി. എം പി നേതാവ് എം. വി രാഘവൻ മാത്രം. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്ന് കരണാകരന്റെ പ്രധാന അനുയായികളിൽ ചിലരെക്കൂടി അടർത്തിയെടുത്ത് ഉമ്മൻ ചാണ്ടി കരുണാകരനെ ഒറ്റപ്പെടുത്തി. പ്രധാനമന്ത്രി പി. വി നരസിംഹ റാവുവും അകന്നതോടെ മുഖ്യമന്ത്രി കരുണാകരൻ തികച്ചും നിസഹായനായി. 

1995 മാർച്ച് 16ന് കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ എ കെ ആന്റണി മുഖ്യമന്ത്രിയായി. 1969ൽ കരുണാകരൻ തുന്നിക്കൂട്ടിയ യുഡിഎഫ് മുന്നണിയുടെ നേതൃത്വം ഉമ്മൻ ചാണ്ടിയുടെ കൈകളിലമർന്നു. 2001ൽ എ കെ ആന്റണി മുഖ്യമന്ത്രിയായി. പക്ഷേ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. എക്കാലത്തും ആന്റണിക്കു താഴെ രണ്ടാമനാകാൻ വിധിക്കപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടി അങ്ങനെ ഒടുവിൽ ഒന്നാമനായി. മുഖ്യമന്ത്രിയായപ്പോഴും ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ആർക്കും രാപകലന്യേ അദ്ദേഹത്തെ സമീപിക്കാമായിരുന്നു. എന്തും പറയാമായിരുന്നു. എവിടെ ചെന്നാലും ജനങ്ങൾ ഉമ്മൻ ചാണ്ടിയെ പൊതിയും. സങ്കടങ്ങൾ നിരത്തും. നിവേദനങ്ങൾ നൽകും. കേള്‍ക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. അങ്ങനെ ജനങ്ങളെ കേട്ട് ഓടിനടന്ന് അവരെ കണ്ട് അവർക്കുവേണ്ടി രാഷ്ട്രീയം പൊരുതി ആ നേതാവ്.

Eng­lish Summary:Time to be sec­ond and first

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.