23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ശരണഘോഷങ്ങള്‍ അകമ്പടി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

സ്വന്തം ലേഖകന്‍
 പന്തളം
January 12, 2025 10:24 pm

ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കം. മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ക്ഷേത്രത്തിലെത്തിച്ചു. 11.15ന് ഘോഷയാത്രയ്ക്കുള്ള ആചാരപ്രകാരമുള്ള ചടങ്ങുകളാരംഭിച്ചു. പന്തളം ഇളമുറത്തമ്പുരാൻ അവിട്ടം നാൾ രവിവർമ്മ, രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ എന്നിവരെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് ജീവനക്കാരും ചേർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും സ്വീകരിച്ചു.

12.15ന് സംഘത്തിന് ഇളമുറത്തമ്പുരാൻ ഭസ്മം നല്കി അനുഗ്രഹിച്ചതോട പ്രത്യേക പൂജകൾക്കായി ക്ഷേത്ര നട അടച്ചു. 12.45ന് ക്ഷേത്ര മേൽശാന്തി പൂജിച്ചുനല്കിയ ഉടവാൾ ഇളമുറത്തമ്പുരാൻ രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേൽശാന്തി പേടകത്തിന് നീരാജ്ഞനമുഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കി. കൊട്ടാരം കുടുംബാംഗങ്ങൾ തിരുവാഭരണങ്ങൾ അടങ്ങിയ പേടകം കിഴക്കേനടയിൽ ഗുരുസ്വാമിയുടെ ശിരസിലേറ്റിയതോടെ തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി. കലശക്കുടവും വെള്ളിയാഭരണങ്ങളുമടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ഗുരുസ്വാമിയെ അനുഗമിച്ചു. ഇരുമുടിക്കെട്ടേന്തിയ നൂറ് കണക്കിന് അയ്യപ്പന്മാരും ഘോഷയാത്രയെ അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിച്ചു. അടൂർ ഡിവൈഎസ‌്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ, എംഎൽഎമാരായ പ്രമോദ് നാരായണൻ, ചാണ്ടി ഉമ്മൻ, പന്തളം നഗരസഭാധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാളെ ഉച്ചയ്ക്ക് നീലിമലയിലെത്തുന്ന ഘോഷയാത്രാസംഘം അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.