
പനത്തടി ഗ്രാമപഞ്ചായത്ത് കമ്മാടി ഉന്നതിയിലെ 10 കുടുംബങ്ങൾക്ക് സുരക്ഷയുടെ വീട് ഒരുങ്ങുന്നു. കാലങ്ങളായി പത്തു കുടി കുന്നിൻ ചെരുവുകളിൽ താമസിക്കുന്ന ഇവർക്ക് മഴക്കാലം എന്നും ഒരു പേടി സ്വപ്നം ആയിരുന്നു. തോട് കടന്നു വേണം പ്രാദേശത്തേക്ക് എത്തി ചേരാൻ എന്നത് കൊണ്ട് തന്നെ മഴ കടുക്കുന്നത്തോടെ പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായും നശിക്കും. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതിയും നഷ്ടപ്പെടും. അതിനാൽ എല്ലാ വർഷവും മഴക്കാലങ്ങളിൽ അടുത്തുള്ള കമ്മ്യൂണിറ്റി ഹാളുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. 2022 ൽ അന്നത്തെ ജില്ലാ കളക്ടർ കാലവർഷക്കാലത്ത് പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് പ്രദേശത്തെ 10 കുടുംബങ്ങളെ സ്ഥിരമായി പുനരധിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായത്.
തുടർന്ന് 2022 ഡിസംബറിൽ പ്രദേശത്തു നിന്ന് നാല് കിലോമീറ്റർ മാറി ഭാട്ടോളി എന്ന സ്ഥലത്ത് ഭൂമി കണ്ടെത്തുകയും ഓരോ കുടുംബത്തിനും ആറ് സെന്റ് വീതം ഭൂമി നൽകാൻ തീരുമാനം ആവുകയും ചെയ്തു. ഈ 10 കുടുംബങ്ങളും സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ആദിവാസ പുനരധിവാസ മിഷനിൽ നിന്നും ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപ അനുവദിച്ചു. വാർഡ് മെമ്പർ ചെയർമാനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു കിടപ്പുമുറികൾ, വരാന്ത, ഹാൾ, അടുക്കള, ശുചിമുറി, വർക്ക് ഏരിയ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ജൂൺ 21 ന് നടക്കുന്ന ചടങ്ങിൽ പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു കുടുംബങ്ങൾക്ക് വീട് കൈമാറുമെന്ന് പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഇൻ ചാർജ് കെ മധുസൂദനൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.