20 February 2026, Friday

Related news

February 20, 2026
February 19, 2026
February 12, 2026
February 11, 2026
February 9, 2026
February 6, 2026
February 4, 2026
February 2, 2026
January 30, 2026
January 29, 2026

എസ്ഐആറില്‍ ജനപ്രാതിനിധ്യനിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം; ബിനോയ് വിശ്വം കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
February 2, 2026 6:16 pm

2002ലെ എസ്ഐആർ വോട്ടർ പട്ടികയിൽ പേരുള്ള യോഗ്യരായ ഒരു വോട്ടറെപ്പോലും പുതുക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കടമയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കുമ്പോൾ ഒഴിവാക്കപ്പെടുന്ന വ്യക്തികൾക്ക് ഗുരുതരമായ സിവിൽ അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്. അതിനാൽ, എസ്ഐആർ നടപടിക്രമങ്ങൾ നടത്തുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മിഷൻ 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20 യാതൊരു ലഘൂകരണവുമില്ലാതെ കർശനമായി പാലിക്കണം. 

2002 ലെ എസ്ഐആറിൽ പേരുള്ള മത്സ്യത്തൊഴിലാളികൾ, കൂലിപ്പണിക്കാർ, താഴ്ന്ന വിഭാഗം ജനങ്ങൾ എന്നിവരിൽ ഭൂരിഭാഗവും അഞ്ച്, ആറ് ക്ലാസുകളിൽ എത്തിയ ശേഷം പഠനം നിർത്തിയവരാണ്. അത്തരം ആൾക്കാർക്ക് സ്കൂളിൽ ചേരുന്ന സമയത്ത് ജനന സർട്ടിഫിക്കറ്റ് ആവശ്യമില്ലായിരുന്നു. അതിനാൽ അവരുടെ കൈവശം ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസ് പഠന സർട്ടിഫിക്കറ്റ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഇല്ല എന്ന കാരണത്താൽ അവർക്ക് പട്ടികയിൽ ചേരാൻ കഴിയുന്നില്ല. അത്തരമൊരു വിപരീത സാഹചര്യത്തിൽ, 2002 ലെ പട്ടികയിൽ ഉണ്ടായിരുന്ന പലരും 2026 ലെ പട്ടികയിൽ തങ്ങളുടേതായ കാരണം കൊണ്ടല്ലാതെ വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോകുന്നു. ഇത് ശരിയല്ല. പേര് ചേർക്കാൻ പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ മാത്രം വോട്ടർ പട്ടികയിൽ ഇടം ലഭിക്കാത്ത സാഹചര്യം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ക്രമത്തിന് അപമാനമാണ്. അത് തിരുത്തുക തന്നെ വേണം. 

സംസ്ഥാനത്തെ അർഹരായ ഓരോ പൗരനെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായതും സാധ്യമായതുമായ എല്ലാ നടപടികളും കമ്മിഷൻ സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയത്തെ തുറന്ന മനസോടെ സമീപിക്കണമെന്നും മുഴുവൻ പ്രക്രിയയിലും സുതാര്യതയും നീതിയും ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ഉറപ്പു വരുത്താൻ വേണ്ടതായ തിരുത്തൽ നടപടികൾ എല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.