22 December 2024, Sunday
KSFE Galaxy Chits Banner 2

തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിൽ നിന്ന് ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക്

ഡി രാജ
സിപിഐ ജനറല്‍ സെക്രട്ടറി
December 5, 2021 6:30 am

‘ജനാധിപത്യം മരിക്കുന്നത് പട്ടാളമേധാവികളാലല്ല, തങ്ങളെ അധികാരത്തിലെത്തിച്ച പ്രക്രിയയെ അട്ടിമറിക്കുന്ന പ്രസിഡന്റുമാരോ പ്രധാനമന്ത്രിമാരോ ആയ നേതാക്കളാൽ ആണ്. 1933 ൽ ജർമ്മനിയിലെ റീച്ച്സ്റ്റാഗ് അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഹിറ്റ്ലർ ചെയ്തതുപോലെ, ഈ നേതാക്കളിൽ ചിലർ ജനാധിപത്യത്തെ വേഗത്തിൽ ഇല്ലാതാക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ പതുക്കെപ്പതുക്കെ ജനാധിപത്യം സ്വയം അപ്രത്യക്ഷമാകുന്നതും കാണാം’. സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാറ്റും ഇങ്ങനെ എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ഈ കുറിപ്പ് ഏറെ പ്രസക്തമാണ്. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പിയായ ഡോ. ബി ആര്‍ അംബേദ്കറുടെ കാഴ്ചപ്പാടിൽ പാർലമെന്റാണ് പരമോന്നത സ്ഥാപനം. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്കായി ചർച്ച ചെയ്യാനും സംവാദം നടത്താനും നിയമനിർമ്മാണങ്ങൾ നടത്താനുമുള്ള ഒരു വേദിയാണിത്. നല്ല ഭരണം ഉറപ്പാക്കാനും സർക്കാരിനെയും എക്സിക്യൂട്ടീവിനെയും പാർലമെന്റിനോടും അതുവഴി രാജ്യത്തെ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാക്കാനും പാർലമെന്റിന് നിരവധി സംവിധാനങ്ങളുമുണ്ട്. ബിജെപി-ആർഎസ്എസ് ഭരണകൂടം അധികാരത്തിലെത്തിയതു മുതൽ ഭരണഘടനയെയും ജനാധിപത്യത്തെയും നിരന്തരം അട്ടിമറിക്കുകയാണ്. അവർക്ക് പാർലമെന്റ് അനാവശ്യമായ സംവിധാനമാണ്. അവർ ഭരണഘടനാപരമായ ജനാധിപത്യ രീതികളെ തുരങ്കം വയ്ക്കുന്നത് എങ്ങനെയെന്ന് സമീപകാല ഉദാഹരണങ്ങൾ കാണിക്കുന്നു. മൂന്ന് കാർഷികബില്ലുകളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ കർഷകർ എതിർപ്പുമായി രംഗത്തുവരികയും കഴിഞ്ഞ ഒരു വർഷമായി കരിനിയമങ്ങൾക്കെതിരെ നിരന്തരമായ പ്രക്ഷോഭം നടത്തുകയും ചെയ്തു. പാർലമെന്റിൽ ഒരു ചർച്ചയും കൂടാതെയാണ് ഈ നിയമങ്ങൾ അവതരിപ്പിക്കുകയും നിയമമാക്കുകയും ചെയ്തത്. അതേരീതിയിൽ പാർലമെന്റിൽ ഒരു ചർച്ചയും കൂടാതെ ഈ നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. സർക്കാരിനെയും അതിന്റെ അപകടകരമായ കാഴ്ചപ്പാടിനെയും എതിർക്കുന്നത് ക്രിമിനൽക്കുറ്റമായി കണ്ട് അടിച്ചമർത്തുന്നു. ജനാധിപത്യ വിരുദ്ധമായ യുഎപിഎ പോലുള്ള നിയമങ്ങൾ പ്രയോഗിക്കുന്നു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ കൂട്ടായ നയരൂപീകരണത്തിനുള്ള വേദിയായ പാർലമെന്റ് പ്രതികാരവാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ദൃശ്യമാണ് വിവിധ പാർട്ടികളിൽപ്പെട്ട 12 പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്ത നടപടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തുരങ്കം വയ്ക്കുമ്പോൾ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണത്തിൻ കീഴിൽ ജർമ്മനിയിൽ സംഭവിച്ചതിൽ നിന്ന് നമ്മുടെ ഭരണാധികാരികൾ പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് അനിവാര്യമാണ്. സ്വേച്ഛാധിപത്യത്തിലേക്കുള്ള ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ചുവടുകൾ വളരെ വ്യക്തമാണ്. റീച്ച്സ്റ്റാഗ് തീപിടിത്തത്തിന് ശേഷം വെയ്മർ റിപ്പബ്ലിക്കിൽ (ജർമ്മനി) ഹിറ്റ്ലർ ജനാധിപത്യത്തിന്റെ മരണമണി മുഴക്കിയതുമായി നമ്മുടെ ജനാധിപത്യത്തിൽ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളെയും തുലനം ചെയ്യാം. 1923‑ൽ മ്യൂണിക്കിലെ ബിയർഹാൾ പുഷിൽ അട്ടിമറി ശ്രമത്തെത്തുടർന്ന് പരാജിതനായ അഡോൾഫ് ഹിറ്റ്ലർ, നിയമപരമായ തെരഞ്ഞെടുപ്പ് മാർഗങ്ങളിലൂടെ അധികാരത്തിലെത്താൻ ശ്രദ്ധ കേന്ദ്രീകരിച്ചു. നാസി പാർട്ടിയുടെ തലപ്പത്തെത്തിയ അദ്ദേഹം തീക്ഷ്ണമായ പ്രസംഗങ്ങളിലൂടെയും മാസ്മരികമായ വാക്കുകളിലൂടെയും പാർട്ടിയുടെ അംഗസംഖ്യ വർധിപ്പിക്കാൻ പ്രവർത്തിച്ചു. 1928 ആയപ്പോഴേക്കും ഗ്രൂപ്പിന്റെ അംഗസംഖ്യ 1,00, 000 കവിഞ്ഞു. പിന്നീട് തന്റെ സേനയുടെ അട്ടിമറികളെയും നിയമവിരുദ്ധമായ രീതികളെയും ന്യായീകരിക്കാൻ അദ്ദേഹം ഭൂതകാലം ചികഞ്ഞുകൊണ്ടിരുന്നു. ഭാവി ശരിയാക്കുന്നതിനുപകരം ഭൂതകാലത്തെ പരിഹസിക്കുന്നതിൽ കേന്ദ്രീകരിച്ചതിനാൽ വെർസൈൽസ് ഉടമ്പടിയിൽ (1919) ഒപ്പുവച്ച രാഷ്ട്രീയക്കാരെ പതിവായി അധിക്ഷേപിച്ചു. ഈ കാലഘട്ടത്തിൽ നാസി പാർട്ടിയുടെ വളർച്ച ഗണ്യമായിരുന്നുവെങ്കിലും 1928 ലെ തെരഞ്ഞെടുപ്പിൽ അവർക്ക് 2.6 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. എന്നാൽ 20 കളുടെ അവസാനത്തിലും 30 കളുടെ തുടക്കത്തിലും ഉണ്ടായ മഹാമാന്ദ്യം ഹിറ്റ്ലർക്ക് ഒരു അനുഗ്രഹമായി വ­ന്നു. കുതിച്ചുയരുന്ന തൊഴിലില്ലായ്മ കൊണ്ട് യുഎസിന്റെയും യൂറോപ്പിന്റെയും സമ്പദ്‌വ്യവസ്ഥ ത­കർന്നു. ജർമ്മനിയിൽ മാത്രം, തൊഴിലില്ലാത്തവരുടെ എണ്ണം 60 ലക്ഷമായി ഉയർന്നു. ഇത് ജന­സംഖ്യയുടെ ഏകദേശം 30 ശതമാനമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ ഇടിവ്, തൊഴിലില്ലായ്മ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, എല്ലാം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ സാധാരണമാണ്. ഹിറ്റ്ലർക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള സന്ദർഭമായി അത്. ഹിറ്റ്ലറുടെ സ്വാധീനം ഉയർന്നെങ്കിലും മറ്റ് വലതുപക്ഷ വിഭാഗങ്ങളുമായി യോജിച്ചിട്ടും അവർക്ക് 33 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. അതേസമയം അനിശ്ചിതത്വത്തിലായ രാഷ്ട്രീയ സാഹചര്യം ഹിറ്റ്ലറെ ചാൻസലർ പദവിയിലെത്താൻ സഹായിച്ചു. 1933 ജനുവരി 30ന് വെയ്മർ ഭരണഘടന പ്രകാരം പ്രസിഡന്റ് പോൾ വോൺ ഹിൻഡൻബർഗ് അദ്ദേഹത്തെ ചാൻസലറായി നിയമിച്ചു.


ഇതുകൂടി വായിക്കാം; അപകടത്തിലാകുന്ന ജനാധിപത്യം


അധികാരമേറ്റ് വെറും നാലാഴ്ച കഴിഞ്ഞപ്പോൾ സ്ഥാനം ഉറപ്പിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ചത് റീച്ച്സ്റ്റാഗ് തീപിടിത്തത്തെ ആയിരുന്നു. 1933 ഫെബ്രുവരി 27 നാണ് ജർമൻ പാർലമെന്റിന്റെ കെട്ടിടം-റീച്ച്സ്റ്റാഗിന് തീപിടിച്ചത്. കെട്ടിടത്തിന് സാരമായ കേടുപാടുകൾ വരുത്തിയ തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് മണിക്കൂറുകൾ വേണ്ടിവന്നു. ഡച്ച് നിർമ്മാണ തൊഴിലാളിയായ മരിനസ് വാൻഡെർ ലുബ്ബെയെ സിറ്റി പൊലീസ് അറസ്റ്റുചെയ്തു. താമസിയാതെ നാസികൾ അയാളെ കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന് മുദ്രകുത്തി. അന്നു രാത്രി മാത്രം 4,000 പേരെ അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഫെബ്രുവരി 28 ന് ഹിറ്റ്ലർ പ്രസിഡണ്ട് ഹിൻഡൻബർഗിനെ വെയ്മർ ഭരണഘടനയുടെ 48ാം അനുച്ഛേദം പ്രയോഗിക്കാൻ പ്രേരിപ്പിച്ചു. ‘ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രത്യേക സംരക്ഷണത്തിനായുള്ള പ്രസിഡന്റിന്റെ ഉത്തരവ്’ അങ്ങനെ നിലവിൽ വന്നു. സംസാര സ്വാതന്ത്ര്യം ഇല്ലാതാക്കുകയും, ഫോൺ ചോർത്താനും കത്തിടപാടുകൾ തടസപ്പെടുത്താനും അനുവദിക്കുകയും ഫെഡറൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നിർത്തലാക്കുകയും ചെയ്തു. 1932 ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 17 ശതമാനം വോട്ട് നേടുകയും 81 കമ്മ്യൂണിസ്റ്റ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനാൽ സഭയ്ക്കുള്ളിൽ ഹിറ്റ്ലർക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ ആ നിർണായക രാത്രി മറയാക്കി പുതിയ ഉത്തരവിന്റെ മറവിൽ എതിർ ചേരിയിലെ പലരും അനിശ്ചിതകാലത്തേക്ക് തടവിലാക്കപ്പെട്ടു. സഭയിലെ ഒഴിഞ്ഞ സീറ്റുകൾ നാസികളെ ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിച്ചു. പൗരാവകാശങ്ങളെയും എതിർപ്പിനെയും ഇല്ലാതാക്കുന്ന അടിയന്തര ഉത്തരവുകളെ ന്യായീകരിക്കാൻ ഹിറ്റ്ലർ ഈ സാഹചര്യം ഉപയോഗിച്ചു. ഈ അടിയന്തര അധികാരത്തെ ഒരു മാസത്തിനുശേഷം പുതിയ നിയമവുമായി കൂട്ടിച്ചേർത്ത്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ അധികാരം ഉറപ്പിക്കുകയും ചെയ്തു. നാസി ഭരണകൂടത്തിന്റെ അധികാരം പിടിച്ചെടുക്കൽ രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആർഎസ്എസ്-ബിജെപി സംഘത്തിന്റെ അധികാരത്തിലേക്കുള്ള പ്രയാണം അത്ര കടുത്തതല്ല. എന്നിരുന്നാലും, രണ്ട് ജനാധിപത്യ വിരുദ്ധ ആശയങ്ങളും തമ്മിൽ അസാധാരണമായ സാമ്യങ്ങളുണ്ട്. കൂടിയാലോചനയ്ക്കുള്ള സ്ഥാപനങ്ങൾ നിയമവിധേയമാക്കാതിരിക്കുക എന്നതാണ് അതിലൊന്ന്. ജർമ്മനിയിൽ തീപിടുത്തമാണ് പാർലമെന്റ് കെട്ടിടം തകർത്തത്. പക്ഷേ ഹിറ്റ്ലർക്ക് ശേഷം അവിടെ ജനാധിപത്യം ശക്തിപ്പെട്ടു. നിർഭാഗ്യവശാൽ ഭരണകർത്താക്കളുടെ തന്നെ ആക്രമണത്തിനിരയായി, രാജ്യത്ത് ജനാധിപത്യ അടിത്തറയും സംവാദത്തിന്റെ ചൈതന്യവും നിലനിർത്താൻ പാടുപെടുന്ന നമ്മുടെ പാർലമെന്റിന് ഒരു പുതിയ കെട്ടിടം പണിയുന്നു. പാർലമെന്റിനെയും മറ്റു ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കാൻ സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും രീതികളെ തീയിടുകയാണ് ബിജെപി ഭരണകൂടം. റീച്ച്സ്റ്റാഗിന്റെ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി, പക്ഷേ ജനാധിപത്യത്തിന്റെ ആത്മാവ് ഒരിക്കൽ തകർന്നാൽ പുനരുജ്ജീവിപ്പിക്കാൻ പ്രയാസമാണ്. ഈ അപകടം രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കണം. സഹിഷ്ണുതയും മതേതര ജനാധിപത്യവും മാറ്റി ഹിന്ദുത്വത്തെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായി സ്ഥാപിക്കുന്നതിലേക്കുള്ള വളർച്ച യാദൃച്ഛികമല്ല. ക്രിസ്റ്റോഫ് ജാഫ്രലോട്ട് സൂചിപ്പിച്ചതുപോലെ, “നാസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർഎസ്എസ് നീക്കം വ്യത്യസ്തമാണ്. ഹിറ്റ്ലർ ഭരണം പിടിച്ചെടുത്ത രീതി ശരിയല്ലെന്ന് ഗോൾവാൾക്കർ തന്നെ കരുതിയിരുന്നു”. ഗോൾവാൾക്കർ തന്നെ പറഞ്ഞത്“പലരും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സംഘം ചേർന്നിട്ടുണ്ട്. എന്നാൽ ആ ഉദ്ദേശ്യം പരാജയപ്പെടുമ്പോൾ ഐക്യം നഷ്ടപ്പെടുന്നു. തങ്ങൾക്ക് വേണ്ടത് താത്കാലിക നേട്ടങ്ങളല്ല, മറിച്ച് നിലനിൽക്കുന്ന ഏകത്വമാണ് എന്നാണ്. ” മനുവിന്റെ സിദ്ധാന്തങ്ങളും ജാതി, മതം, ലിംഗഭേദം എന്നിവയുടെ ഗൗരവവും കാത്തുസൂക്ഷിക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ മറ്റൊരു പേരാണ് ‘സ്ഥിരമായ ഏകത്വം’. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷമാണിത്. ആർഎസ്എസിനും അതിന്റെ ശാഖകൾക്കും സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലായിരുന്നുവെങ്കിലും, അവ­ർ തങ്ങളുടെ സ്വന്തം രൂപകല്പന ഉപയോഗിച്ച് ആഘോഷിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ അസംബ്ലിയിലെ തന്റെ ഉപസംഹാര പ്രസംഗത്തിൽ ഡോ. ബി ആര്‍ അംബേദ്കർ മുൻകൂർ മുന്നറിയിപ്പ് നൽകിയത് ഓർമ്മയിലുണ്ടാകണം “സ്വാതന്ത്ര്യം നേടിയതിലൂടെ, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താനുള്ള ഒഴികഴിവ് നമുക്ക് നഷ്ടപ്പെട്ടു. ഇനിയങ്ങോട്ട് കാര്യങ്ങൾ തെറ്റിയാൽ നമ്മളല്ലാതെ മറ്റാരും നമ്മെ കുറ്റപ്പെടുത്തില്ല. കാര്യങ്ങൾ തെറ്റായി പോയാൽ വലിയ അപകടമാണ്. ” സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന അപകടം പതിന്മടങ്ങാണ്. അതുകൊണ്ട് ജനാധിപത്യ റിപ്പബ്ലിക്കിനെ തിരിച്ചു പിടിക്കാനും സംരക്ഷിക്കാനും ജനങ്ങൾ നിലകൊള്ളുന്നില്ലെങ്കിൽ ആരും സുരക്ഷിതരായിരിക്കില്ല എന്നതാണ് വാസ്തവം. എമിൽ മാർട്ടിൻ നീമോളർ എഴുതിയതു പോലെ. “ആദ്യം അവർ വന്നത് കമ്മ്യൂണിസ്റ്റുകാരെ തേടിയാണ് പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല, കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. പിന്നെ അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല, കാരണം ഞാൻ ഒരു സോഷ്യലിസ്റ്റ് ആയിരുന്നില്ല. തുടർന്ന് അവർ ട്രേഡ് യൂണിയനുകാരെ തേടിയെത്തി പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല, കാരണം ഞാൻ ഒരു ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നില്ല. പിന്നെ അവർ ജൂതന്മാരെ തേടി വന്നു എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല, കാരണം ഞാൻ ഒരു യഹൂദനായിരുന്നില്ല. ഇപ്പോൾ അവർ എന്നെ തേടി വന്നു അപ്പോൾ പക്ഷേ ആരും അവശേഷിച്ചിരുന്നില്ല എനിക്കുവേണ്ടി സംസാരിക്കാൻ”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.