ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ കൊറിയർ സർവീസിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തിൽ ജില്ലയിലെ കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി എന്നി ഡിപ്പോകളിലാണ് കെഎസ്ആർടിസി ലോജിസ്റ്റിക്സ് എന്ന പേരിൽ കൊറിയർ‑പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിനോട് ചേർന്നാകും ഇതിനുള്ള കൗണ്ടർ. ഇവിടെയെത്തി പൊതുജനങ്ങൾക്ക് പാഴ്സലുകൾ അയക്കാം. ഇതിനായി ജീവനക്കാരെയടക്കം നിയമിച്ചുകഴിഞ്ഞു. കോട്ടയം ഡിപ്പോയിൽ 24 മണിക്കൂറും മറ്റിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാകും പ്രവർത്തനം. മുണ്ടക്കയത്ത് പഞ്ചായത്ത് സ്റ്റാന്റിലാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം. ഇതിനോട് ചേർന്നാകും കൊറിയർ സർവീസും. ഇതിനായി കെഎസ്ആർടിസി പഞ്ചായത്ത് അനുമതി നൽകി.
സോഫ്റ്റ്വെയർ സംവിധാനം പൂർണമാകാത്തതിനാൽ ആദ്യദിവസങ്ങളിൽ ജീവനക്കാർ നേരിട്ടാകും ഇവ കൈകാര്യം ചെയ്യുക. അടുത്തഘട്ടത്തിൽ പൂർണമായും ഓൺലൈനിലാകും. ഇതോടെ കൊറിയറിനെ ഓൺലൈനായി ട്രാക്ക് ചെയ്യാനുള്ള സംവിധാനമടക്കം ലഭ്യമാകും. ഓരോ ഡിപ്പോകൾക്കും പ്രത്യേകം ഫോൺ നമ്പറുകളും സജ്ജമാകും.കഴിഞ്ഞദിവസം സംസ്ഥാനതല ഉദ്ഘാടനം നടന്നതിനുപിന്നാലെ നിരവധി അന്വേഷണങ്ങൾ വന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച പ്രവർത്തനത്തിന് തുടക്കമിടുന്നതെന്ന് കെഎസ്ആർടിസി ലോജിസ്റ്റിക്സ് വിഭാഗം ജീവനക്കാർ പറഞ്ഞു.
അടുത്തയാഴ്ചയോടെ പ്രവർത്തനം പൂർണമായും ഓൺലൈനിലൂടെയാകുമെന്നും ഇവർ പറഞ്ഞു.കെഎസ്ആർടിസി ജീവനക്കാരെ തന്നെയാണ് കൊറിയർ സർവ്വീസിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് രണ്ടുപേരും മറ്റിടങ്ങളിൽ ഒരോത്തരും വീതമാണുണ്ടാവുക. അടുത്തഘട്ടത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. ഓഫീസിലെത്തിക്കുന്ന കൊറിയറുകളും പാഴ്സലുകളും ജീവനക്കാർ ബസിൽ കയറ്റും. ഇതിന്റെ വിവരം കണ്ടക്ടർക്കും കൈമാറും. നൽകേണ്ട പോയിന്റിലെ കെഎസ്ആർടിസി സ്റ്റാന്റിൽ ഇവ കൈമാറും. ഇവിടുത്തെ ജീവനക്കാർ പാഴ്സൽ എത്തിയകാര്യം ഉടമസ്ഥനെ ഫോണിലൂടെ അറിയിക്കും. ഉടമയ്ക്ക് ഡിപ്പോയിലെ കൗണ്ടറിലെത്തി വാങ്ങാം. പാഴ്സൽ ശേഖരിക്കുവാൻ തിരിച്ചറിയിൽ കാർഡ് ആവശ്യമാണ്. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തഘട്ടമായി വീടുകളിലും ഓഫീസുകളിലും നേരിട്ട് എത്തിക്കും.ആദ്യഘട്ടത്തിൽ കേരളത്തിലെ 56 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തുന്നത്. കേരളത്തിന് പുറമേ ബംഗളൂരു മൈസൂർ, തെങ്കാശി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും നിലവിലുള്ള കൊറിയർ സർവീസ് കമ്പനികൾക്കും കെഎസ്ആർടിസിയുടെ കൊറിയർ സംവിധാനം പ്രയോജനപ്പെടുത്താം.കേരളത്തിനകത്ത് 16 മണിക്കൂറിനകം പാഴ്സലുകൾ എത്തിക്കുമെന്നാണ് കോർപ്പറേഷന്റെ വാഗ്ദാനം. കുറഞ്ഞ നിരക്ക്, വേഗത്തിലുള്ള കൈമാറ്റം എന്നിവയാണ് പ്രത്യേകതയെന്നും ഇവർ പറയുന്നു.ബസുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയർ ബോക്സിലാണ് പാഴ്സൽ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് ബൈക്ക് ബംഗളൂരുവിലേക്ക് വോൾവോ ബസില്‍ കൊണ്ടുപോയിരുന്നു. വരുമാന വർധനവും വൈവിധ്യവൽക്കരണവും ലക്ഷ്യമാക്കിയാണ് കൊറിയർ സർവീസ് കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്.
ബോക്സ് നിരക്ക് ഇങ്ങനെ
200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാഴ്സലിന് 30 രൂപയാണ് നിരക്ക്.
50 ഗ്രാം- 35 രൂപ
75 ഗ്രാം- 45 രൂപ
100 ഗ്രാം- 50 രൂപ
250 ഗ്രാം- 55 രൂപ
500 ഗ്രാം- 65 രൂപ
ഒരു കിലോ- 70 രൂപ
(400, 600, 800, 800 കിലോമീറ്ററിന് മുകളിൽ എന്നിങ്ങനെ നിരക്കിൽ വ്യത്യാസമുണ്ടാകും)
English Summary: Today at KSRTC depots; Start of parcel-courier service: Box rate is as follows
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.