
തിരുവോണത്തിന് മുന്നോടിയായി ഇന്ന് അത്തം. വീട്ടുമുറ്റങ്ങളിലും സ്ഥാപനങ്ങളുടെ അങ്കണങ്ങളിലും ഇന്ന് മുതൽ തിരുവോണം വരെ പൂക്കളമൊരുങ്ങും. മലയാളിയുടെ ഓണാഘോഷത്തിൽ പ്രധാനമാണ് പൂക്കളം. തിരുവോണത്തിന് പ്രജകളെ കാണാൻ മഹാബലി എത്തുമെന്ന സങ്കൽപത്തിൽ മഹാബലിയെ സ്വാഗതമോതുന്നതിനായിട്ടാണ് അത്തം മുതൽ പത്തുനാൾ വീട്ടുമുറ്റങ്ങളിൽ പൂക്കളമിടുന്നതെന്ന് വിശ്വാസം. വീടുകളിൽ ഉണ്ടാകുന്ന ചെടികളിൽ നിന്നും സമീപത്തെ പറമ്പുകളിൽ നിന്നും കുട്ടികൾ പറിച്ചെടുക്കുന്ന തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം കൊണ്ടായിരുന്നു പൂക്കളം ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ജമന്തിയും ചെണ്ടുമല്ലിയും റോസും, വാടാമല്ലിയുമൊക്കെയാണ് പൂക്കളത്തിൽ നിറയുന്നത്.
ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ കുറഞ്ഞു. ആവശ്യത്തിന് പൂക്കളും കിട്ടാതെയായി. ഏതാനും വർഷങ്ങളായി ഓണാഘോഷത്തിന് വർണമേകുന്നത് മറുനാടൻ പൂക്കളാണ്. സമീപ കാലയളവിൽ കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ തദ്ദേശീയമായി പൂ കൃഷി വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ മുതൽ ഇതിന്റെ വിളവെടുപ്പ് തുടങ്ങി. എങ്കിലും വലിയ തോതിൽ പൂക്കൾ കിട്ടുന്നതിന് മറുനാടൻ പൂക്കളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
എല്ലാ പ്രധാന ജംഗ്ഷനുകളിലും പൂവിപണിയും സജീമായിട്ടുണ്ട്. പ്രത്യേക സൗകര്യങ്ങളും പൂക്കച്ചടവത്തിനായി തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകുന്നുമുണ്ട്. ആന്ധ്ര, തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് പൂക്കളെത്തുന്നത്. ദിവസവും ഏജന്റുമാർ മുഖേന ടൺ കണക്കിന് പൂക്കളാണ് ഇവിടേക്കെത്തുന്നത്. വിലയിലും കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട് .ജമന്തി വെള്ള ‑600, മഞ്ഞ ജമന്തി — 300,ചുവന്ന റോസ് ‑1000, വാടാമല്ലി — 600, അരളി ‑500 എന്നിങ്ങനെയാണ് റീട്ടെയിൽ വില. കൂടുതൽ എടുക്കുന്നവർക്ക് വിലയിലും മാറ്റങ്ങളുണ്ട്. താമര, റോസ് വിവിധ കളറുകളിൽ, പിച്ചി, ഡാലിയ തുടങ്ങിയ പൂക്കളും സുലഭമാണ്. സ്കൂൾ, കോളേജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്ക്, ഇതര ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രി, വ്യാപാര കേന്ദ്രങ്ങൾ അങ്ങിനെ എല്ലാ ഇടങ്ങളിലും പൂക്കളമിടുന്നതും ഓണാഘോഷം സംഘടിപ്പിക്കുന്നതും പതിവാണ്. കൂടാതെ പൂക്കള മത്സരവും സജീവമാണ്. അതിനാൽ പൂക്കൾക്കും ആവശ്യക്കാരേറെയാണ്. പൂവിപണി ലക്ഷ്യമിട്ടുള്ള വിപുലമായ വില്പന കേന്ദ്രങ്ങളും തിരുവോണം വരെ രാപകൽ ഉണർന്നിരിക്കും.
Photo:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.