ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. ടീം ഇന്ത്യ ജീവന്മരണ പോരാട്ടത്തില്‍ സിംബാബ്‌വെയെ നേരിടും. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാംസ്ഥാനത്തുണ്ടെങ്കിലും ഇന്ത്യയുടെ സെമി ഫൈനല്‍ ബെര്‍ത്ത് ഇനിയുമുറപ്പായിട്ടില്ല. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങള്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സിനെയും നേരിടും.
പാകിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തിരിച്ചുവരാനായി. ഇനി സിംബാബ്‌വെയെയാണ് ഇന്ത്യ വീഴ്‌ത്തേണ്ടത്. കരുത്തിലും കണക്കുകളിലും സിംബാബ്‌വെയേക്കാള്‍ വ്യക്തമായ മുന്‍തൂക്കം ടീം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ പാകിസ്ഥാനെ അട്ടിമറിച്ച സിംബാബ് വെയെ നിസാരക്കാരായി കാണാനാവില്ല. തങ്ങളുടേതായ ദിവസം ആരെയും വീഴ്ത്താന്‍ സിംബാബ്‌വെക്ക് കരുത്തുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാകിസ്ഥാന്റെ അപ്രതീക്ഷിത വിജയമാണ് ഇന്ത്യയുടെ സെമി ഫൈനല്‍ അവസാന കളിയിലേക്കു നീട്ടിയത്. അല്ലായിരുന്നെങ്കില്‍ സൗത്താഫ്രിക്കയും ഇന്ത്യയും ഒരു മത്സരം ബാക്കിനില്‍ക്കെ സെമിയിലെത്തുമായിരുന്നു. പാകിസ്ഥാന്റെ വിജയത്തോടെ അഞ്ച് ടീമുകള്‍ക്കും സെമി സാധ്യത കൈവന്നു.
ഇന്ത്യ സിംബാബ്‌വെയോടു തോല്‍ക്കുകയും, പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള പാക് ടീമായിരിക്കും സെമിയിലെത്തുക. നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാല്‍ ഗ്രൂപ്പ് ജേതാക്കളായി സൗത്താഫ്രിക്കയും സെമിയിലെത്തും. ഇന്ത്യ പുറത്താവുകയും ചെയ്യും. 2021ലെ ലോകകപ്പിലും ഇന്ത്യ സെമിയിലെത്താതെ പുറത്തായിരുന്നു.
ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. രോഹിത് ശര്‍മയുടെ ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലൊന്നും തിളങ്ങാന്‍ രോഹിത്തിനായിട്ടില്ല. നാല് ഇന്നിങ്‌സില്‍ നിന്ന് 18.50 ശരാശരിയില്‍ 74 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ന് ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.
സ്പിന്‍ നിരയുടെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അശ്വിന്‍ നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് നേടിയത്. ഇതില്‍ രണ്ട് വിക്കറ്റും നെതര്‍ലന്‍ഡ്‌സിനെതിരെയാണ്. ഇക്കാരണത്താല്‍ അക്ഷര്‍ പട്ടേലിനു പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിച്ചേക്കും.
ഫിനിഷറെന്ന പേരില്‍ ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക് എല്ലാ മത്സരത്തിലും പരാജയപ്പെട്ടതിനാല്‍ റിഷഭ് പന്തിനെ തിരിച്ചെത്തിക്കാനും ഇന്ത്യ തയ്യാറായേക്കും.
English Summary: Today, India will play a crucial match against Zimbabwe in the Twenty20 World Cup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.