24 January 2026, Saturday

ഇന്ന് ലഹരി വിരുദ്ധ ദിനം

* യുവാക്കള്‍ക്കിടയില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നു

*അഞ്ച് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2740 മയക്കുമരുന്ന് കേസുകള്‍ 
പി എസ് രശ്‌മി
തിരുവനന്തപുരം
June 26, 2023 9:05 am

സംസ്ഥാനത്ത് ആശങ്കയുയര്‍ത്തുന്ന വിധത്തില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. യുവാക്കള്‍ക്കിടയില്‍ ഭീതിജനകമായ രീതിയിലാണ് രാസലഹരിയുള്‍പ്പെടെയുള്ളവയുടെ ഉപയോഗം കൂടുന്നത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് എക്സൈസ് എടുത്ത 45,637 കേസുകളില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. 4.04 കിലോ എംഡിഎംഎയാണ് ഈ കാലയളവില്‍ പിടികൂടിയത്. സമീപകാലങ്ങളില്‍ കോളജ് വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവരെയാണ് എംഡിഎംഎയുമായി പിടികൂടുന്നത്. യുവാക്കള്‍ക്കിടയില്‍ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറിയ അളവില്‍ വലിയ ലഹരി എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കൈവശം സൂക്ഷിക്കാനുള്ള എളുപ്പവും ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നതുമാണ് ഇത്തരം ന്യൂജെന്‍ ലഹരിവസ്തുക്കളിലേക്ക് പുതുതലമുറയെ പ്രധാനമായും എത്തിക്കുന്നത്. എൽഎസ്ഡി, ബ്രൗൺ ഷുഗർ,ഹാഷിഷ് ഓയിൽ , ഹെറോയിൻ എന്നിവയുടെയെല്ലാം വില്പനയില്‍ വര്‍ധനയുണ്ടെന്നാണ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരോധിക്കപ്പെട്ട പാന്‍മസാലയും മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ലഹരി ഉപഭോഗത്തിലും വര്‍ധനയുണ്ടായെന്നാണ് വിലയിരുത്തല്‍. 2016ല്‍ എന്‍ഡിപിഎസ് കേസുകള്‍ 2985 ആയിരുന്നത് 2022 ല്‍ 6116 ആയി വര്‍ധിച്ചു. 2016 ല്‍ 45,756 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2022 ല്‍ 86,114 കേസുകളാണുള്ളത്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ കൗമാരക്കാരില്‍ എക്സൈസ് നടത്തിയ പഠനം വ്യക്തമാക്കുന്നത് സാധാരണ പുകവലിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കഞ്ചാവിലേക്കും മറ്റ് രാസലഹരി വസ്തുക്കളിലേക്കുമെത്തുന്നുവെന്നാണ്. ലഹരിയുടെ ഉപയോഗം കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അക്രമസ്വഭാവം, ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍, ഡിപ്രഷന്‍, ഓര്‍മ്മക്കുറവ് എന്നിവയെല്ലാം മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് ലഹരിവ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിനൊപ്പം അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത റോഡുകളില്‍ വാഹന പരിശോധന നടത്തുന്നതിന് കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷണല്‍ യൂണിറ്റ് ( കെമു)സംവിധാനവും നടപ്പാക്കുന്നുണ്ട്. ലഹരിമുക്ത കേരളം സാക്ഷാത്ക്കരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തിമിഷന്‍ വിവിധ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ചും ലഹരിക്കെതിരെ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

eng­lish sum­ma­ry; Today is anti-drug day

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.