21 December 2024, Saturday
KSFE Galaxy Chits Banner 2

ഇന്ന് പരിസ്ഥിതിദിനം; രാജ്യത്തെ 17 പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ 15 എണ്ണവും ലക്ഷ്യം കണ്ടില്ല

Janayugom Webdesk
തിരുവനന്തപുരം
June 5, 2022 8:11 am

വര്‍ധിക്കുന്ന ചൂട്, മണ്ണൊലിപ്പ്, കാലാവസ്ഥാവ്യതിയാനം എന്നിവയുടെ പ്രതിരോധത്തിലെ പരാജയം രാജ്യത്തെ പരിസ്ഥിതിനാശം ആശങ്കാജനകമായ അവസ്ഥയിലെത്തിച്ചുവെന്ന് വിദഗ്ധര്‍. കാലാവസ്ഥാ നിയന്ത്രണത്തിനും പരിസ്ഥിതി പുനരുജ്ജീവനത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 പദ്ധതികളില്‍ 15 എണ്ണത്തിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്, ഡൗണ്‍ ടു എര്‍ത്ത് മാസിക എന്നിവ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എന്‍വയോണ്‍മെന്റ്: ഇന്‍ ഫിഗേഴ്‌സ്’ എന്ന റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പാരിസ്ഥിതികാവസ്ഥ ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കുടിയൊഴിപ്പിക്കലും കുടിയേറ്റവും വര്‍ധിപ്പിക്കുകയും മനുഷ്യക്കടത്തിന് പോലും ഇടയാക്കുകയും ചെയ്യുന്നു. 2020 ല്‍ ലോകം കണ്ട ആഭ്യന്തര പലായനങ്ങളില്‍ 76 ശതമാനവും കാലാവസ്ഥാ ദുരന്തങ്ങള്‍ കാരണമായിരുന്നു. ചൈന, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അത്തരം ദുരന്തം ബാധിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. 1990 നും 2018 നുമിടയില്‍ ഇന്ത്യന്‍ തീരപ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗവും (6,907 കി.മീ) കരയിടിച്ചിന് സാക്ഷ്യം വഹിച്ചു. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. അവിടെ 60 ശതമാനം തീരവും മണ്ണൊലിപ്പ് നേരിടുന്നു. ഇന്ത്യയിലെ നദികളില്‍ മൂന്നില്‍ രണ്ടും വിഷമൂലകങ്ങളാല്‍ മലിനമാണ്. കേന്ദ്ര ജല കമ്മിഷനില്‍ നിന്നുള്ള 2018–20 വര്‍ഷങ്ങളിലെ കണക്കനുസരിച്ച് രാജ്യത്തെ നാലില്‍ മൂന്ന് നദികളിലും വിഷലോഹങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. 28 സംസ്ഥാനങ്ങളിലെ 764 നദികളുടെ ഗുണനിലവാര നിരീക്ഷണമാണ് നടന്നത്.

ഈയം, ഇരുമ്പ്, നിക്കല്‍, കാഡ്മിയം, ആഴ്‌സെനിക്, ക്രോമിയം, ചെമ്പ് എന്നിവയാണ് കണ്ടെത്തിയത്. നാലിലൊന്ന് നദികളില്‍ രണ്ടോ അതിലധികമോ വിഷ ലോഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗംഗയുടെ തീരത്തുള്ള 33 നിരീക്ഷണ കേന്ദ്രങ്ങളില്‍ 10 എണ്ണത്തിലും ഉയര്‍ന്ന അളവില്‍ ലെഡ്, ഇരുമ്പ്, നിക്കല്‍, കാഡ്മിയം, ആഴ്‌സെനിക് എന്നിവ കണ്ടെത്തി. കഴിഞ്ഞ 120 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാര്‍ച്ചാണ് ഈ വര്‍ഷം കടന്നുപോയത്. താപ തരംഗങ്ങളുടെ ആവൃത്തി വര്‍ധിച്ചുവരികയാണ്. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തണമെങ്കില്‍, 2030 ‑ഓടെ വാര്‍ഷിക ഹരിതഗൃഹ വാതക ഉദ്വമനം പകുതിയായി കുറയ്ക്കണം. 2040 ഓടെ വായുമലിനീകരണം 50 ശതമാനം വര്‍ധിക്കുകയും ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം മൂന്നിരട്ടിയാവുകയും ചെയ്യും എന്നാണ് കരുതുന്നത്.

എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന് ഈ വര്‍ഷം സമയപരിധി നിശ്ചയിച്ച 17 സംരംഭങ്ങളില്‍ 15 എണ്ണവും രാജ്യത്ത് പൂര്‍ത്തിയാക്കാനായില്ല. 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. കാലാവസ്ഥാനിയന്ത്രണ പ്രവര്‍ത്തന പരാജയം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആഗോള അപകടസാധ്യതയായി മാറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിഎസ്ഇയിലെ ഗവേഷകര്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വേകള്‍, അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ചാണ് പഠനം നടന്നത്.

Eng­lish sum­ma­ry; Today is Envi­ron­ment Day; Of the 17 envi­ron­men­tal pro­tec­tion projects in the coun­try, 15 did not meet the target

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.