ഇന്ന് ദേശീയ ബാലികാദിനം. പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ ബോധവല്ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ബാലികാദിനാചരണം നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 നാണ് ബാലികാദിനമായി ആചരിക്കുന്നതെങ്കിലും ഇന്ത്യയിൽ 2008 മുതൽ ജനുവരി 24 നാണ് ദേശീയ ബാലികാദിനമായി ആചരിച്ചു തുടങ്ങിയത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം.
സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കുമാരിക്ലബ്ബുകൾ ‘വർണക്കൂട്ട്’ എന്ന് പുനർനാമകരണത്തോടെ ഇന്നു മുതൽ പ്രവർത്തനക്ഷമമാക്കും. ഇതോടനുബന്ധിച്ച് മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം വരെ നീളുന്ന വിവിധ പരിപാടികളാണ് ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പെൺകുട്ടികളിലെ മാനസിക, ശാരീരിക, വൈകാരിക വെല്ലുവിളികൾക്കും കൗമാരക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരെ ലക്ഷ്യബോധമുള്ളവരായി ശാക്തീകരിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ 33,130 ഓളം അങ്കണവാടികളിൽ രൂപീകരിച്ച കുമാരി ക്ലബ്ബുകൾ ബഹുഭൂരിപക്ഷവും നിർജീവാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കുമാരി ക്ലബ്ബുകൾക്ക് വർണക്കൂട്ട് എന്ന ആകർഷകമായ പേര് നൽകി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വനിതാ ശിശു വികസന വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
കുട്ടികളിലെ വിവിധ കലാ, കായിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുതകുന്നതുമായ വ്യത്യസ്ത പ്രവർത്തനങ്ങളും സെമിനാറുകളും പരിപാടികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ് കാലയളവിൽ ഓൺലൈനായും നിയന്ത്രണം മാറുമ്പോൾ ഓഫ് ലൈനായും പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അങ്കണവാടി ലെവൽ മോണിറ്ററിങ് ആന്റ് സപ്പോർട്ട് കമ്മിറ്റി (എഎൽഎംസി) കൾ ചേർന്ന് വകുപ്പ് നിർദേശിക്കുന്ന പരിപാടികൾ സമയ ബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ENGLISH SUMMARY:Today is National Girl’s Day; Kumari clubs in the state will be colorful
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.