
‘പ്രാദേശികവും സാമൂഹ്യവും അന്തർദേശീയവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും അതിനു നേതൃത്വം നൽകുകയും ചെയ്യുന്നവരാണ് വയോജനങ്ങൾ. അവരുടെ അഭിലാഷങ്ങൾ, അവരുടെ ക്ഷേമം, അവരുടെ അവകാശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.’ ഈ വർഷത്തെ ലോക വയോജനദിനാചരണത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്ന പ്രമേയം ഇതാണ്. പ്രായമായവരുടെ ആരോഗ്യം, സാമൂഹ്യപിന്തുണ, സർവതോന്മുഖമായ ക്ഷേമം എന്നിവയിലേക്കും ദിനാചരണം ശ്രദ്ധ ആകർഷിക്കുന്നു.
വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും, നേട്ടങ്ങളും പങ്കാളിത്തവും, സാമൂഹ്യ‑ശാസ്ത്ര‑സാങ്കേതിക മുന്നേറ്റങ്ങൾക്ക് അവർ നല്‍കിയ സംഭാവനകളും ഓർമ്മിക്കാനും ആഘോഷിക്കാനും, അവരെ മാനിക്കാനുമാണ് എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോകവയോജനദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തത്. 1990 ഡിസംബർ 14ന് ചേർന്ന യുഎൻ ജനറൽ അസംബ്ലിയാണ് ഒക്ടോബർ ഒന്ന് സാർവദേശീയ വയോജനദിനമായി ആചരിക്കാനാഹ്വാനം ചെയ്തത്.
വയോജനങ്ങളുടെ മനുഷ്യാവകാശങ്ങളും അവർ എത്രമാത്രം അത് അനുഭവിക്കുന്നുവെന്നും അതിനുള്ള അവസരങ്ങൾ അവർക്ക് എത്രമാത്രം ലഭ്യമാകുന്നു എന്നും ഇന്ന് ലോകമാകമാനം ചർച്ചയായിരിക്കുകയാണ്. വയോജനങ്ങളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഒരു സാർവദേശീയ കോൺഫറൻസ് സംഘടിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയുമാണ്. വിവിധ സംഘടനകളും രാജ്യങ്ങളും ഈ ആവശ്യം മുന്നോട്ടുവച്ചു കഴിഞ്ഞു. 2024 ഓഗസ്റ്റ് 21 മുതൽ 23 വരെ കൊല്ലത്തു നടന്ന സീനിയർ സിറ്റിസണ്‍സ് സർവീസ് കൗൺസിലിന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനവും ഈ ആവശ്യമുന്നയിക്കുകയുണ്ടായി.
മുതിർന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്ത് ഓരോ സെക്കന്റിലും രണ്ട് പേര്‍ 60-ാം ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ 16 കോടി വയോജനങ്ങളാണുള്ളത്. ജനസംഖ്യയുടെ 14%. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ സംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. 25 വർഷംകൊണ്ട് വർധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയാകും. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നതാണിതിനർത്ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിർന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് ഈ വസ്തുത ഓർമ്മിപ്പിക്കുന്നത്. കേരളത്തില്‍ 100 ലക്ഷം വയോജനങ്ങളുണ്ട്. ജനസംഖ്യയുടെ 25%. സമീപഭാവിയിൽ സംസ്ഥാനം നേരിടാൻ പോകുന്ന ഗൗരവമായ സാമൂഹികസുരക്ഷാ പ്രശ്നം വയോജനസംരക്ഷണം ആയിരിക്കും.
ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ് വാർധക്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴിൽ തുടർന്നും ചെയ്യാൻ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക് നയിക്കും. മുതിർന്നവർക്കുവേണ്ടി പകൽ വീടുകൾ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടർന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്യണം. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ വയോജനങ്ങളെ പ്രേരിപ്പിക്കണം.
വയോജനങ്ങളുടെ സുരക്ഷിതത്വത്തിന് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്. മറ്റ് പെൻഷനൊന്നും കിട്ടാത്തവർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ 22-ാം അനുച്ഛേദവും അനുശാസിക്കുന്ന വാർധക്യകാലത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കാര്യം നടപ്പിലാക്കാൻ ഇനിയും അമാന്തിച്ചുകൂടാ. ഭരണഘടനയുടെ അനുച്ഛേദം 21 പ്രദാനം ചെയ്യുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി ഇതിനെ കാണേണ്ടതാണ്.
ക്ഷേമപെൻഷൻ അവകാശമായി പ്രഖ്യാപിക്കുന്ന നിയമനിർമ്മാണം കേന്ദ്ര — സംസ്ഥാനസർക്കാരുകൾ നടത്തണം. കേന്ദ്രസർക്കാർ വയോജനപെൻഷനുവേണ്ടി കേവലം 200 രൂപ മാത്രമാണ് നൽകുന്നത്. 30 കൊല്ലം മുമ്പ് നിശ്ചയിച്ച തുക വർധിപ്പിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത് കുറഞ്ഞത് 2,000 രൂപയെങ്കിലുമായി വർധിപ്പിക്കുകയും സംസ്ഥാനവിഹിതം ചേർത്ത് 5,000 രൂപ പെൻഷൻ നൽകുകയും വേണം.
ചെറിയ കുടുംബങ്ങൾ വർധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ കൂടുകയും തൊഴിൽതേടി അന്യദേശങ്ങളിലേക്ക് മക്കൾ ചേക്കേറുകയും ചെയ്യുന്നത് പെരുകുകയും ചെയ്യുമ്പോൾ മക്കളോടൊപ്പം വാർധക്യകാലജീവിതം സാധ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. മുതിർന്ന പൗരന്മാർക്ക് ഒരുമിച്ചു താമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിങ് സെന്ററുകൾ സ്ഥാപിച്ച് ഇതിനു പരിഹാരം കാണണം. ഒരു വശത്ത് മുതിർന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത് ചെറുപ്പക്കാർ വൻതോതിൽ അന്യദേശങ്ങളിൽ കുടിയേറുന്നത് വർധിക്കുകയും ചെയ്യുന്നതിനാൽ പാവപ്പെട്ടവർക്കും പണക്കാർക്കും വേണ്ടിയുള്ള വൃദ്ധസദനങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്. വൃദ്ധസദനങ്ങളല്ല, സ്വന്തം വീടുകളിൽ തന്നെ വാർധക്യകാല ജീവിതം പ്രോത്സാഹിപ്പിക്കണം.
വാർധക്യകാലത്ത് മരണാസന്നരെ ആശുപത്രികളിലെ ഐസിയുവിലും വെന്റിലേറ്ററിലുമാക്കുന്നതും ശരീരമാകെ കുഴലുകളും സൂചികളും കയറ്റി, ബന്ധുമിത്രാദികളിൽ നിന്നകറ്റി, ശീതീകരിച്ച മുറികളിൽ കിടന്നു മരിക്കുന്ന അവസ്ഥ വർധിച്ചുവരികയാണ്. ലിവിങ് വിൽ നടപ്പിലാക്കി ഇതു തടയണം. വീടുകളിൽത്തന്നെ അന്ത്യനാളുകൾ ചെലവഴിക്കാൻ സാധ്യമാക്കണം. പാലിയേറ്റീവ് കെയർ സംവിധാനം വ്യാപകമാക്കണം. കൂടുതൽ അധികാരങ്ങൾ നൽകി വയോജനകമ്മിഷനെ ശക്തിപ്പെടുത്തണം. വയോധികരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നൽകാൻ കമ്മിഷന് കഴിയണം. ഇന്ത്യയിലാദ്യമായി വയോജനകമ്മിഷൻ രൂപീകരിച്ച കേരള സർക്കാർ അഭിനന്ദനമർഹിക്കുന്നു.
റെയിൽവേ യാത്രക്കൂലിയിൽ വയോധികർക്ക് നൽകിയിരുന്ന ഇളവ് പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. മുതിർന്ന പൗരന്മാർക്കും രക്ഷാകർത്താക്കൾക്കും വേണ്ടിയുള്ള നിയമം കർശനമായും ഫലപ്രദമായും നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം. പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളെ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുക, അവരുടെ വീടുകൾ മാസത്തിലൊരിക്കൽ സന്ദർശിക്കുക എന്നീ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടണം.
പ്രായമാവുകയെന്നത് ജീവിതത്തിലെ അനിവാര്യമായ ശാരീരികപ്രക്രിയയാണ്. വാർധക്യം ജീവിതത്തിൽനിന്നുള്ള പുറന്തള്ളലല്ല. സ്വാഭാവികമായ ജീവിതത്തിന്റെ നിയതമായ ഒഴുക്കും ജീവിതകഥയുടെ ക്ലൈമാക്സുമാണത്. വിശ്രമമെന്തെന്നറിയാതെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച്, മറ്റുള്ളവരുടെ ജീവിതത്തിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി, കാലത്തോടൊപ്പം പൊരുതി ജീവിച്ചവരാണവർ. തങ്ങൾ ആർക്കുവേണ്ടിയായിരുന്നോ ജീവിച്ചതും സമ്പാദിച്ചതും അവർ വാർധക്യകാലത്ത് തങ്ങൾക്കൊപ്പമുണ്ടാവുകയെന്നത് അവരുടെ ആഗ്രഹമാണ്. എന്നാൽ, വെറുപ്പും വിദ്വേഷവും സ്വാർത്ഥതയും നിറഞ്ഞ ഇന്നത്തെ കുടുംബ‑സാമൂഹ്യപശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ നോവുന്നതും വാർധക്യമാണ്.
മാനുഷികതയുടെയും കുടുംബബന്ധങ്ങളുടെയും മഹനീയഭാവമാണ് മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുകയും അവർക്കു സാന്ത്വനമേകുകയും ചെയ്യുക എന്നത്. പുതിയ തലമുറ ഇക്കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്. ജീവിതം മുന്നോട്ടുപോവുമ്പോൾ, തിരക്കിനിടയിൽ വിസ്മരിക്കപ്പെടുന്ന കാര്യം അവരെ നിരന്തരം ഓർമ്മപ്പെടുത്തണം. പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങളുൾപ്പെടുത്തിയാൽ അത് വലിയ മാറ്റങ്ങൾക്കിടയാക്കും. വാർധക്യത്തെ ബാധ്യതയായിക്കാണാതെ കുടുംബവും സമൂഹവും സന്തോഷത്തോടെ അതുൾക്കൊള്ളുമ്പോൾ മാത്രമേ പ്രായമായവർ സുരക്ഷിതരാകുകയുള്ളൂ. ഇന്ന് ഞാൻ, നാളെ നീ എന്നതാണു യാഥാർത്ഥ്യം. വാർധക്യം അനിവാര്യമായ ഒരു സാമൂഹികമാറ്റമാണെന്നും, ആ ഘട്ടം സന്തോഷത്തോടെ, ആരോഗ്യത്തോടെ തരണംചെയ്യാൻ സഹായിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണെന്നുമുള്ള തിരിച്ചറിവും അതിനനുസരണമായ പ്രവൃത്തിയും നൽകുന്ന സന്ദേശവും അത്ഭുതാവഹമായിരിക്കും.
വാർധക്യകാലം അന്തസോടെയും ആരോഗ്യത്തോടെയും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്ക് അവസരമൊരുക്കേണ്ടതുണ്ട്. ലോക വയോജനദിനം ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.