
ലോകമെമ്പാടും ഡിസംബർ ഒന്നിന് എയ്ഡ്‌സ് ദിനം ആചരിക്കുമ്പോൾ, രോഗ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കേരളം. കേരളത്തിൽ നിലവിൽ 23,608 രോഗബാധിതരാണ് ഉള്ളത്. രോഗികൾക്ക് പിന്തുണയും പരിചരണവും നൽകുന്നതിനൊപ്പം, യുവതലമുറയിൽ വർധിച്ചു വരുന്ന രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പും പൊതുസമൂഹവും കേരളത്തിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. രോഗികളോടുള്ള സാമൂഹത്തിന്റെ ഒറ്റപ്പെടുത്തലും വിവേചനവും ഇല്ലാതാക്കുവാനും സർക്കാർ നിരവധി കാര്യങ്ങൾ ചെയ്‌തിരുന്നു.

ഇന്ത്യയിൽ ഇത്തവണ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 2010 മുതൽ 2024 വരെ പുതിയ രോഗികളുടെ എണ്ണത്തിൽ 48.7 ശതമാനം കുറവ് രേഖപ്പെടുത്തി. എയ്‌ഡ്‌സ് സംബന്ധമായ മരണ നിരക്കില്‍ 81.4 ശതമാനം കുറവും, മാതാവിൽ നിന്ന് കുഞ്ഞിലേക്ക് എച്ച് ഐ വി പകരുന്നതിൽ 74.6 ശതമാനം കുറവും കൈവരിച്ചതായും സർക്കാർ അറിയിച്ചു. ലോക എയ്ഡ്‌സ് ദിനത്തിന്റെ ആഗോള പ്രമേയം “തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് ബാധയോടുള്ള പ്രതികരണം മാറ്റുക” എന്നതാണ്.

1981 ജൂണിൽ അമേരിക്കയിലെ കുറച്ചു ചെറുപ്പക്കാരിലാണ് എയ്ഡ്സ് രോഗം ആദ്യം തിരിച്ചറിഞ്ഞത്. ഇൗ രോഗത്തിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്നാണ് കരുതപ്പെടുന്നത്. ചിമ്പാൻസികളിൽ നിന്നുമാണു മനുഷ്യരിലേക്ക് ഇൗ രോഗം പകർന്നത് എന്നാണു ജനിതക പഠനങ്ങൾ നൽകുന്ന സൂചന. അക്വേഡ് ഇമ്മ്യൂണോ ഡെഫിഷ്യൻ സി സിൻഡ്രോം എന്നാണ് എയ്ഡ്സിന്റെ പൂർണരൂപം. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ആണ് എയ്ഡ്സ് രോഗാണു.

മനുഷ്യ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന വൈറസ് (എച്ച്ഐവി) മൂലമുണ്ടാകുന്ന അവസ്ഥയാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ്. വൈറസ് രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും മറ്റ് രോഗങ്ങളോടുള്ള പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള സർക്കാർ സംവിധാനങ്ങളും ആരോഗ്യ ഉദ്യോഗസ്ഥരും സർക്കാരിതര സംഘടനകളും വ്യക്തികളും ഈ ദിനം ആചരിക്കുന്നു, രോഗപ്രതിരോധം, ചികിത്സ, പരിചരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന ആചരിക്കുന്ന പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്ന് കൂടിയാണ് ലോക എയ്ഡ്സ് ദിനം.

ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ചവർ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു രോഗങ്ങൾ ബാധിച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ മരിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് നൂതനമായ ചികിൽസാ രീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്. അണുബാധിതർക്ക് ഈ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. എന്നാൽ, പലർക്കും ഈ ചികിൽസയെക്കുറിച്ച് വ്യക്തമായ അവബോധമില്ല.
സംസ്ഥാനത്ത് 461 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി. പരിശോധന സൗജന്യമായി നടത്തുന്നതിന് സംവിധാനമുണ്ട്. കൗൺസിലിങും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവരെ തുടർ ചികിൽസയ്ക്കായി എആർടി കേന്ദ്രങ്ങളിലേക്ക് അയക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.