“എന്റെ കണ്ണുകള്‍
നിന്റെ കണ്ണുകളില്‍ കൊരുത്തുകിടന്നു
കെട്ടഴിക്കാനാവാതെ…”
കണ്ണ് കവിതയില്‍ മാത്രമല്ല, ജീവിതത്തിലും സുന്ദരമാണ്, കാഴ്ചകള്‍ക്കും കാണുന്നവര്‍ക്കും. ലോക കാഴ്ചദിനമാണിന്ന്. ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് കാഴ്ചദിനമായി ആചരിക്കുന്നത്. അന്തര്‍ദേശീയ അന്ധതാ നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതയ്ക്കും കാഴ്ചവൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ദിനത്തിന്റെ ലക്ഷ്യം. “പ്രണയിക്കാം കണ്ണുകളെ ” (love your eyes) 2023ലെ തലവാചകമിതാണ്. തൊഴിലടങ്ങളില്‍ നേത്രാരോഗ്യത്തിന്റെ പ്രാധാന്യം മുഖ്യവിഷയമായും ഉയര്‍ത്തുന്നു. പൊതുജനങ്ങളെ അന്ധതാ നിവാരണത്തെക്കുറിച്ചും ആഗോളപദ്ധതികളെക്കുറിച്ചും ബോധവാന്മാരാക്കുക, ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പൊതുജന പിന്തുണ നേടിയെടുക്കുക എന്നിങ്ങനെയാണ് അന്തര്‍ദേശീയ അന്ധതാ നിവാരണ സമിതിയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ചികിത്സയിലൂടെ മാറ്റാനാവുന്ന കാഴ്ചാ വൈകല്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് 2013 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് വിഷന്‍ 2020. പദ്ധതി നടപ്പാക്കുന്നത് അന്തര്‍ദേശീയ അന്ധത നിവാരണ സമിതിയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ്.
പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നായ അന്ധതയെക്കുറിച്ച് ബോധവല്‍ക്കരിക്കുക, വികസ്വര രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളെയും ആരോഗ്യമന്ത്രാലയങ്ങളെയും അന്ധതാ നിവാരണത്തിനു വേണ്ട ഫണ്ട് സമാഹരിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ദേശീയ അന്ധതാ-കാഴ്ചവൈകല്യ നിയന്ത്രണ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ത്യയിൽ അന്ധതാ നിയന്ത്രണ പരിപാടികൾ നടപ്പിലാക്കുന്നത്.
കാഴ്ചാദിനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഓര്‍മ്മിപ്പിക്കുന്നു…
കണ്ണിന്റെ ആരോഗ്യത്തിന്റെ വാതിലാണ് കാഴ്ച. സകുടുംബം കാഴ്ചാപരിശോധന നടത്തുക. നമ്മുടെ നാട്ടിൽ സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് കാഴ്ചാപരിശോധന നിർബന്ധമല്ല. വിദ്യാര്‍ത്ഥികളോ അധ്യാപകരോ മാതാപിതാക്കളോ പറയുന്നതു വരെ കാഴ്ചാവൈകല്യം ശ്രദ്ധയിൽപ്പെടാൻ സാധ്യതയും ഇല്ല. ഒരു കണ്ണിന് മാത്രം ആണെങ്കിൽ പ്രത്യേകിച്ചും. വെളിച്ചവും ദൂരവും ഏറ്റവും കൃത്യമായാൽ മാത്രമേ കാഴ്ച കൃത്യമാകൂ. കുട്ടികളിലെ കാഴ്ചക്കുറവ് ചെറുപ്രായത്തിൽ കണ്ടുപിടിക്കുക എന്നത് ആവശ്യമാണ്. എങ്കിലേ പൂർണമായ പരിഹാരം കിട്ടുകയുള്ളൂ. കൗമാരപ്രായത്തിനു ശേഷം കണ്ണട വച്ചാൽ ചെറുപ്പത്തിലെ കാഴ്ചക്കുറവ് പരിഹരിക്കപ്പെടണം എന്നില്ല.
നേത്രവിഭാഗവുമായി ബന്ധപ്പെട്ട് ജില്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ആശുപത്രികളിലും, ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ഒഫ്താൽമോളജിസ്റ്റിന്റെ (നേത്രരോഗ വിദഗ്ധൻ) സേവനം ലഭിക്കും. ഇവിടങ്ങളിലൊക്കെയും ഒപ്റ്റോമെട്രിസ്റ്റിന്റെ (നേത്രപരിശോധകർ) സാന്നിധ്യവും ഉണ്ട്. എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഒപ്റ്റോമെട്രിസ്റ്റ് ഉണ്ട്. പ്രാഥമികതലത്തിലുള്ള നേത്ര പരിശോധനകൾ അവർ നടത്തുന്നതും കൂടുതൽ പരിശോധന ആവശ്യമായവരെ താലൂക്ക് ജില്ലാ ആശുപത്രികളിലെ ഒപ്താൽമോളജിസ്റ്റിന്റെ പക്കലേക്ക് അയ്ക്കുകയും ചെയ്യുന്നു. ഫാമിലി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ സാധാരണ മാസത്തിൽ ഒരിക്കലാണ് ഒപ്റ്റോമെട്രിസ്റ്റ് വരുന്നത്. അതത് ആരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചാൽ ഏതു ദിവസം എന്നത് കൃത്യമായി അറിയാൻ പറ്റും. കാഴ്ച പരിശോധിച്ച് ആവശ്യമെങ്കില്‍ കണ്ണട നിര്‍ദേശിക്കും. പ്രാഥമിക പരിശോധനക്ക് ശേഷം കാഴ്ചക്കുറവ് പരിഹരിക്കാനാവില്ലെങ്കിൽ കൂടുതല്‍ പരിശോധനയ്ക്കായി അയയ്ക്കുന്നു.
പ്രായമായവരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തിമിരം മൂലമുള്ള കാഴ്ചക്കുറവാണ്. ചെറിയ ഒരു പരിശോധനയിലൂടെ തിമിരം ഉണ്ടോ എന്ന് മനസിലാക്കാനും അവരെ ശസ്ത്രക്രിയയ്ക്കു വേണ്ടി നേത്രരോഗവിദഗ്ധന്റെ അടുത്തേക്ക് അയയ്ക്കാനും പറ്റും. ഡയബറ്റിസ് കൊണ്ടും ഗ്ലോക്കോമ കൊണ്ടുമെല്ലാമുള്ള, കണ്ണിനെ ബാധിക്കുന്ന മറ്റു തകരാറുകൾ ഏറ്റവും വേഗത്തിൽ അറിയാൻ പറ്റുന്നതും കാഴ്ച പരിശോധന വഴിയാണ്. കണ്ണിന്റെ പ്രഷർ കൂടുന്ന ഗ്ലോക്കോമ എന്ന രോഗം ഞരമ്പിനെയാണ് ബാധിക്കുന്നത്. എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും തുടർചികിത്സ നടത്തുകയും വേണ്ട രോഗാവസ്ഥയാണിത്.
ഡയബറ്റിസ് ഉള്ളവരിൽ വരാൻ സാധ്യതയുള്ള, നേത്രപടലത്തെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതിയും എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട ഒന്നാണ്. മുൻകൂട്ടി കണ്ടുപിടിച്ചാൽ ഇതുമൂലം ഉണ്ടാകുന്ന അന്ധത തടയാവുന്നതാണ്.
ഒരു ഫോട്ടോ എടുക്കുന്നത്രയും എളുപ്പത്തിൽ റെറ്റിനയുടെ പടമെടുത്ത് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടോ എന്ന് തിരിച്ചറിയാനും വേണ്ട ചികിത്സയ്ക്ക് റഫർ ചെയ്യാനുമുള്ള സംവിധാനം നടപ്പിലാക്കി വരുന്നു. ആരോഗ്യമേഖലയിലെ വലിയ ഒരു കാൽവയ്പാണ് പ്രാഥമിക തലത്തിലുള്ള ഇത്തരം പുതിയ മാറ്റങ്ങൾ. അഞ്ചുവർഷത്തിനു മേൽ ഡയബറ്റിസ് ബാധിച്ച, കാഴ്ചക്കുറവ് ഉള്ളവരും ഇല്ലാത്തവരും നിർബന്ധമായും റെറ്റിന പരിശോധന നടത്തേണ്ടതാണ്. ഡയബറ്റിക് റെറ്റിനോപ്പതി കൊണ്ടുള്ള കേടുപാടുകൾ കൂടുതൽ വ്യാപിക്കാതിരിക്കാൻ നേരത്തെയുള്ള കണ്ടുപിടുത്തം അത്യാവശ്യമാണ്.
ദേശീയ അന്ധതാ നിവാരണ സമിതിയുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രികളില്‍ ഒരു മൊബൈൽ യൂണിറ്റ് നേത്രവിഭാഗം പ്രവർത്തിക്കുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ ക്ലബ്ബുകൾ ലൈബ്രറികൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്യാമ്പുകൾ നടത്താറുണ്ട്. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വഴിയോ ജില്ലാ ആശുപത്രി വഴിയോ ജില്ലയിലെ ഏത് ഉൾപ്രദേശത്തും തികച്ചും സൗജന്യം ആയി ക്യാമ്പുകൾ നടത്താവുന്നതാണ്. സ്കൂൾ കുട്ടികളിലെ കാഴ്ചാപരിശോധന സ്കൂൾ ഹെൽത്തിലെ മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിവരുന്നു. കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണവും ചെയ്യുന്നുണ്ട്.
ആംബ്ലായോപിയ അഥവാ അലസമായ കണ്ണ് (ലേസി ഐ) തുടങ്ങിയ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ഉണ്ട്. നേരത്തെ കണ്ടുപിടിച്ചാൽ മാത്രമേ ഉപയോഗമുണ്ടാകൂ എന്നുമാത്രം. അതുകൊണ്ടുതന്നെ അല്പം മുൻകൈ എടുത്ത് കാഴ്ച പരിശോധനക്ക് തയ്യാറാവണം. ഏതു ആശുപത്രിയിലെ നേത്രരോഗ വിഭാഗവും ആയി ബന്ധപ്പെട്ടാൽ സംശയ നിവാരണം നടത്താൻ കഴിയുന്നതാണ്. ബിപിഎൽ പട്ടികയിലുള്ളവര്‍ക്ക് കണ്ണട സൗജന്യമായി കൊടുക്കാനുള്ള സംവിധാനവും ഉണ്ട്. കാഴ്ച തീരെക്കുറഞ്ഞ ലോ വിഷൻ ആളുകൾക്ക് വേണ്ട പരിശോധനയും ചികിത്സയും ലഭിക്കും. അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും നേത്രരോഗ വിഭാഗത്തെ സമീപിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.