
കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗണ്‍ ട്രാജഡി കൂട്ടക്കൊലയ്ക്ക് ഇന്ന് 104-ാം വാര്‍ഷികം. 1921 നവംബര്‍ 19നാണ് ആ ദുരന്തം ഉണ്ടാകുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ തുടര്‍ന്ന് മലബാറില്‍ 220ലേറെ ഗ്രാമങ്ങളില്‍ അന്ന് കലാപം പൊട്ടിപുറപ്പെട്ടു. കലാപത്തിന്റെ പേരില്‍ ആയിരക്കണക്കിനാളുകളെയാണ് അറസ്റ്റുചെയ്തത്.
നവംബര്‍ 10 മുതല്‍ അറസ്റ്റുചെയ്തവരെക്കൊണ്ട് നാട്ടിലെ ജയിലുകളില്‍ നിറഞ്ഞപ്പോള്‍ 100 പേരെ വീതം ബെല്ലാരി ജയിലില്‍ കൊണ്ടുപോകാനായിരുന്നു ബ്രിട്ടീഷ് പൊലീസിന്റെ തീരുമാനം. അങ്ങനെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ മദ്രാസ് സൗത്ത് കമ്പനിയുടെ എംഎസ്എംഎല്‍വി എന്ന ചരക്ക് ബോഗിയിലാണ് തടവുകാരെ കയറ്റിയത്.
വായു സഞ്ചാരമില്ലാത്തതിനാലും തിക്കി നിറച്ചുകൊണ്ടുപോയതിനാലും തടവുകാര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. പോത്തന്നൂരില്‍ എത്തിയ വാഗണ്‍ ബ്രിട്ടീഷ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ 56 പേര്‍ മരിച്ചതായി കണ്ടെത്തി. 56 മൃകദേഹങ്ങള്‍ അതേ വാഗണില്‍ത്തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. ബാക്കി 44 പേരുമായി പുലര്‍ച്ചെ 4:30ന് ട്രെയിന്‍ കോയമ്പത്തൂരിലേക്ക് പോയി. ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്ക് ആറുപേര്‍കൂടി മരിച്ചു. അടുത്ത ദിവസങ്ങളിലായി എട്ടുപേര്‍കൂടി മരിച്ചു. ആകെ മൊത്തം 70 തടവുകാരാണ് കൊല്ലപ്പെട്ടത്.
പുലാമന്തോളിലെ പാലം പൊളിച്ചൂവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയവരാണ് ഈ 100 പേരുടെ കൂട്ടത്തിലുണ്ടായിരുന്നത്. തിരൂരിലെ കോരങ്ങത്ത് പള്ളിയിലും ജുമുഅത്ത് പള്ളിയിലും മുത്തൂര്‍കുന്നിലുമായാണ് മൃതദേഹങ്ങള്‍ അടക്കംചെയ്തത്. കുറ്റങ്ങള്‍ കെട്ടിചമച്ച് ബ്രിട്ടീഷുക്കാര്‍ കലാപക്കാരെ കൊലപ്പെടുത്തിയതാണെന്ന് അഭിപ്രായങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.