22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മോഡിയുടെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം: ലക്ഷ്യങ്ങള്‍ പാഴായി; ഇനിയും അവസാനിക്കാതെ ദുരിതം

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2021 8:39 am

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് അഞ്ചുവര്‍ഷം. ദുര്‍ബല ജനവിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. സാധാരണക്കാര്‍ അനുഭവിച്ച ദുരിതം മാത്രമാണ് കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം. 2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കാണ് നരേന്ദ്ര മോഡി ദേശീയ ചാനലില്‍ പ്രത്യക്ഷപ്പെട്ട് നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ക്ക് ഒന്ന് തയ്യാറാകാന്‍പോലും അവസരം നല്‍കാതെയായിരുന്നു 500. 1000 നോട്ടുകള്‍ അതേദിവസം അര്‍ധരാത്രി മുതല്‍ അസാധുവാക്കിയ നടപടി. രാജ്യത്ത് വിനിമയത്തിലിരുന്ന 80 ശതമാനത്തിലേറെയും ഈ നോട്ടുകളായിരുന്നു.

നാടകീയ പ്രഖ്യാപനത്തോടെ രാജ്യം അരാജകത്വത്തിലേക്ക് വീണു. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വലിയ നിരകള്‍ പ്രത്യക്ഷപ്പെട്ടു. ക്യൂ നിന്ന് കുഴഞ്ഞുവീണ് മരിച്ചവര്‍ ഏറെ. പണം ലഭിക്കാതെ ജീവനൊടുക്കിയവരും ചികിത്സ ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടവരും നിരവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടായിരുന്നു മോഡിയുടെ നടപടി. മൂന്ന് വലിയ ലക്ഷ്യങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. കള്ളപ്പണം നിയന്ത്രിക്കുക, കള്ളനോട്ട് പ്രചാരം തടയുക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ച് കറന്‍സി രഹിത സമ്പദ്ഘടന രൂപപ്പെടുത്തുക. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും നടപ്പായില്ലെന്ന് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. 

അസാധുവാക്കപ്പെട്ടതില്‍ 99.3 ശതമാനം നോട്ടുകളും അനുവദിച്ച സമയത്തിനുള്ളില്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തിയതോടെ കള്ളപ്പണം നിയന്ത്രിക്കാനാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. നാല് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരിച്ചെത്തില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 15.31 ലക്ഷം കോടി ബാങ്കുകളിലേക്ക് തിരിച്ചെത്തി. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളവ കൂടാതെയുള്ള കണക്കാണിത്. കളളപ്പണത്തെ പ്രതിരോധിക്കുന്നതില്‍ നോട്ട് നിരോധനം പരാജയപ്പെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു.

കള്ളനോട്ടിന്റെ കാര്യത്തിലും നോട്ട് നിരോധനം ഗുണം ചെയ്തില്ല. 2016 ല്‍ 6.32 ലക്ഷം കോടിയുടെ കള്ളനോട്ടുകളാണ് രാജ്യത്ത് കണ്ടെത്തിയിരുന്നത്. എന്നാല്‍ അടുത്ത നാല് വര്‍ഷം കൊണ്ട് പിടിച്ചെടുത്തത് 18.87 ലക്ഷം കോടിയുടെ കള്ളനോട്ടുകളാണ്. 2020 ല്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ 31 ശതമാനം കണ്ട് വര്‍ധിച്ചതായും ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. സമ്പദ്ഘടനയില്‍ നോട്ട് നിരോധനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കി. 2016–17 സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ ജിഡിപി രണ്ട് ശതമാനം ഇടിഞ്ഞു. 2015–16 ലെ എട്ട് ശതമാനം വളര്‍ച്ചയില്‍ നിന്ന് 2016–17 ല്‍ 7.1 ശതമാനമായും 2017–18 സാമ്പത്തിക വര്‍ഷം 6.7 ശതമാനമായും ജിഡിപി കുറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ വര്‍ധിച്ചുവെങ്കിലും പിന്നീട് കുത്തനെ കുറഞ്ഞതോടെ കാഷ്‌ലെസ് ഇക്കോണമിയെന്ന പ്രഖ്യാപനവും വൃഥാവിലായി. 

ENGLISH SUMMARY:Today marks the fifth anniver­sary of Mod­i’s ban on banknotes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.