1 സഭയില്‍ പ്രതിപക്ഷത്തിന്റെ കയ്യാങ്കളി
സ്പീക്കറുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷം അഴിച്ചുവിട്ട അക്രമത്തിൽ അഞ്ച് വനിതാ വാച്ച് ആന്റ് വാർഡുമാർക്കും അഡീഷണൽ ചീഫ് മാർഷലിനും ഉള്‍പ്പെടെ പരിക്കേറ്റു. പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭ പിരിഞ്ഞശേഷമാണ് പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടത്. സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്നു. ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെയും പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
2 സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി
സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സഭയിൽ കണ്ടത് അതാണെന്നും മന്ത്രി പരിഹസിച്ചു. സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതിയെന്നും വീണാ ജോർജ് കുറിച്ചു.
3 സ്വപ്ന സുരേഷിന് എം വി ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു
സ്വപ്ന സുരേഷിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു. സ്വപ്ന ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അഡ്വ നിക്കോളാസ് ജോസഫ് മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
4 ബ്രഹ്മപുരം: ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് എം എ യൂസഫലി
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും.
5 ലോക്സഭയിൽ വീണ്ടും ഭരണ — പ്രതിപക്ഷ ബഹളം
ലോക്സഭയിൽ വീണ്ടും ഭരണ — പ്രതിപക്ഷ ബഹളം. പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുടർന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴും സഭയിൽ ബഹളം തുടർന്നു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു.
6 രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 436 സായുധ സേനാംഗങ്ങൾ ആത്മഹത്യ ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ തടയുന്നതിനും ആവശ്യമായ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഘം റിപ്പോർട്ട് തയാറാക്കി വരികയാണെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി.
7 ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും ജാമ്യം
റെയില്‍വേ നിയമനത്തിന് പകരം ഭൂമി കോഴയായി വാങ്ങിയെന്ന സിബിഐ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ക്കൊപ്പം കേസിലെ മറ്റ് 14 പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു.
8 എച്ച്3എന്‍2 വൈറസ് കേസുകള്‍; സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് പുതുച്ചേരി
എച്ച്3എന്‍2 വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് പുതുച്ചേരി. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 11 ദിവസത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 26 വരെയാണ് അവധി.ആഭ്യന്തര മന്ത്രി എ നമശ്ശിവായമാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
9 ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവ്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടി താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. നാളെ പത്ത് മണി വരെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് പൊലീസിനും വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പി.ടി.ഐ നേതാവ് ഫവാദ് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
10 കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.