9 January 2025, Thursday
KSFE Galaxy Chits Banner 2

ഒരുമിക്കും ഭാരതം വിജയിക്കും ഇന്ത്യ

കാനം രാജേന്ദ്രൻ
September 10, 2023 4:50 am

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കോർപറേറ്റ് കൂട്ടു കച്ചവടത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ, മണിപ്പൂർ, ഹരിയാന കലാപങ്ങൾ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങളെ രാജ്യം അഭിമുഖീകരിക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിടുന്നതും ബിജെപിക്ക് പരിഭ്രാന്തിയുണർത്തിയിട്ടുണ്ട്. സർക്കാർ ഏജൻസികളും അനൗദ്യോഗിക ഏജൻസികളും നടത്തിയ പ്രീപോൾ സർവേകൾ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് ഉറപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിലാകെ ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്നു. ഏഴ് സംസ്ഥാനത്ത് ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പുകൾ ബിജെപിക്ക് ഷോക്ക് ട്രീന്റ്മെന്റാണ്. ഇന്ത്യാ മുന്നണിക്ക് മേൽക്കൈ നേടാൻ കഴിഞ്ഞു. ബംഗാളിലെ സിറ്റിങ് സീറ്റായ ജൽപാഗുരി ബിജെപിക്ക് നഷ്ടമായി. അവരുടെ ശക്തികേന്ദ്രമായ യുപിയിലെ ഘോസിയിൽ സമാജ്‌വാദി പാർട്ടി വൻഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വരാൻ പോകുന്ന മാറ്റത്തിന്റെ സൂചനകളാണിതൊക്കെ. യഥാർത്ഥത്തിൽ ഇപ്പോൾ തന്നെ ബിജെപി രാജ്യത്ത് ഒരു ശക്തിയല്ലാതായിത്തീർന്നിരിക്കുകയാണ്. കോർപറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ ഊതി വീർപ്പിച്ചിരിക്കുന്ന ഒരു ബലൂണാണ് ബിജെപി. ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ ജനവികാരം ശ്രദ്ധേയമാണ്. 2019ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ജയിച്ച്, ബംഗാൾ, കേരളം, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്നത് ബിജെപി ഇതര സർക്കാരുകളാണ്.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


2019ലെ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയവരുടെ 63 ശതമാനവും വ്യക്തമായും ബിജെപിക്കെതിരാണ്. ഇപ്പോഴും ഹിന്ദി ഹൃദയഭൂമിയൊഴിച്ച് നിർത്തിയാൽ ബിജെപിയുടെ ആധിപത്യത്തിനെതിരാണ്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ അവർക്കു കാര്യമായ ചലനങ്ങളൊന്നും സാധ്യമല്ലാതായിരിക്കുന്നു. ഇതൊരു വലിയ ആഘാതമാണ് അവരിൽ സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ മധ്യപ്രദേശിലും രാജസ്ഥാനിലുമുൾപ്പെടെ, ബിജെപിയുടെ ആഭ്യന്തര വൈരുധ്യങ്ങൾ മൂർച്ഛിച്ചിരിക്കുകയാണ്. ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നു ബിജെപിയിലേക്ക് കൂറുമാറ്റത്തിലൂടെ വരുന്ന നേതാക്കൾക്കു നൽകുന്ന പദവികളും പ്രാമുഖ്യവും ബിജെപിയിലെ മുതിർന്ന നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബിജെപിയിലെ പല പ്രമുഖ നേതാക്കൾക്കും സീറ്റുകൾ ലഭിക്കില്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. ഇതിലുള്ള മുറുമുറുപ്പ് നിലനിൽക്കേ തന്നെ നാഗ്പൂർ നിർദേശം അനുസരിച്ച് ഇതര പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളെ ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുകയാണവർ. എന്നാൽ ഇത്തരം പദ്ധതികൾ കൊണ്ടൊന്നും അവർക്ക് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചെടുക്കാനാവില്ല.
മണിപ്പൂർ കലാപത്തോടെ അവിടുത്തെയും തൊട്ടടുത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ബിജെപിക്കെതിരായി. ത്രിപുരയിൽ മുഖ്യമന്ത്രി ഡോ. മണിക് സാഹയും മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി രംഗത്ത് വന്നിരിക്കുന്നു. ഇതിനു പുറമെ അരുണാചൽ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നല്ല ജനസ്വാധീനമുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് ബിജെപി മുന്നണിയിൽ നിന്നും വിട്ടുപോയി. ഈ ഭരണ വിരുദ്ധ വികാരത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ആവനാഴിയിലെ അമ്പുകളെല്ലാമെടുത്ത് പ്രയോഗിക്കുകയാണ്.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


ഈ പശ്ചാത്തലത്തിൽ വ്യത്യസ്ത രീതിയിൽ ജനങ്ങളിൽ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള പദ്ധതികളാണ് ബിജെപി സമീപകാലത്ത് ആവിഷ്കരിച്ചിരിക്കുന്നത്. അതിലൊന്നു മാത്രമാണ് ഏകീകൃത സിവിൽ കോഡ്. അത് കഴിഞ്ഞപ്പോൾ ”ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നു. ഒരു കാലത്ത് ബിജെപി തന്നെ പാർലമെന്റിലും കോടതിയിലും മറ്റും എതിർപ്പ് പ്രകടിപ്പിച്ചതാണീ ആശയം. ഇതിനായി മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായി കേന്ദ്ര‑സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിനുള്ള വെള്ള പൂശൽ നാടകത്തിനായുള്ള എട്ടംഗ പാനൽ രൂപീകരിച്ചു. കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ആ കമ്മിറ്റിയിൽ നിന്ന് വിട്ടു നിൽക്കുന്നു. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തിയാൽ ഗവണ്‍മെന്റിനും രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പു ചെലവുകൾ കുറയുമെന്നാണിതിനൊരു ന്യായീകരണം ബിജെപി നിരത്തുന്നത്. സിപിഐയുടെ നിർബന്ധത്തിന് വഴങ്ങി 1970ൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്ന് സംഭാവനകൾ വാങ്ങുന്നത് നിരോധിക്കുകയുണ്ടായി. എന്നാൽ ബിജെപിയാകട്ടെ ഇലക്ടറൽ ബോണ്ട് സംവിധാനം നിയമമാക്കി കോർപറേറ്റുകളിൽ നിന്നും കോടികൾ സമാഹരിച്ചു. അടുത്തിടെ പരസ്യപ്പെടുത്തിയ കണക്കുപ്രകാരം 6000 കോടിയുണ്ട് അവര്‍ക്ക് ആസ്തി. അതിനുമെത്രയോ മടങ്ങായിരിക്കും ബിജെപി കൈക്കലാക്കിയിട്ടുള്ളത്. ഇലക്ടറൽ ബോണ്ട് നിയമ പ്രകാരം കൊടുക്കുന്ന ആളും വാങ്ങുന്ന ആളും മാത്രം അറിഞ്ഞാൽ മതി എത്ര തുക കൈമാറ്റം ചെയ്തെന്ന്. ഇതിൽനിന്ന് മനസിലാക്കേണ്ടത് നരേന്ദ്രമോഡി സർക്കാരിന്റെ ധ്രുതഗതിയിലുള്ള ഈ നിർദ്ദിഷ്ട നടപടി ഇലക്ഷൻ സംവിധാനം ശുദ്ധീകരണമല്ല ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. ഇലക്ഷൻ പരിഷ്കരണത്തിനുള്ള ഇന്ദ്രജിത് ഗുപ്ത നിർദേശങ്ങൾ എത്രയോ കാലമായി ശീതീകരിച്ച് വച്ചിരിക്കുകയാണ്. അടുത്ത് നടക്കാൻ പോകുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മറ്റൊരു കർണാടക ആവർത്തിക്കുമോ എന്ന പരാജയ ഭീതിയിലാണ് അവർ.
അടുപ്പിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളുമായി ലോക്‌സഭാ ഇലക്ഷനെ നേരിടുന്നത് തിരിച്ചടിക്ക് കാരണമാകാം എന്ന് മുൻകൂട്ടിക്കണ്ടുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് ഏകീകരണം എന്ന ആയുധം ബിജെപി എടുത്തു പയറ്റുന്നത്. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകൾ എന്ന രണ്ടു കടമ്പകളെയും ഒരേ സമയം നേരിടുന്നതിലൂടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവികൾ ഒഴിവാക്കാമെന്നും അതോടൊപ്പം തന്നെ ജി 20 ഉച്ചകോടിയിലൂടെ തീവ്ര ദേശീയ വികാരം ഉണർത്തി കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിട്ട് വിജയം നേടാമെന്നുമുള്ള വ്യാമോഹത്തിലാണ് ബിജെപിയും സംഘ്പരിവാറും.


ഇത് കൂടി വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


അതുപോലെ ഇന്ത്യയെ ഭാരതമാക്കി പേരുമാറ്റുന്നതിന് പിന്നിലും തീവ്ര ദേശീയ വികാരം ഇളക്കി വിടുക എന്ന ഗൂഢതന്ത്രം തന്നെയാണ്. ഇന്ത്യ എന്ന പേര് വിദേശത്ത് നിന്ന് കടം കൊണ്ടതെന്നാണവരുടെ വാദം. നാം ഇന്ത്യക്കാർ എന്ന വാചകത്തോടെയാണ് ഭരണഘടന ആരംഭിക്കുന്നത്. ഭാരതം എന്ന പദവും ഭരണഘടനയിലുണ്ട്. ഇന്ത്യയെന്നും ഭാരതമെന്നും ഹിന്ദുസ്ഥാൻ എന്നും ജനങ്ങൾ വിളിക്കാറുണ്ട്. ഇന്ത്യ എന്നുപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്ന് ഉപയോഗിച്ചു തുടങ്ങണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽ വച്ച് ആഹ്വാനം ചെയ്യുകയുണ്ടായി. അതിനു പിന്നാലെയാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന പ്രയോഗമുള്ള ക്ഷണക്കത്ത് പുറത്തുവന്നത്. രാജ്യത്തിന്റെ പേര് ഭാരത് എന്ന് ഒറ്റപ്പേരാക്കി വിളിക്കണമെന്ന് നൽകിയ ഹർജി 2016ലും 2020ലും സുപ്രീം കോടതി തള്ളിയിരുന്നു. എന്നാലിപ്പോൾ ”ഇന്ത്യ” മുന്നണിയോടുള്ള ഭയപ്പാടാണ് പേരുമാറ്റത്തിന് പിന്നിലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
ഹിന്ദുത്വ ദേശീയതയെ വ്യാജ പ്രചരണങ്ങളിലൂടെ തട്ടിയുണർത്തുക എന്നത് ഇതിന്റെ പിന്നിലുണ്ട്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സന്ദർഭവും പ്രസക്തമാണ്. ജി20 ഉച്ചകോടി നടക്കുന്ന വേളയിലാണീ അജണ്ട തിരുകിക്കയറ്റുന്നത്. എന്നാൽ ബിജെപിയുടെ ഇത്തരത്തിലുള്ള സർവ കുതന്ത്രങ്ങളും അവരുടെ ഭാവിയെ സംബന്ധിച്ചുയർന്നിട്ടുള്ള ഭീഷണിയിൽ നിന്നുടലെടുത്തിട്ടുള്ളതാണ്. ബിജെപിക്കെതിരെ ഉയർന്നുവന്ന പ്രതിപക്ഷ സഖ്യം വരുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്നും തൂത്തെറിയുമെന്നതിൽ സംശയമില്ല. പ്രതിപക്ഷ വിശാല സഖ്യത്തിന്റെ ”ഇന്ത്യ” എന്ന പദം തന്നെ മോഡിയെ ഭയപ്പെടുത്തുന്നു. അതിലെ മുദ്രാവാക്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുയിർക്കൊണ്ടതാണ് ”ജുഡേഗാ ഭാരത്” (ഒരുമിക്കും ഭാരതം) ജീത്തേഗാ ഇന്ത്യ (വിജയിക്കും ഇന്ത്യ).


ഇത് കൂടി വായിക്കൂജയന്ത് മഹാപത്രയെ ഓര്‍മ്മിക്കുമ്പോള്‍


ഐഎന്‍ഡിഐഎ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം കേവലം തെരഞ്ഞെടുപ്പ് കൂട്ടായ്മയല്ല. മറിച്ച് കോർപറേറ്റ് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിതമായ വർഗചൂഷണത്താൽ തകർന്നുകൊണ്ടിരിക്കുന്ന ജനസഹസ്രങ്ങളുടെ രൂക്ഷമായ പോരാട്ടങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യമാണ്. അഡാനിയെപ്പോലുള്ള കോർപറേറ്റുകളുടെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളെല്ലാം പുറത്തുവന്നതോടെ മോഡിയുടെ മുഖം കൂടുതൽ മ്ലാനമായി. ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയും ജനങ്ങളുടെ വിശേഷിച്ചും ആദിവാസികൾ, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങൾ — തൊഴിലാളി — കർഷകാദി ബഹുജനങ്ങൾ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചും നയിച്ചുംകൊണ്ടായിരിക്കും ”ഇന്ത്യാസഖ്യം” ബിജെപിയെ നേരിടുന്നത്. അത് ഇന്ത്യയുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അസ്തിത്വത്തെയും ജനജീവിതത്തെ തന്നെയും ഹിന്ദുത്വ ഫാസിസത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള രാഷ്ട്രീയ യുദ്ധവും ഉറച്ച ജനാധിപത്യ ബദൽശക്തിയുമായിരിക്കും. അതിന്റെ ഭാഗമായിട്ടാണ് സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്ത ”ബിജെപി ഹഠാവോ, ദേശ് ബച്ചാവോ” (ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലുടനീളം പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മേൽപ്പറഞ്ഞ രാഷ്ട്രീയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രചരണ പദയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. 2024ലെ അതിനിർണായകമായ തെരഞ്ഞെടുപ്പിൽ നമുക്ക് രാഷ്ട്രീയപരവും സംഘടനാപരവുമായ മേൽക്കൈ നേടണമെങ്കിൽ ജനങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പ്രചരണം അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബിജെപിയുടെ കോർപറേറ്റ് ഫാസിസ്റ്റ് ഭരണത്തിന് ബദലാണ്. ഈ ദിശയിൽ നമുക്ക് ജനങ്ങളെ സമീപിക്കാം.
(അവസാനിക്കുന്നില്ല)

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.