27 April 2024, Saturday

ജയന്ത് മഹാപത്രയെ ഓര്‍മ്മിക്കുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
September 5, 2023 4:15 am

ക്കഴിഞ്ഞ ഓഗസ്റ്റ് 27ന് 94-ാം വയസില്‍ ന്യുമോണിയ ബാധിച്ച് ജയന്ത് മഹാപത്ര എന്ന പ്രശസ്ത എഴുത്തുകാരന്‍ അന്തരിച്ചത് പത്രങ്ങള്‍ ഉള്‍പ്പേജിലെ ഒരു വാര്‍ത്തയിലൊതുക്കി. ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങളും അര്‍ഹമായ പ്രാധാന്യം, ആംഗലേയ ഭാഷയില്‍ കവിതകളെഴുതി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഇന്ത്യയിലെ ഏക കവിക്ക് നല്‍കിയില്ല. മാനവികതയുടെ, സംസ്കാരത്തിന്റെ കണ്ണികള്‍ രാജ്യശരീരത്തില്‍ നിന്ന് ഒന്നൊന്നായി കൊഴിഞ്ഞുപോവുമ്പോള്‍ അവ പൂര്‍ണമായും തമസ്കരിച്ചുകൊണ്ട് ആസുരകാലത്തെ അവതാരങ്ങളുടെ വാഴ്ത്തുപാട്ടുകളാണ് എങ്ങും മുഴങ്ങുന്നത്.
ഇംഗ്ലീഷ് ഭാഷ ഇന്ത്യയിലെ ജനങ്ങളുടെ ബ ന്ധഭാഷയായി മാറുന്നത് 19-ാം നൂറ്റാണ്ടോടെയാണ്. അക്കാലംവരെ സാധാരണജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍‍ ഒരു ബന്ധഭാഷ‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ അവരോടൊപ്പം കൊണ്ടുവന്ന ഇംഗ്ലീഷ് ഭാഷയിലൂടെയാണ് ആധുനികശാസ്ത്രവും ലോക സാഹിത്യവുമൊക്കെ ഇന്ത്യക്കാരനിലെത്തുന്നത്.
ഇംഗ്ലീഷ് ഭാഷ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നില്ലെങ്കില്‍ ശാസ്ത്രവിഷയങ്ങളില്‍ മാത്രമല്ല, ലോകസാഹിത്യത്തിലും നമ്മുടെ അവഗാഹം അനേകവര്‍ഷം പിറകിലാവുമായിരുന്നു. ഇത്രയും പറയേണ്ടിവരുന്നത് ഇംഗ്ലീഷിനെ ബന്ധഭാഷയില്‍ നിന്ന് മാറ്റുവാനും രാജ്യം മുഴുവന്‍ ബാധകമായ കൃത്യമായി നിര്‍വചിക്കേണ്ട സിവില്‍, ക്രിമിനല്‍ നിയമങ്ങളടക്കം രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ മാത്രം സംസാരിക്കുന്ന ഹിന്ദിയിലേക്ക് മാറ്റുവാനും മറ്റുമുള്ള ശ്രമങ്ങള്‍ കാണുന്നതുകൊണ്ടാണ്.


ഇതുകൂടി വായിക്കൂ: വിശ്വ മാനവികതയുടെ മഹാഗുരു


19-ാം നൂറ്റാണ്ടിന്റെ അവസാനകാലമാവുമ്പോഴേക്ക് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച അനേകം പേര്‍ രാജ്യത്തുണ്ടായി. രാജാറാം മോഹന്‍റോയിയെപ്പോലുള്ള പണ്ഡിതരെ ബ്രിട്ടീഷുകാര്‍ തന്നെ ആദരിച്ചു. രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനും തീര്‍ച്ചയായും എഴുത്തിന്റെ വഴിയില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടായിരുന്നു. മൈക്കല്‍ മധുസൂദന്‍ ദത്ത്, രവീന്ദ്രനാഥ ടാഗോര്‍, സരോജിനി നായിഡു തുടങ്ങിയ ആദ്യകാല ഇന്ത്യന്‍ ഇംഗ്ലീഷ് കവികളുടെ പാത പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യന്‍-ഇംഗ്ലീഷ് കവിതകളില്‍ ആധുനികത കൊണ്ടുവന്നത്, അതിന് ഇന്ത്യയിലെ മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെ വിയര്‍പ്പിന്റെ ഗന്ധവും കണ്ണീരിന്റെ നനവും ചാലിച്ച് നല്‍കിയത് ജയന്ത് മഹാപത്ര, എ കെ രാമാനുജന്‍, ആര്‍ പാര്‍ത്ഥസാരഥി എന്നീ ത്രിമൂര്‍ത്തികളാണ്. ഇവരെ പിന്തുടര്‍ന്നാണ് നസീം എസിക്കേലും കമലാദാസും അനിതാ നായരും ടി പി രാജീവനുമൊക്കെ ഇന്ത്യന്‍ ഇംഗ്ലീഷ് കവിതകളെ സമ്പന്നമാക്കിയത്. ജയന്ത് മഹാപത്ര ചെറുകഥകള്‍, വിവര്‍ത്തനങ്ങള്‍, ഒറിയ ഭാഷയിലെഴുതിയ കവിതകള്‍, കഥകള്‍ ഇവയിലൂടെയെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സാഹിത്യലോകം സൃഷ്ടിച്ചു. നാളിതുവരെയായി ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1981) ലഭിച്ച ഏക എഴുത്തുകാരന്‍ ജയന്ത് മഹാപത്രയാണ്. അദ്ദേഹത്തിന്റെ റിലേഷന്‍ഷിപ്പ് എന്ന കവിതാ സമാഹാരത്തിനായിരുന്നു ബഹുമതി. രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ രചനകള്‍ ആദരിക്കപ്പെട്ടു. ചിക്കാഗോയിലെ പോയട്രി മാസികയുടെ അവാര്‍ഡ്, സാര്‍ക് ലിറ്റററി അവാര്‍ഡ് (2009) ഇവ പുരസ്കാരങ്ങളില്‍ ചിലത് മാത്രം. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2019ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്‍കി.
1928 ഒക്ടോബര്‍ 22ന് കട്ടക്കിലായിരുന്നു ജയന്തിന്റെ ജനനം. പട്ന യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ്‍ എംഎസ്‌സി ബിരുദം നേടിയശേഷം 1949ല്‍ ഒഡിഷയില്‍ ലക്ചററായി. 1986ല്‍ വിരമിക്കുന്നത് വരെ ഒഡിഷയിലെ വിവിധ സര്‍ക്കാര്‍ കോളജുകളിലും യൂണിവേഴ്സിറ്റി സെന്ററുകളിലും ഫിസിക്സ് അധ്യാപകനായിരുന്നു. അറുപതുകളുടെ അവസാനത്തിലാണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് വരുന്നത്. തുടക്കത്തില്‍ കവിതകളും കഥകളുമൊക്കെ പ്രസാധകര്‍ നിരസിച്ചു. വ്യത്യസ്തവും ദുര്‍ഗ്രഹവുമായ ശൈലിയിലാണ് മഹാപത്രയുടെ സാഹിത്യസൃഷ്ടികള്‍ എന്നായിരുന്നു അവര്‍ വിലയിരുത്തിയത്. എന്നാല്‍ അന്താരാഷ്ട്ര സാഹിത്യ ജേര്‍ണലുകളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും അന്താരാഷ്ട്ര സാഹിത്യ സമ്മേളനങ്ങള്‍ക്ക് ക്ഷണിക്കപ്പെടുകയും ചെയ്തുതുടങ്ങിയപ്പോള്‍ ഇവിടെയും പ്രസാധകരുണ്ടായി.
27 കവിതാസമാഹാരങ്ങള്‍ ജയന്ത് മഹാപത്രയുടേതായിട്ടുണ്ട്. അവയില്‍ ഒഡിയ ഭാഷയിലുള്ള ഏഴ് എണ്ണം കഴിഞ്ഞാല്‍ ബാക്കിയെല്ലാം ഇംഗ്ലീഷിലാണ്. കൂടാതെ ഇംഗ്ലീഷില്‍ ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനകാര്യം ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന എല്ലാ സാഹിത്യകാരന്മാരും സ്വന്തം സൃഷ്ടി പ്രസിദ്ധീകരിക്കുവാന്‍ കൊതിച്ചിരുന്ന ‘ചന്ദ്രഭാഗം’ എന്ന സാഹിത്യ മാസികയുടെ എഡിറ്ററായി ജയന്ത് മഹാപത്ര, അനേകം പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നതാണ്.


ഇതുകൂടി വായിക്കൂ:  ജാഗ്രതയുടെ സാംസ്കാരിക ഹൃദയപക്ഷം


കുട്ടിക്കാലത്തെ ഒറ്റപ്പെടലും ദരിദ്രമായ ജീവിതസാഹചര്യങ്ങളും ജയന്ത് മഹാപത്രയിലെ കവിക്ക് പ്രചോദനമായി. മധ്യവയസിലാണ് മഹാപത്ര സാഹിത്യരചനയിലേക്ക് ആകൃഷ്ടനാവുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘ഞാന്‍ പില്‍ക്കാലത്താണ് കവിതകള്‍ എഴുതിത്തുടങ്ങിയത്. വാലഡ് സ്റ്റിവന്‍സിനെയോ, തോമസ് ഹാര്‍ഡിയെയോ പോലെ. കവിത എനിക്ക് മനുഷ്യരെ സ്നേഹിക്കുവാന്‍ അവസരം തന്നു’. അദ്ദേഹത്തിന്റെ കവിതകള്‍ സഹജീവികളോടുള്ള കാരുണ്യം നിറഞ്ഞവയായിരുന്നു. വേദന, പ്രണയം, ദുഃഖം, മരണം തുടങ്ങിയ മനുഷ്യാവസ്ഥകളെയാണ് കവിതകളിലൂടെ അവതരിപ്പിച്ചത്. ‘വിശപ്പ്’ പോലുള്ള കവിതകള്‍ ദാരിദ്ര്യത്തിന്റെ കാഠിന്യം എങ്ങനെ മനുഷ്യനെ നിസഹായനാക്കുന്നു എന്നും ‘പുരിയിലെ പ്രഭാതം’ പോലുള്ള കവിതകള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള തട്ടിപ്പുകളെ കുറിച്ചുമാണ്. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം ഒഡിഷയിലെ ഗ്രാമങ്ങളും ഗ്രാമീണരും സംസ്കൃതിയും കാണാം. സ്വന്തം മണ്ണില്‍ വേരുകളുറപ്പിച്ചുകൊണ്ട് കവിതകള്‍ രചിക്കുക എന്നതാണ് മഹാപത്രയുടെ രീതി.
ജയന്ത് മഹാപത്ര പ്രതിനിധീകരിക്കുന്നത് മനുഷ്യാവസ്ഥയെക്കുറിച്ച്, മനുഷ്യന്റെ പ്രതീക്ഷകളെക്കുറിച്ച്, ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, അവ സൃഷ്ടിക്കുന്ന പരാജയപ്പെടുന്ന മനുഷ്യരെക്കുറിച്ച്, ഒരു നവലോക സൃഷ്ടിയുടെ അനിവാര്യതയെക്കുറിച്ച്, എഴുത്തുകാരും സാമൂഹ്യ‑രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും നിരന്തരം ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തെയാണ്. ഒരുമയെക്കുറിച്ച്, ഉദ്ഗ്രഥനത്തെക്കുറിച്ച്, സാഹോദര്യത്തെക്കുറിച്ചുള്ള ഗാഥകളാണ് പ്രസ്തുത കാലത്തെ മികച്ച സൃഷ്ടികള്‍.
ഇന്ത്യന്‍ സാഹിത്യത്തില്‍ താരാശങ്കര്‍ ബാനര്‍ജിയുടെ ഗണദേവതയും ബിഭൂതി ഭൂഷന്റെ പഥേര്‍ പാഞ്ചാലിയും ഖുദ്രത്തുള്‍ ഹൈദറിന്റെ അഗ്നിനദിയും അത്തരം മനുഷ്യകഥാനുഗായികളായ അനേകമനേകം നോവലുകളും കവിതകളും സിനിമകളും നാടകങ്ങളുമെല്ലാം മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന വലിയൊരു നവോത്ഥാന കാലത്തിന്റെ അവസാന കണ്ണികളിലൊരാളായിരുന്നു ജയന്ത് മഹാപത്ര. രാജ്യത്ത് നടക്കുന്ന വര്‍ഗീയ അസഹിഷ്ണുതകളില്‍ പ്രതിഷേധിച്ചുകൊണ്ട് 2015ല്‍ തന്റെ 85-ാം വയസില്‍ ‘പത്മശ്രീ’ പുരസ്കാരം ജയന്ത് മഹാപത്ര എന്ന മനുഷ്യസ്നേഹി കേന്ദ്ര സര്‍ക്കാരിന് തിരിച്ചു നല്‍കി. ഈ സത്യാനന്തര കാലത്ത് ജയന്ത് മഹാപത്രയെ പോലുള്ള എഴുത്തുകാര്‍ സ്മരിക്കപ്പെടേണ്ടത് രാജ്യത്ത് അവശേഷിക്കുന്ന മാനവികതയ്ക്ക് പ്രാണവായു നല്‍കുന്നതിന് തുല്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.