21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 7, 2024
July 9, 2024
August 8, 2023
August 8, 2023
August 1, 2023
July 15, 2023
July 13, 2023
July 13, 2023
July 10, 2023

തക്കാളി- ഉരുളക്കിഴങ്ങ് വില കുതിക്കുന്നു; ഉള്ളിവിലയും പൊള്ളും

Janayugom Webdesk
ന്യൂഡല്‍ഹി
July 9, 2024 9:31 pm

ഉത്തരേന്ത്യയില്‍ വ്യാപകനാശനഷ്ടം വിതച്ച കനത്ത മഴയെത്തുടര്‍ന്ന് തക്കാളി- ഉരുളക്കിഴങ്ങ് വിപണിയില്‍ തീവില. മഴ ഉത്തരേന്ത്യയില്‍ ആകെ കനത്ത കൃഷിനാശത്തിന് ഇടവരുത്തിയ സാഹചര്യത്തിലാണ് തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി അടക്കമുള്ള പച്ചക്കറികള്‍ക്ക് വിലക്കയറ്റം രൂക്ഷമായത്. 

ഉത്തര്‍പ്രദേശ് , ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിലാണ് മഴ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചത്. മൊറാദാബാദ് മേഖലയില്‍ മാത്രം ഹെക്ടര്‍ കണക്കിന് തക്കാളിപാടവും ഉരുളക്കിഴങ്ങ് പാടങ്ങളും വെള്ളത്തിനടിയിലായി. യുപിക്ക് പുറമെ മഴ താണ്ഡവമാടിയ ഉത്തരാഖണ്ഡിലും വ്യാപക കൃഷിനാശമുണ്ടായി. രാജ്യത്ത് ഏറ്റവും കുടുതല്‍ തക്കാളിയും ഉരുളക്കിഴങ്ങും ഉല്പാദിപ്പിക്കുന്ന മേഖലകളിലാണ് വെളളപ്പൊക്കം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഉഷ്ണതരംഗം നേരിട്ട അവസരത്തില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ കരിഞ്ഞുണങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉല്പന്നങ്ങള്‍ വെള്ളക്കെട്ട് കാരണം അഴുകി നശിക്കുന്ന സ്ഥിതിയിലേക്ക് മാറിയതോടെ ജീവിതം തകര്‍ന്നതായി കര്‍ഷകര്‍ പറയുന്നു. 

ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചതിന്റെ ഫലമായി തക്കാളിക്ക് പകരം മറ്റ് ഉല്പന്നങ്ങളിലേക്ക് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്നും തക്കാളി കര്‍ഷകനായ പപ്പു ഹസന്‍ എഎന്‍ഐയോട് പ്രതികരിച്ചു. നേരത്തെ തന്നെ തക്കാളിക്ക് വിപണിയില്‍ മികച്ച വില ലഭിച്ചിരുന്നില്ല. ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന് പ്രതിക്ഷിച്ചിരുന്നു. എന്നാല്‍ അതും അസ്ഥാനത്തായെന്ന് പപ്പു ഹസന്‍ പറഞ്ഞു. 

മുഴുവന്‍ പച്ചക്കറി ഉല്പന്നങ്ങള്‍ക്കും വിലക്കയറ്റം രൂക്ഷമായതായി രാജസ്ഥാനിലെ അജ്മീറില്‍ വ്യാപാരം നടത്തുന്ന താരാസിങ് പറഞ്ഞു. തക്കാളി-മുളക് എന്നിവയ്ക്കാണ് ഏറ്റവും കുടുതല്‍ വിലവര്‍ധിച്ചിരിക്കുന്നത്. വിപണിയില്‍ പല പച്ചക്കറി ഉല്പന്നങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുകയാണ്. വരും ദിവസങ്ങളില്‍ വിലക്കയറ്റം കുതിച്ച് കയറാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 40 മുതല്‍ 50 രൂപ വരെ കിലോഗ്രാമിന് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ 75 മുതല്‍ 80 രൂപ വരെയാണ് പൊതുവിപണിയില്‍ നല്‍കേണ്ടത്.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വരുന്നു;ഉള്ളി സംഭരണം ഊര്‍ജിതമാക്കി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ ഉള്ളി സംഭരണം ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉല്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇക്കാരണത്താല്‍ സംസ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74 ശതമാനം ഉയര്‍ന്ന വിലയ്ക്കാണ് കേന്ദ്രം ഉള്ളി സംഭരിക്കുന്നത്.
കഴിഞ്ഞവര്‍ഷം, ഉള്ളി സംഭരിച്ചത് ശരാശരി കിലോയ്ക്ക് 16.93 രൂപയ്ക്കായിരുന്നു, ഈ വര്‍ഷം, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ‌്ഫര്‍ (ഡിബിടി) വഴി കിലോയ്ക്ക് ഏകദേശം 29.5 രൂപയ്ക്കാണ് സംഭരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മഹാരാഷ്ട്രയില്‍ നിന്ന് മാത്രം ഉള്ളി വാങ്ങാന്‍ 1500 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം ഉള്ളി സംഭരണത്തിനായി ആകെ 1200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 

ഈ സാമ്പത്തിക വര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉള്ളി സംഭരിക്കും. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഈ ബഫര്‍ സ്റ്റോക്ക് വിപണി ഇടപെടലിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉള്ളി വില കുതിച്ചുയര്‍ന്നു. 2023ലും 2024ന്റെ തുടക്കത്തിലും ഭക്ഷ്യവിലയും മൊത്തത്തിലുള്ള പണപ്പെരുപ്പവും ഉയര്‍ന്നു. ഒടുവില്‍ ആഭ്യന്തര വിലക്കയറ്റം തടയുന്നതിന് ഉള്ളി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇത് തെര‍ഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ തിരിച്ചടിക്ക് കാരണമായിരുന്നു.
സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) എന്നിവയ്ക്ക് 2,50,000 മെട്രിക് ടണ്‍ ഉള്ളി സംഭരിക്കുക എന്ന ലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. ഇരുഏജന്‍സികളും ഇതിനകം 2,00,000 മെട്രിക് ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Toma­to-pota­to prices soar

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.