തക്കാളി വിലയിലുണ്ടായ വന്‍ കുതിപ്പ് കെട്ടടങ്ങാന്‍ മൂന്ന് മാസമെങ്കിലും വേണ്ടിവരും. ഒരു മാസം മുമ്പ് ചില്ലറ വില്പന വില കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളി വില കുതിച്ചുപൊങ്ങി 120 രൂപയിലെത്തിയതിന് പിന്നില്‍ ഘടകങ്ങള്‍ നിരവധിയാണ്.
തക്കാളി റാബി വിളയായും ഖാരിഫ് വിളയായും കൃഷി ചെയ്യുന്നുണ്ട്. വേനല്‍ക്കാല വിളവെടുപ്പാണ് റാബി. ഖാരിഫ് മണ്‍സൂണ്‍ വിളയും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് റാബി കൃഷി. മഴക്കാലമല്ലാത്തതിനാല്‍ ജലസേചനത്തെ ആശ്രയിച്ചാണ് വിളവെടുപ്പ്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ വിത്ത് വിതച്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ വിളവെടുക്കുന്നതാണ് ഖാരിഫ് കൃഷി.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തക്കാളിയുടെ റാബി വിളവെടുപ്പ് മാര്‍ക്കറ്റിലെത്തുന്നത് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയാണ്. അതിനുശേഷം മണ്‍സൂണ്‍ വിളവെടുപ്പ് പ്രധാനമായും യുപി, നാസിക് എന്നിവിടങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലെത്തുന്നത് ഓഗസ്റ്റിന് ശേഷവും. രാജ്യത്ത് അഞ്ച് ലക്ഷം ഹെക്ടര്‍ തക്കാളി റാബി വിളയായും ഒമ്പത് ലക്ഷം ഹെക്ടര്‍ ഖാരിഫ് വിളയുമാണ്. റാബി കൃഷിയിലെ ആദ്യവിളവെടുപ്പിലെ ഉല്പന്നങ്ങള്‍ ഏപ്രില്‍ വരെയും രണ്ടാംഘട്ടം ഓഗസ്റ്റ് വരെയും മാര്‍ക്കറ്റില്‍ സുലഭമായി എത്താറാണ് പതിവ്. റാബി കൃഷി വേനല്‍ക്കാലത്തായതിനാല്‍ ഉല്പാദന ചെലവ് ഖാരിഫ് വിളവെടുപ്പിനേക്കാള്‍ കൂടുതലാണ്. കീടനാശിനി പ്രയോഗം കൂടുതലായതിനാല്‍ ഒരു കിലോ തക്കാളി ഉല്പാദിപ്പിക്കാന്‍ റാബി സീസണില്‍ 12 രൂപയോളം കര്‍ഷകര്‍ക്ക് മുടക്കേണ്ടിവരും.
പൂനൈ ജില്ലയിലെ നാരായണ്‍ഗാവ് മൊത്ത മാര്‍ക്കറ്റില്‍ തക്കാളിയുടെ വില്പന വില ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ അഞ്ച് രൂപയ്ക്കും 10 രൂപയ്ക്കുമിടയിലായിരുന്നു. കര്‍ഷകന് ലഭിച്ചത് രണ്ടര രൂപ മുതല്‍ അഞ്ച് രൂപ വരെയും. ഇതേ തുടര്‍ന്ന് തക്കാളി കൃഷി പാടെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. രണ്ടാംഘട്ട വിളവിറക്കാന്‍ കര്‍ഷകര്‍ തയ്യാറായതുമില്ല. മഹാരാഷ്ട്രയിലെ ജുന്നാര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ തക്കാളി കര്‍ഷകരുള്ളത്. സാധാരണ ഗതിയില്‍ റാബി വിളവിറക്ക് 3000 മുതല്‍ 5000 ഹെക്ടര്‍ വരെയാണെങ്കില്‍ ഈ വര്‍ഷം 1000 ഹെക്ടറില്‍ പോലും കൃഷിയിറക്കിയില്ല. കീടങ്ങളുടെ ആക്രമണം കൂടിയായപ്പോള്‍ ഉല്പാദനം പകുതിയായി കുറഞ്ഞു. നാരായണ്‍ഗാവ് മാര്‍ക്കറ്റില്‍ പ്രതിദിനം എത്തുന്നത് 45,000 പെട്ടി തക്കാളിയാണെങ്കില്‍ (ഒരു പെട്ടിയില്‍ 20 കിലോ വീതം) ഇക്കുറി എത്തിയത് പകുതിയിലും താഴെ. ഇതോടെയാണ് വില കുതിച്ചുയര്‍ന്നത്. മണ്‍സൂണ്‍ എത്താനുള്ള കാലതാമസം മൂലം ഖാരിഫ് വിളവിറക്കാന്‍ കര്‍ഷകര്‍ ഇനിയും ആരംഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ മാസത്തോടെ മാത്രമേ തക്കാളി വില കുറയുള്ളു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ക്രോപ് വെദര്‍ വാച്ച് ഗ്രൂപ്പിലെ വിദഗ്ധരുടെ അനുമാനം.
English Summary:Tomato prices will not fall, until September
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.