അനന്തപുരിയെ ത്രസിപ്പിച്ച കൗമാര കലാ മാമാങ്കത്തിന് നാളെ തിരശ്ശീല വീഴും. ആവേശപ്പോരാട്ടവുമായി മത്സരാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ കലാസ്വാദകര്‍ക്കായി ഒരുങ്ങിയത് സംഗീത നാട്യ നടന വിസ്മയങ്ങളുടെ അവിസ്മരണീയ കാഴ്ചാനുഭവങ്ങള്‍. കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം കനക്കുകയാണ്. 92 ശതമാനം മത്സരയിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 950 പോയിന്റുമായി തൃശൂര്‍ മുന്നിട്ടു നില്‍ക്കുന്നു. കണ്ണൂര്‍ 948, പാലക്കാട് 946, കോഴിക്കോട് 944 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സ്കൂൾ തലത്തിൽ 161 പോയിന്റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കന്‍ഡറി സ്കൂൾ ബഹുദൂരം മുന്നിലാണ്. 106 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കന്‍ഡറി സ്കൂളാണ് രണ്ടാമത്.
ജനപ്രിയ ഇനങ്ങളായ നാടകം, സംഘനൃത്തം, ഭരതനാട്യം, നാടോടി നൃത്തം എന്നിവ ആസ്വദിക്കാന്‍ ഇന്നലെ ആയിരങ്ങളാണ് വേദികളിലേക്ക് ഒഴുകിയെത്തിയത്. പതിവ് ഇനങ്ങള്‍ക്ക് പുറമെ അരങ്ങുണര്‍ത്തിയ ഗോത്രകലാരൂപങ്ങളായ ഇരുളനൃത്തവും പളിയ നൃത്തവും ആവേശക്കാഴ്ചകളൊരുക്കി. കോല്‍ക്കളിയിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കൂടിയാട്ടത്തിലും കേരള നടനത്തിലുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഭാവത്തിലും ശബ്ദത്തിലും മോണോ ആക്ട്, മിമിക്രി വേദികള്‍ ഉണര്‍ന്നപ്പോള്‍ ഈണത്തില്‍ പാടി മാപ്പിളപ്പാട്ടുകാരും നാടന്‍പാട്ടുകാരും കയ്യടി നേടി. അവസാന ദിനമായ ഇന്ന് നാടോടി നൃത്തം, കേരളനടനം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, വയലിൻ, വഞ്ചിപ്പാട്ട്, ഇരുളനൃത്തം, പളിയ നൃത്തം എന്നിവ അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.