18 October 2024, Friday
KSFE Galaxy Chits Banner 2

കേന്ദ്ര ബജറ്റ്; കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചു

പി പ്രസാദ്
കൃഷി വകുപ്പ് മന്ത്രി
July 24, 2024 4:47 am

കർഷകരെ അവഗണിക്കുകയും കോർപറേറ്റുകളെ വാരിപ്പുണരുകയും ചെയ്യുന്ന ബജറ്റാണ് നിർമ്മലാ സീതാരാമൻ പാർലമെന്റില്‍ അവതരിപ്പിച്ചത്. കേന്ദ്രം കാർഷിക മേഖലയെ കയ്യൊഴിയുന്നതിന്റെ പ്രഖ്യാപനം കൂടിയാവുന്നു കേന്ദ്ര ബജറ്റ്. മോഡി ഭരണത്തെ താങ്ങിനിർത്തുക എന്ന ഒറ്റ അജണ്ടയിലാണ് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ഉത്തരേന്ത്യക്കും ആന്ധ്രാപ്രദേശിനും വേണ്ടി മാത്രമാവുകയാണ്. ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജ് അനുവദിച്ചതുകൂടാതെ അസമിനും, ഹിമാചൽപ്രദേശിനും, ഉത്തരാഖണ്ഡിനും, സിക്കിമിനും വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഫലമായുണ്ടായ നഷ്ടത്തിന് പ്രത്യേക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്. എന്നാല്‍ 2018ലെ മഹാപ്രളയവും തുടർന്നുള്ള വർഷങ്ങളിൽ തുടർന്ന പ്രകൃതിക്ഷോഭങ്ങളും മൂലം കടുത്ത പ്രയാസത്തിലകപ്പെട്ട കേരളത്തിന് ഒരു സഹായവുമില്ല എന്നത് ക്രൂരമായ അവഗണനയാണ്. ഇപ്പോൾ കൊടുംവരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ നഷ്ടത്തിന് കേരളത്തിന് ഒരു സഹായ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
2016–17ൽ രാജ്യത്തെ കാർഷിക മേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് 2023–24ൽ 1.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കാർഷിക മേഖലയ്ക്കായി 1,22,528.77 കോടി മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. 2022–23ൽ 1,24,000 കോടിയും 2020–21ൽ 1,34,399.77 കോടിയും ബജറ്റ് വിഹിതമുണ്ടായിരുന്നതാണ് ഇപ്പോൾ വെട്ടിക്കുറച്ചത്. പുതുതായി ഒരു പദ്ധതിയും കൊണ്ടുവരുവാൻ ഈ ബജറ്റിൽ സാധ്യമായിട്ടില്ല എന്നത് രാജ്യത്തെ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു. 

ഉല്പാദനക്ഷമതയുള്ളതും സ്ഥായിയായതുമായ കൃഷി വിവക്ഷിക്കുന്നതായി പറയുന്ന ബജറ്റില്‍ ഇതിനായി തുകയൊന്നും വക കൊള്ളിച്ചിട്ടില്ല. ഉണ്ടായിരുന്ന പല ഘടകങ്ങളിലെയും വിഹിതത്തിൽ കുറവും വരുത്തിയിരിക്കുന്നു. കാർഷിക ഗവേഷണം, സഹകരണ മേ ഖലയുടെ ശാക്തീകരണം, എണ്ണക്കുരുകൾക്ക് പ്രാധാന്യം, കർഷക കൂട്ടായ്മകളുണ്ടാക്കി പച്ചക്കറിയുടെ വിതരണശൃംഖലയുടെ വികസനം, കാലാവസ്ഥാ അനുപൂരകമായ വിത്തിനങ്ങൾ, നാചുറൽ ഫാമിങ്, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം തുടങ്ങിയ പ്രഖ്യാപനങ്ങൾ വികസിത ഭാരതത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒന്നിനും വേണ്ട തുക നീക്കിവച്ചിട്ടില്ല എന്നതാണ് വാസ്തവം.
കർഷകർക്ക് ഏറ്റവും പ്രയോജനകരമായ ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്കീം, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുവാൻ സഹായിച്ചിരുന്നു. ആവശ്യമായ പലിശയിളവ് ഈ പദ്ധതിയിൽ വകകൊള്ളിക്കുന്ന തുകയിൽ നിന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ തുക 23,000 കോടിയിൽ നിന്നും 22,600 കോടിയായി കുറച്ചു. 2022–23ൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിക്ക് 10,433 കോടിയുണ്ടായിരുന്നത് 7,553 കോടിയായി കുറച്ചു. പ്രകൃതി കൃഷിക്ക് 2023–24ൽ 459 കോടി ഉണ്ടായിരുന്നത് 2024–25ൽ 365.64 കോടിയായി കുറച്ചു. കൃഷി ഉന്നതി യോജനയ്ക്ക് 2021–22 ൽ 13408.19 കോടി വകയിരുത്തിയിരുന്നത് ഇപ്പോൾ 7,447 കോടി മാത്രമാണ്. ഇതിൽ നിന്നാണ് പുതിയതായി പ്രഖ്യാപിച്ച പച്ചക്കറിക്കൃഷിയും വിതരണ ശൃംഖലയും എന്ന പദ്ധതിക്കും തുക കണ്ടെത്തേണ്ടത്.
രാജ്യത്താകെ പതിനായിരം കർഷക ഗ്രൂപ്പുകൾ ഉണ്ടാക്കുവാനുള്ള പദ്ധതിയായിരുന്നു എഫ്‌പിഒ. ഇതിന്റെ ബജറ്റ് വിഹിതം 955 കോടിയിൽ നിന്ന് 581.67 കോടിയായി കുറയ്ക്കുകയാണ് നാചുറൽ ഫാമിങ്ങിനുള്ള തുക459 കോടിയിൽ നിന്ന് 365 കോടിയായി കുറച്ചു. ടീ ബോർഡ്, റബ്ബർ ബോർഡ് എന്നിവയ്ക്കുള്ള വിഹിതത്തിലും കുറവ് വരുത്തി. ഐസിഎആര്‍ നടപ്പിലാക്കുന്ന പദ്ധതികൾക്കൊന്നും പദ്ധതി വിഹിതം വർധിപ്പിക്കാതെയാണ് ഗവേഷണം പരിഷ്കരിക്കുമെന്നും പുതുതായി 109 വിത്തിനങ്ങൾ പുറത്തിറക്കുമെന്നും പറഞ്ഞിട്ടുള്ളത്. ഈ പ്രഖ്യാപനം സ്വകാര്യ ഗവേഷണ മേഖല വികസിപ്പിക്കുവാനും കമ്പനികൾക്ക് അമിത ലാഭം ഉണ്ടാക്കുവാനും വേണ്ടി മാത്രമുള്ളതാണ്.
കൃഷിയിടത്തിലെ വന്യമൃഗശല്യം പരിഹരിക്കുക, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം നേരിടാനുള്ള പദ്ധതികൾ എന്നിവയോടും ബജറ്റ് മുഖം തിരിച്ചു. ഇറക്കുമതി നയങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ സർക്കാർ തയ്യാറാവുന്നില്ല എന്നതും കർഷകരോടല്ല താല്പര്യം എന്നതിന്റെ ഉദാഹരണമാണ്. കൂടുതൽ വിളകൾക്ക് തറവില പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യങ്ങളും അവഗണിച്ചിരിക്കുകയാണ്. റബ്ബറിന്റെ തറവില 250 രൂപയാക്കി നൽകുവാൻ അധികസഹായം ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും ബജറ്റിൽ ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പാദിപ്പിക്കുന്ന കേരളത്തിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.
കേരളത്തിൽ നിന്നുള്ള സുഗന്ധവിളകൾക്ക് രാജ്യാന്തര വിപണിയിൽ താല്പര്യം ഉണ്ടായിട്ടും, അതിലൂടെ വിദേശ നാണ്യം നേടിയെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും ആ മേഖലയെ അപ്പാടെ അവഗണിച്ചു. കാലാവസ്ഥാ വ്യതിയാനം പരാമർശിച്ചിട്ടുണ്ടെങ്കിലും പദ്ധതി വിഹിതമോ നൂതന പദ്ധതികളോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കർഷകന് വരുമാന സാധ്യതകളുള്ള ഫാം ടൂറിസവും പരിഗണിച്ചിട്ടില്ല. 

ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പരിഷ്കരണ പരിപാടികൾ (Next Gen­er­a­tion Reforms) എല്ലാം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള ഭൂമിയിൽ സാമ്പത്തിക സഹായത്തിലൂടെ കേന്ദ്രസർക്കാരിന്റെ നയം നടപ്പിലാക്കാൻ ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് ഫെഡറൽ സംവിധാനത്തിനെ ദുർബലപ്പെടുത്തുവാനേ ഇടയാക്കൂ. പാരിസ്ഥിതിക മേഖലകളെ പരിഗണിച്ചുകൊണ്ട് ഓരോ സംസ്ഥാനങ്ങളുടെയും കാർഷിക സാധ്യതകളെ ഉൾക്കൊള്ളാൻ ബജറ്റിന് ആയിട്ടില്ല. ഡിജിറ്റൽ വിള സർവേ കൊണ്ടുവരുമെന്ന് പറയുന്നതിൽ ചതിക്കുഴികളുണ്ടോ എന്ന് ആശങ്കയുണ്ട്. എന്നാല്‍ കേരളം വർഷങ്ങളായി തുടരുന്ന ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പച്ചക്കറി വികസനം കേന്ദ്ര സർക്കാരും വിഭാവനം ചെയ്യുന്നു എന്നത് കേരളാ മോഡൽ വികസനം അംഗീകരിക്കുന്നതിന്റെ തെളിവായി. കേരളത്തെ പകർത്തുന്നവർ എന്നാൽ സംസ്ഥാനത്തെ അവഗണിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിന് യാതൊരു നൂതനാശയങ്ങളും നിക്ഷേപങ്ങളും ഇല്ലാത്ത ഒരു ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. കാർഷിക മേഖലയെ വളർത്തുന്നതിനു പകരം തളർത്തുന്ന ദൗത്യം ആയിരിക്കും ഈ ബജറ്റ് ഏറ്റെടുക്കുക. രാജ്യത്ത് ഉയർന്നുവന്ന സമാനതകളില്ലാത്ത കർഷക പ്രക്ഷോഭങ്ങളിൽ നിന്ന് പാഠം പഠിക്കാൻ രാജ്യത്തിന്റെ ഭരണകൂടം തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന നിലപാടുകൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായേ മതിയാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.