11 May 2024, Saturday

ശാന്ത സുന്ദരം; സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി കാക്കത്തുരുത്ത്

ആർ ബാലചന്ദ്രൻ
ആലപ്പുഴ
February 17, 2023 10:36 am

ലോക സഞ്ചാര ഭൂപടത്തിൽ ഉൾപ്പെട്ട കാക്കത്തുരുത്തിന്റെ പ്രകൃതി വിസ്മയങ്ങൾ ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. ഇവിടത്തെ സൂര്യാസ്തമയമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. വേമ്പനാട് കായലാൽ ചുറ്റപ്പെട്ട് കിടക്കുന്ന എഴുപുന്ന പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ്. മൂന്ന് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള ഈ തുരുത്ത്. 300 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ആകെ ഒരു അങ്കണവാടിയും ഒരു ആയൂർവേദ ഡിസ്പെൻസറിയും മാത്രമാണ് തുരുത്തിലുള്ളത്. മിക്ക വീട്ടിലും ചെറുയന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങളുണ്ട്. അതിലാണ് അവരുടെ യാത്ര.

മൺപാതകൾ, കണ്ടൽക്കാടുകൾ, പുൽക്കാടുകൾ എന്നിവ നിറഞ്ഞ ശാന്ത മനോഹര പ്രദേശമാണ് കാക്കത്തുരുത്ത്. ദിവസവും നുറുകണക്കിന് വിദേശ‑ആഭ്യന്തര സഞ്ചാരികളാണ് കാക്കത്തുരുത്ത് കാണാനായി എത്തുന്നത്. മലിനീകരണ പ്രശ്നങ്ങളില്ലാതെ, പ്രകൃതി സൗഹൃദങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്. പിന്നീട് മനുഷ്യവാസം തുടങ്ങിയതോടെയാണ് ദ്വീപിന്റെ മനോഹാരിത ലോകമറിഞ്ഞത്.
ചെറുഓളങ്ങൾ താളംതല്ലുന്ന കായലിൽ കയാക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം വഞ്ചിയിലിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വരുന്നവരാണ് കൂടുതൽ പേരും. ഒപ്പം ശിക്കാരവള്ളങ്ങളിലും യാത്ര ചെയ്യാം. 

ചൂണ്ടയിട്ട് മത്സ്യ ബന്ധനം നടത്താനും അത് പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടിവിടെ. കൂടാതെ പരമ്പരാഗത കുടിൽ വ്യവസായമായ കുട്ടനിർമാണവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടാൻ അവസരമുണ്ട്. വില്ലേജ്ടൂറിസം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്. കാക്കത്തുരുത്ത് വില്ലേജ് എന്ന പേരിൽ പ്രത്യേക ടൂറിസം പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. നീലപ്പൂവുകളണിഞ്ഞു നിൽക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകൾക്ക് മാറ്റു കൂട്ടുന്നു. കൃഷിയായിരുന്നു ദ്വീപുകാരുടെ മുഖ്യ ഉപജീവന മാർഗം. എന്നാൽ ഇന്ന് ടൂറിസം അധിഷ്ഠിത വരുമാനവും ലഭിക്കുന്നുണ്ട്. വേമ്പനാട്ടു കായലിൽ ഏകദേശം 300 മീറ്റർ ദൂരത്തിൽ പാലം യാഥാർത്ഥ്യമായാൽ എരമല്ലൂരിൽ നിന്ന് കാക്കത്തുരുത്തിലേക്ക് സഞ്ചാരം എളുപ്പമാകും.

Eng­lish Sum­ma­ry; tourist place kakkathuruthu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.