25 December 2024, Wednesday
KSFE Galaxy Chits Banner 2

ബിപിസിഎൽ വിൽപ്പനയ്ക്കെതിരെ ജനകീയ പ്രതിരോധവുമായി തൊഴിലാളി സംഘടനകൾ

Janayugom Webdesk
കൊച്ചി
November 1, 2021 6:17 pm

കേന്ദ്രപൊതുമേഖലാ മഹാരത്ന സ്ഥാപനമായ ഭാരത് പെട്രോളിയം വിൽപ്പനയ്ക്കെതിരെ എറണാകുളം ജില്ലയിൽ ബഹുജന പിന്തുണയോടെ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ ആലുവയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.

ഈ സാമ്പത്തിക വർഷംതന്നെ ബിപിസിഎൽ വിൽപന നടപടികൾ പൂർത്തികരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി അസമിലെ ന്യൂമാലിഗർ റിഫൈനറിയിലുണ്ടായിരുന്ന ഓഹരികൾ ബി പി സി എൽ വിറ്റു. മദ്ധ്യപ്രദേശിലെ ബിനറിഫൈനറിയിലുണ്ടായിരുന്ന ഒമാൻ ഗവൺമെൻ്റിൻ്റെ ഓഹരികൾ ബി പി സി എൽ ഏറ്റെടുത്തു. വിൽപ്പനയുടെ ഭാഗമായുള്ള ഓപ്പൺ ഓഫറിൽ നിന്നും പെട്രോനെറ്റ് എൽഎൻജിയേയും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിനേയും ഒഴിവാക്കണമെന്നാവിശ്യപ്പെട്ട് സെബിക്ക് കത്ത് നൽകി. ഓപ്പൺ ഓഫറിൽ നിന്നും ഇത് ഒഴിവാക്കിയാൽ ഏറ്റെടുക്കുന്നവരുടെ ബാധ്യത കുറയുമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കം ബിപിസിഎൽ നടത്തിയത്.

ബിപിസിഎൽ സ്വകാര്യവൽക്കരണത്തെ തുടർന്ന് അമ്പലമുകളിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ 11130 കോടിയുടെ പോളിയോൾ പദ്ധതി നിറുത്തിവച്ചു. പ്രതിവർഷം ആയിരം ഐടിഐ ഉദ്യോഗാർത്ഥികളുടെ നൈപുണ്യവികസനത്തിനായി തുടങ്ങാനിരുന്ന ഏറ്റുമാനൂർ നൈപുണ്യവികസന കേ ന്ദ്രം വേണ്ടെന്നു വച്ചു. പാചക വാതക സമ്പ്സിഡി പോലും ഇല്ലാതാക്കിയിരിക്കുന്നത് പൊതുമേഖലാ എണ്ണ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു മുന്നോടിയാണ്.ഈ സാഹചര്യത്തിൽ ബിപി സി എൽ വിൽപന ജനതാൽപര്യത്തിന് വിരുദ്ധമാണ്.

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ രൂപം കൊടുത്ത റിഫൈനറി സംരക്ഷണ സമിതിയാണ് സംയുക്ത ട്രേഡ് യൂണിയൻ യോഗം വിളിച്ചത്. പൊതുവിൽ കേരളത്തിൻ്റേയും വിശേഷിച്ച് എറണാകുളം ജില്ലയുടേയും വികസനത്തിന് നേതൃത്വം കൊടുക്കുന്ന സ്ഥാപനമാണ് കൊച്ചി റിഫൈനറി എന്നതുകൊണ്ടുതന്നെ കേരളത്തിൻ്റെ വികസനതാൽപര്യങ്ങൾ സംരക്ഷിക്കാൻ കൊച്ചി റിഫൈനറി പൊതു മേഖലയിൽ നിലനിർത്തേണ്ടതുണ്ട്. അതിനായി എറണാകുളം ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തത്തോടെ വിപുലമായ ജനകീയ പ്രതിരോധം ഉയർത്തികൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം പ്രാഥമിക രൂപരേഖയുണ്ടാക്കി.നവംബർ 27 ന് എറണാകുളത്ത് ജില്ലയിലെ എല്ലാ തൊഴിലാളി സംഘടനകളുടേയും പ്രധാനപ്രവർത്തകരും, രാഷ്ട്രീയ പാർട്ടി നേതൃത്വവും പങ്കെടുക്കുന്ന റിഫൈനറി സംരക്ഷണ സദസ്സിൽ വിപുലമായ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കും. പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായി ജനപ്രതിനിധി സംഗമം, ഗ്രഹസന്ദർശനം, പ്രചരണ ജാഥകൾ, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.

കൊച്ചി റിഫൈനറി വിൽക്കരുത് എന്ന് അഭ്യർത്ഥിച്ച് റിഫൈനറി സംരക്ഷണ സമിതിയുടെയും, എം പി മാരുടേയും നേതൃത്വത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളെ കാണും.ജനകീയ പ്രക്ഷോഭത്തിന് പിന്തുണ അഭ്യർത്ഥിച്ചും, ബിപിസിഎൽ വിൽപ്പനയ്ക്കെതിരായ തുടർ ഇടപെടലുകൾ ഉറപ്പാക്കാനും കേരള മുഖ്യമന്ത്രിയെ കാണും.അടുത്ത പാർലമെൻ്റ് സമ്മേളനത്തിനോടനുബന്ധിച്ച് ഡൽഹിയിലും, അതിൻ്റെ ഭാഗമായി തന്നെ രാജ്ഭവനു മുന്നിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.കേന്ദ്രസർക്കാർ ബിപിസിഎൽ വിൽപന തീരുമാനം പ്രഖ്യാപിച്ച നവംമ്പർ 20 ന് കൊച്ചി റിഫൈനറിക്ക് മുമ്പിൽ “ഇല്ല വിട്ടുതരില്ല കേരളത്തിൻ സ്വത്ത് വിട്ടുതരില്ല” എന്ന മുദ്രാവാക്യമുയർത്തി ബിപിസിഎൽ സംരക്ഷണ മതിൽ സംഘടിപ്പിക്കും.

ബിപിസിഎൽ വിൽപ്പനയ്ക്ക് മുന്നോടിയായി തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണ കരാറിൽ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതിനെതിരായും, സ്ഥിരം കരാർ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതിൽ പ്രതിഷേധിച്ചും, തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും ഏകപക്ഷീയമായി വെട്ടിക്കുറക്കുന്നതിനെതിരായും ബിപിസിഎൽ സി & എം ഡിക്ക് കത്ത് നൽകാനും, തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാനും സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.

ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗം സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ബിഎം എസ് സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ, സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, പി ആർ മുരളീധരൻ, കെ കെ ഇബ്രാഹിംകുട്ടി, കെ പി ഹരിദാസ്, ടി ബി മിനി കെ എൻ ഗോപി, വി പി ജോർജ് മുഹമ്മദ് ഹനീഫ്, മുളവുകാട് തങ്കപ്പൻ, മനോജ് പെരുമ്പിള്ളി, എ പി പോളി, കെ ടി വിമലൻ, അജി എം ജി പ്രവീൺകുമാർ പി, ജേക്കബ് സി മാത്യു. സുനിൽകുമാർ എസ്, എം ജീവകുമാർ, കരീം പി എം, ലാലൻ പി എം, കെ കെ ചന്ദ്രൻ, കെ പി കൃഷ്ണൻകുട്ടി , ഷാജി നമ്പ്യാർ, പി കെ അനിൽകുമാർ, ബി ബാലഗോപാൽ , ഷാജി നമ്പ്യാർ എന്നിവർ സംസാരിച്ചു.
ENGLISH SUMMARY;Trade unions with mass resis­tance against BPCL sale
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.