23 January 2026, Friday

Related news

January 18, 2026
January 16, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 5, 2026
January 5, 2026
January 4, 2026

വ്യാപാര യുദ്ധം കടുക്കുന്നു; യൂറോപ്യന്‍ യൂണിയനും ട്രംപിന്റെ താരിഫ് ഭീഷണി

Janayugom Webdesk
വാഷിങ്ടണ്‍
February 3, 2025 10:49 pm

രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം കടുപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയ്ക്കും മെക്സിക്കോയ്ക്കും ചെെനയ്ക്കും പുറമേ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും തീരുവ ചുമത്തുമെന്ന് ട്രംപ് സൂചന നല്‍കി. 27 രാജ്യങ്ങള്‍ അടങ്ങുന്ന യൂണിയന് താരിഫ് പരിഗണിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രസിഡന്റ്. തീര്‍ച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. യൂറോപ്യൻ യൂണിയൻ യുഎസിനോട് മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യൂറോപ്യൻ കമ്മിഷൻ വക്താവ് പറ‍ഞ്ഞു. താരിഫുകൾ അനാവശ്യമായ സാമ്പത്തിക തടസം സൃഷ്ടിക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യുന്നു. ഇയുവിന്റെ ഉല്പന്നങ്ങള്‍ക്ക് അന്യായമായോ ഏകപക്ഷീയമായോ താരിഫ് ചുമത്തുന്ന ഏതൊരു വ്യാപാര പങ്കാളിയോടും ശക്തമായി പ്രതികരിക്കുമെന്നും കമ്മിഷന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ട്രംപ് യൂറോപ്യൻ യൂണിയനെതിരെ വിമര്‍ശനമുയര്‍ത്തുന്നത്. 2018ൽ വൈറ്റ് ഹൗസിലെ ആദ്യ കാലയളവില്‍ യൂറോപ്യൻ സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ ട്രംപ് താരിഫ് ഏർപ്പെടുത്തിയിരുന്നു. വിസ്കി, മോട്ടോർസൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഉല്പന്നങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തിയാണ് ഇയു തിരിച്ചടിച്ചത്. കൂടുതൽ അമേരിക്കൻ എണ്ണയും വാതകവും വാങ്ങിയില്ലെങ്കിൽ യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര യുദ്ധം ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസമാണ് കാനഡ, മെക്സിക്കോ, ചെെന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് വെെറ്റ് ഹൗസ് പ്രഖ്യാപിച്ചത്. കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചെെനയ്ക്ക് 10 ശതമാനവുമാണ് താരിഫ് നിരക്ക്. എന്നാല്‍ ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാജ്യങ്ങള്‍ പ്രതികരിച്ചത്. അധിക താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കുമെന്ന് ചൈന അറിയിച്ചു. 

155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഘട്ടംഘട്ടമായി 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ കാനഡയിലേക്ക് വരുന്ന 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തും. പുകയില ഉല്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, തോക്കുകൾ, സൈനിക ഉപകരണങ്ങൾ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ 125 ബില്യൺ ഡോളര്‍ മൂല്യമുള്ള യുഎസ് ഇറക്കുമതികള്‍ പുതുക്കിയ താരിഫ് നിരക്കിന്റെ പരിധിയിലാക്കും. പാസഞ്ചർ വാഹനങ്ങൾ, ട്രക്കുകൾ, സ്റ്റീൽ, അലുമിനിയം ഉല്പന്നങ്ങൾ, ചില പഴങ്ങളും പച്ചക്കറികളും, ബീഫ്, പന്നിയിറച്ചി, പാലുല്പന്നങ്ങള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തിലുള്ളത്. പ്രതികാര താരിഫുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ മെക്സിക്കോ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും. രാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ തലയുയര്‍ത്തിയാണ് മെക്സിക്കോ അഭിപ്രായം പറയാറുള്ളതെന്നും ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ‍്ന്‍ബോം പറഞ്ഞു. താരിഫ് ചുമത്തിയല്ല, ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. കാനഡയും മെക്സിക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സമ്മതിച്ചതായി ട്രൂഡോയുടെ ഓഫിസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.