3 May 2024, Friday

അടച്ചിടലുകൾക്ക് ശേഷം വിപണി സജീവമായതോടെ കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Janayugom Webdesk
കോഴിക്കോട്
October 21, 2021 6:48 pm
നീണ്ട കാലത്തെ അടച്ചിടലുകൾക്ക് ശേഷം ഓഫീസുകളും വിപണിയും സജീവമായതോടെ മുൻപെങ്ങുമില്ലാത്ത വിധം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു .വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്നതും അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങളുമാണ് നഗരത്തിലെ തിരക്ക് വര്‍ധിപ്പിക്കുന്നത്.പലയിടത്തും രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത് .കൂടാതെ മാവൂര്‍റോഡ്,ബാങ്ക് റോഡ്, എരഞ്ഞിപ്പാലം, തൊണ്ടായാട്, കാരപ്പറമ്പ് തുടങ്ങി എല്ലാ ജംഗ്ഷനുകളിലും വന്‍ തിരിക്കാണ് അനുഭവപ്പെടുന്നത്.രാവിലെ ഓഫീസുകളില്‍ എത്താന്‍ പോലും ആളുകള്‍ ഏറെ കഷ്ടപ്പെടുകയാണ്.ബാങ്ക് റോഡിലും കണ്ണൂര്‍ റോഡിലും റോഡില്‍ നിര്‍മാണം നടക്കുന്നതും വന്‍ഗതാഗതകുരുക്കിനാണ് ഇടയാക്കുന്നത്. റോഡില്‍ സീബ്രാലൈനുകള്‍ മാറ്റി ഉയരം കൂട്ടിയുള്ള കാല്‍നടപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തി നടക്കുന്നത്. ബാങ്ക് റോഡില്‍ മൃഗാശുപത്രിയ്ക്ക് സമീപത്തും കുരിശുപള്ളി, ബിഇഎം സ്‌കൂളിന് മുന്‍വശത്തും കണ്ണൂര്‍ റോഡില്‍ ട്രഷറിയ്ക്ക് മുന്‍വശത്തുമാണ് നിര്‍മാണപ്രവൃത്തികൾ നടക്കുന്നത്. ഇതുവഴി വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുണ്ടെങ്കിലും ഗതാഗതകുരുക്കിന് കുറവില്ല. അടുത്ത ദിവസം സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ തിരക്ക് പതിന്‍മടങ്ങാവും. അതേസമയം മുന്‍പുള്ളതിനേക്കാള്‍ സ്വകാര്യ വാഹനങ്ങള്‍ കൂട്ടത്തോടെ നഗരത്തില്‍ എത്തുന്നതും ഗതാഗതകുരുക്കിന് കാരണമാവുന്നുണ്ടെന്ന് ട്രാഫിക് ഉദ്യോഗസ്ഥരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.