കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വെട്ടിക്കുറച്ച കമ്പാർട്ട്മെന്റുകൾ പുന: സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ റയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേരളത്തിൽ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ വർധനവിനനുസരിച്ച് കൂടുതൽ ട്രെയിനുകളും കോച്ചുകളും അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണനയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു.
റെയിൽവേ സ്റ്റേഷന് മുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ട്രെയിനുകൾ വെട്ടിക്കുറക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. കോവിഡിന് മുൻപ് പാസഞ്ചർ ട്രെയിനുകളായിരുന്ന പല ട്രെയിനുകളിലും ഇപ്പോഴും എക്സ്പ്രസ്സ് ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ്.
ട്രെയിനുകളിലെ ദിനംപ്രതിയുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിനുകളും സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡിവിൻ കെ ദിനകരൻ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, റോക്കി ജിബിൻ, കെ ആർ പ്രതീഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി വി എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.
എഐവൈഎഫ് നേതാക്കളായ എം എ സിറാജ്, ബേസിൽ ജോൺ, കെ എ അൻഷാദ്, നിതിൻ കുര്യൻ, അജിത്ത് എൽ എ, ഡയാസ്റ്റിസ് കോമത്ത്, പ്രണവ് പ്രഭാകരൻ, ജിഷ്ണു തങ്കപ്പൻ, സിനി റോക്കി, ദീപക്ക് മലയാറ്റൂർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.