28 October 2024, Monday
KSFE Galaxy Chits Banner 2

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ഹിന്ദു പുരോഹിതരാകാനുള്ള പരിശീലനം

Janayugom Webdesk
ഭോപ്പാല്‍
June 1, 2022 7:49 pm

മുസ്‌ലിം മതവിഭാഗക്കാരായ തടവുകാര്‍ക്കെതിരെയുള്ള പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ഹിന്ദു പുരോഹിതരാകാനുള്ള പരിശീലനം. കൊലപാതകം, കൊള്ള, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമ്പതിലധികം പേര്‍ക്കാണ് ആര്‍എസ്എസ് പിന്തുണയുള്ള സംഘടനയുടെ പരിശീലനം.

ഗായത്രി ശക്തി പീത് എന്ന സംഘടനയാണ് ഒരു മാസക്കാലത്തെ പരിശീലനം സംഘടിപ്പിച്ചത്. ഹിന്ദുത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗായത്രി പരിവാര്‍ എന്ന സംഘടനയുടെ സഹോദരസംഘടനയാണ് ഗായത്രി ശക്തി പീത്. ജയിലിലെ മറ്റുള്ള തടവുകാര്‍ക്കെതിരെ നടക്കുന്ന മോശമായ പെരുമാറ്റങ്ങള്‍ക്ക് മറയിടുന്നതും വിവിധങ്ങളായ സാമൂഹ്യമായ സങ്കീര്‍ണതകളെ അവഗണിക്കുകയും ചെയ്യുന്നതാണ് പുരോഹിത പരീശീലനമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

മാര്‍ച്ച് മാസത്തിലാണ് അമ്പതിലധികം തടവുകാര്‍ക്ക് യുഗ് പുരോഹിത് എന്ന പേരിലുള്ള പരിശീലനം നല്‍കിയത്. 150 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇവരില്‍ ഭൂരിഭാഗം പേരും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്നവരാണ്. അടുത്ത ബാച്ചിന്റെ പരിശീലനം ഈ മാസം നടക്കുമെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവയില്‍ ഹിന്ദു മതാചാരവുമായി ബന്ധപ്പെട്ട പൂജകള്‍ നിര്‍വഹിക്കാനാണ് തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. കര്‍മ്മകാണ്ഡം, സംഗീതം, ബൗദ്ധികം എന്നീ വിഷയങ്ങളില്‍ എട്ട് അധ്യാപകരാണ് ക്ലാസെടുക്കുന്നത്. മന്ത്രങ്ങളടങ്ങിയ പത്ത് പുസ്തകങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്തു. നല്ല വ്യക്തികളാക്കി മാറ്റാനുള്ള ലക്ഷ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചതെന്ന് ഗായത്രി ശക്തി പീത് അംഗവും പുരോഹിതനുമായ സദാനന്ദ് അമ്രേക്കര്‍ പറഞ്ഞു.

ഇവര്‍ക്ക് പുരോഹിതന്റെ ജോലിയിലൂടെ വരുമാനമുണ്ടാക്കാനും ജനങ്ങള്‍ക്കും മതത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ മുസ്‌ലിം തടവുകാര്‍ക്കെതിരെ ശാരീരിക, മാനസിക പീഡനങ്ങള്‍ നടക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രാ‍ര്‍ത്ഥനയ്ക്കിടയില്‍ നിരന്തരമായി ഉപദ്രവങ്ങള്‍ നേരിടേണ്ടിവരുന്നുവെന്നും ദേഹപരിശോധനയുടെ പേരിലും പീഡനങ്ങളുണ്ടായെന്നും 2016 ഒക്ടോബറില്‍ മുസ്‌ലിം തടവുകാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് 28 സിമി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാരം നടത്തുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

ഒരു ഭാഗത്ത് ജയിലുകളില്‍ അമ്പലങ്ങള്‍ നിര്‍മ്മിക്കുകയും ക്രിമിനലുകള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് മതം ആചരിച്ചതിന്റെ പേരില്‍ മുസ്‌ലിം വിഭാഗക്കാരെ പീഡിപ്പിക്കുകയും അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുകയുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മാധുരി കൃഷ്ണസ്വാമി പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്കെതിരെ വിവേചനമുണ്ടാകുന്നത് തടയണമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും മാധുരി ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Train­ing of inmates at Bhopal Cen­tral Jail to become Hin­du priests

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.