: കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയിട്ടും ജില്ലയിലെ യാത്രാ ദുരിതത്തിന് പരിഹമാവുന്നില്ല. സ്വകാര്യ ബസുകള്‍ പലതും സര്‍വ്വീസ് ആരംഭക്കാത്തതും കെ എസ് ആര്‍ടിസി ഷെഡ്യൂളുകള്‍ പുനരാംരഭിക്കാത്തതും ട്രെയിന്‍ സര്‍വ്വീസുകള്‍ കാര്യക്ഷമമാവാത്തതുമാണ് യാത്രാ ദുരിത്തിന് പ്രധാന കാരണം. സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ യാത്രാദുരിതം കൂടി വരികയാണ്. കേരള- കര്‍ണാടക കെ എസ് ആര്‍ടിസി ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തത് ജില്ലയില്‍ നിന്നുള്ള കര്‍ണാടകയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്.
കര്‍ണാടക പിടിവാടി തുരുന്നു; കാസര്‍കോട്-മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അനിശ്ചിതത്വത്തില്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച സര്‍വ്വീസുകളെല്ലാം വിവിധ രാജ്യങ്ങളും സംസ്ഥാനങ്ങളും ഇളവ് നല്‍കിയപ്പോഴും നിയന്ത്രങ്ങളുടെ കാര്യത്തില്‍ കര്‍ണാടക പിടിവാശി തുടരുകയാണ്. കേരള ‑കര്‍ണാടക സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെ യാത്ര സൗകര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍. കേരള-കര്‍ണാടക കെ എസ് ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കാത്തതാണ് യാത്രാ ദുരിതത്തിന് പ്രധാന കാരണം. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ പിടിവാശി കാരണം കാസര്‍കോട്-മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. കേരളത്തില്‍ കോവിഡ് വ്യാപനം കുറയുകയും പൊതുഗതാഗതം സാധാരണനിലയിലാകുകയും ചെയ്തിട്ടും, കാസര്‍കോട്-മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് കര്‍ണാടക ഇക്കാര്യത്തില്‍ നിഷേധാത്മക സമീപനം തുടരുന്നത്. നവംബര്‍ ഒന്നു മുതല്‍ കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ ഒന്നുമുതല്‍ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കേരള കെ.എസ്.ആര്‍.ടി. സി. എന്നാല്‍ അവസാന നിമിഷം ദക്ഷിണ കന്നഡ അധികൃതര്‍ അനുകൂല നിലപാടില്‍ മാറ്റം വരുത്തിയതോടെ ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നിലവില്‍ കാസര്‍കോട് നിന്ന് തലപ്പാടി വരെ 23 കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാര്‍ തലപ്പാടിയില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് കര്‍ണാടക ആര്‍.ടി.സിയില്‍ കയറുന്നു. മംഗളൂരുവില്‍ നിന്നുള്ളവരും, തലപ്പാടിയില്‍ ഇറങ്ങിയ ശേഷം കാസര്‍കോട്ടേക്ക് കേരള ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയാണ്.
ദേശസാത്കൃത റൂട്ടായതിനാല്‍ മംഗളൂരുവിലേക്ക് കാസര്‍കോട് നിന്നുള്ള യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയാണ് ഏക ആശ്രയം. ജില്ലയില്‍ നിന്ന് ആയിരങ്ങളാണ് കര്‍ണാടകയിലെ മംഗളൂരു, സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. വ്യാപാരത്തിനും, ജോലിക്കുമായി ദിവസവും നൂറുകണക്കിനാളുകള്‍ ജില്ലയില്‍ നിന്ന് മംഗളൂരുവിലേക്കുള്‍പ്പെടെ പോകുന്നുണ്ട്. വിദഗ്ധ ചികിത്സ വേണ്ടിവരുന്ന രോഗികളും മംഗളൂരുവിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. നേരിട്ട് ബസ് സര്‍വീസില്ലാത്തതിനാല്‍ ഇവരെല്ലാം കടുത്ത യാത്രാക്ലേശത്തിലാണ്. യാത്രാ ചിലവിന്റെ കാര്യത്തിലും വലിയ ബാധ്യത നേരിടേണ്ടിവരുന്നു. കോവിഡിന്റെ പേരില്‍ അതിര്‍ത്തിയില്‍ ശക്തമായ പരിശോധനയൊന്നും ഇപ്പോഴില്ല. കാസര്‍കോട്ടെ കൊവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് കര്‍ണാടകം നീക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
കാസര്‍കോടിനോട് റെയില്‍വെക്ക് അവഗണന; ട്രെയിനുകളില്ലാതെ യാത്രക്കാര്‍ ദുരിതത്തില്‍
ജില്ലയോട് റെയില്‍വേ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെയും, രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കോവിഡാനന്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഗതാഗതം സൗകര്യപ്രദമായി പുനരാരംഭിച്ചപ്പോള്‍ കാസര്‍കോടുകാര്‍ അനുദിന യാത്രയ്ക്ക് ട്രെയിനുകളില്ലാതെ ദുരിതമനുഭവിക്കുകയാണ്. ദക്ഷിണ റെയില്‍വേയുടെ റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ ഈ മാസം ഒന്ന് മുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍ (യു.ടി.എസ്) പ്രവര്‍ത്തനസജ്ജമാകുകയും, സാധാരണ ടിക്കറ്റ് ബുക്കിങ് സേവക് (ജെ.ടി.ബി.എസ്) കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു.
ഇതോടെ ദക്ഷിണ റെയില്‍വെയിലെ 23 ട്രെയിനുകളില്‍ വീണ്ടും റിസര്‍വേഷനില്ലാതെ തന്നെ പോലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്തും, സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാവുന്നുണ്ട്. അതില്‍ 19 ട്രെയിനുകളും കേരളത്തില്‍ ഓടുന്നവയാണ്. എന്നാല്‍ ഒരു ട്രയിന്‍ പോലും കണ്ണൂരിന് വടക്കോട്ടില്ല.
ഒരൊറ്റ ട്രെയിന്‍ മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍-മംഗളുരു റൂട്ടില്‍ ഡീ റിസര്‍വ്ഡ് കംപാര്‍ട്ടുമെന്റുള്ളത്. കണ്ണൂര്‍മംഗളൂരു ട്രെയിനാണത്. മംഗളൂരുവിലെ വിവിധ സ്ഥാപങ്ങളില്‍ പഠിക്കുന്ന എണ്ണൂറിലധികം വിദ്യാര്‍ഥികളും, തൊഴില്‍ ചെയ്യുന്നവരും നിത്യവും ആശ്രയിച്ചിരുന്ന ചെറുവത്തൂര്‍മംഗളൂരു പാസഞ്ചര്‍ ഇപ്പോള്‍ ഓടുന്നില്ല. മംഗളൂരുകോഴിക്കോട് പാസഞ്ചര്‍ സര്‍വീസും പുനരാരംഭിച്ചില്ല. മംഗളൂരു സെന്‍ട്രല്‍ കണ്ണൂര്‍ റൂട്ടിലുള്ള തിരുവനന്തപുരം മംഗളൂരു മലബാര്‍, ഏറനാട്, എഗ്മോര്‍, മാവേലി, പരശുറാം, കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിനുകളിലെങ്കിലും അടിയന്തിരമായി സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ് കോച്ചുകള്‍ ഡീ റിസര്‍വ് ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ പേരിന് മാത്രം
കാഞ്ഞങ്ങാട്- കാസര്‍കോട് ദേശീയപാതയില്‍ യാത്രാ ദുരിതം ഏറുന്നു. കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് വന്നിട്ടും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് പേരിന് മാത്രം. ആവശ്യത്തിന് ബസ് സര്‍വീസില്ലാത്തത് യാത്രാദുരിതം ഇരട്ടിപ്പിക്കുകയാണ്. കെ എസ് ആര്‍ടിസിപോലും പേരിന് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. കോവിഡിന് മുമ്പ് രാവിലെ മുതല്‍ രാത്രി വരെ നിരവധി സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലെ ഇളവുകളെ തുടര്‍ന്ന് പൊതുഗതാഗതത്തിന് അനുമതി ലഭിച്ച് മാസങ്ങളായിട്ടും കൊവിഡിന് മുമ്പ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളില്‍ പകുതി പോലും ഇപ്പോള്‍ നിരത്തിലിറങ്ങുന്നില്ല. കോവിഡിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ച ബസ്സുകളില്‍ പലതും നിരത്തിലിറക്കാനുള്ള കണ്ടീഷനിനിലല്ല. ഗ്യാരേജുകളില്‍ കയറ്റി തകരാറുകള്‍ പരിഹരിക്കാന്‍ ആയിരക്കണക്കിന് രൂപ വേണം. ഇത്രയും മുടക്കി നിരത്തിലിറക്കിയാലും വേണ്ടത്ര കളക്ഷന്‍ ലഭിക്കാന്‍ ഇടയില്ല എന്നതാണ് സ്വകാര്യ ബസ് മുതലാളി മാരെ ബസ് റോഡില്‍ ഇറക്കാന്‍ മടി കാണിക്കുന്നത്.
കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാത റൂട്ടില്‍ നിരവധി കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ ഓടുന്നുണ്ടെങ്കിലും ദേശീയപാത യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുറച്ച് പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ മാത്രമേ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്താറുള്ളൂ. മറ്റ് സ്റ്റോപ്പുകളില്‍ നിന്ന് കയറുന്ന യാത്രക്കാര്‍ക്ക് സ്വകാര്യബസ്‌കിട്ടാന്‍ മണിക്കൂറോളം കാത്തിരിക്കേണ്ടിവരുന്നു.
സ്‌കൂളുകളും, കോളജുകളും തുറന്ന സാഹചര്യത്തില്‍ സമയത്തിന് ബസ് കിട്ടാതെ വിദ്യാര്‍ഥികള്‍ വലയുകയാണ്. സ്ഥിരമായി ജോലിക്ക് പോകുന്നവരും യാത്രാദുരിതത്തിലാണ്. രാവിലെയും, വൈകുന്നേരങ്ങളിലും ആവശ്യത്തിന് ബസ് കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും സമയത്ത് എത്താന്‍ കഴിയുന്നില്ല. അരമണിക്കൂറും ഒരു മണിക്കൂറും ഇടവിട്ട് വരുന്ന ബസുകളില്‍ കയറിപ്പറ്റാന്‍ കഴിയാത്തത്ര തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി. സിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ സര്‍വീസ് പുനരാരംഭിച്ചാല്‍ യാത്രാദുരിതത്തിന് അല്‍പ്പമെങ്കിലും പരിഹാരം കാണാനാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.