കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും 18ന് മുകളില്‍ പ്രായമുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും വരും തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പോളിങ് ഉറപ്പാക്കാനുമുള്ള പദ്ധതി വിജയത്തിലേക്ക്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഊരായ ഗൊട്ടിയാർക്കണ്ടിയിൽ 18 വയസ് പൂർത്തിയായ മുഴുവൻ ആളുകളെയും കണ്ടെത്തി വോട്ടർ രജിസ്ട്രേഷൻ പൂർത്തിയാക്കിയതോടെ സംസ്ഥാനത്ത് ഏഴ് ആദിവാസി ഊരുകളിൽ 18 വയസ് കഴിഞ്ഞ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് അട്ടപ്പാടിയിലെ ഏഴ് ഗോത്ര ഊരുകളെ ദത്തെടുത്ത് അവയെ സമ്പൂർണ വോട്ടർ ഉന്നതികളാക്കി മാറ്റിയത്. അഗളി ഐഎച്ച്ആർഡി കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ഇഎൽസി) നേതൃത്വത്തിലാണ് ഈ ചരിത്ര ദൗത്യം പൂർത്തിയാക്കിയത്.
മേലെ മൂലക്കൊമ്പ്, ഇടവാണി, മേലെ ഭൂതയാർ, മേലെ തുടുക്കി, ഗലസി, താഴെ തുടുക്കി, ഗൊട്ടിയാർക്കണ്ടി എന്നീ ഗോത്ര ഊരുകളിലെ 18 വയസിനുമേൽ പ്രായമുള്ള മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഇതിന്റെ പ്രധാന നേട്ടം. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂർണ ഗോത്ര വോട്ടർ ഊരായി മേലെ മൂലക്കൊമ്പ് മാറി. ഊരുകളിൽ മാതൃഭാഷയായ കുറുമ്പ ഭാഷയിൽ തെരഞ്ഞെടുപ്പ് അവബോധന പരിപാടിയായ ‘ചുനാവ് പാഠശാല’ യും സംഘടിപ്പിച്ചു. വോട്ടർ പട്ടിക പരിഷ്കരണം, തെറ്റുതിരുത്തൽ, മേല്‍വിലാസം മാറ്റം തുടങ്ങിയ സേവനങ്ങളും ഊരുകളിൽ നേരിട്ട് എത്തി പൂർത്തീകരിക്കാനായത് നേട്ടമായി.
അട്ടപ്പാടി ഊരുകളിലെ ആയിരക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കാൻ ഈ പ്രവർത്തനങ്ങൾ വഴി കഴിഞ്ഞു. ഇതിൽ 2141 പേർ പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽപ്പെടുന്ന ഇരുളർ, കാടർ എന്നീ ആദിവാസി വിഭാഗങ്ങളാണ്. കൂടുതൽ ആദിവാസി സമുദായങ്ങളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കാനും പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ കൂടാതെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായുള്ള മറ്റു കർമ്മപദ്ധതികളും ഇഎൽസികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഊരുകളിലെ ജനങ്ങളെ ജനാധിപത്യത്തിലേക്ക് കൂടുതൽ ആകർഷിക്കാനും അവരുടെ വോട്ടവകാശം ഉറപ്പാക്കാനും ഇത്തരം പ്രചരണങ്ങൾ വലിയ സഹായമാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.