തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലും ലീഗിലും തർക്കം രൂക്ഷമായി. ഈ മാസം 4നാണ് വൈസ് ചെയർമാൻ തെരഞ്ഞടുപ്പ്. മുസ്ലീം ലീഗിലെ വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടിയെ പുറത്താക്കാൻ ലീഗ് കൗൺസിലർമാർ എൽ ഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിനെ തുടർന്നാണ് ലീഗിൽ ഭിന്നത രൂക്ഷമായത്.
ലീഗ് ജില്ലാ നേതൃത്വം വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പി എം യൂനുസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൗൺസിലർമാർക്ക് വിപ്പ് നൽകി. എന്നാൽ ലീഗ് കൗൺസിലർമാരായ ഇബ്രാഹിം കുട്ടിയും, സജീന അക്ബറും വിപ്പ് കൈ പറ്റാൻ തയ്യാറായില്ല. എൽഡിഎഫിനൊപ്പം ചേർന്ന് ലീഗ് വൈസ് ചെയർമാനെ പുറത്താക്കാൻ കൂട്ടു നിന്നവരെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്നും ഇവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
അതേസമയം സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലും തർക്കം രൂക്ഷമായി. എ ഗ്രൂപ്പിന്റെ സ്ഥിരം അധ്യക്ഷ പദവികൾ സ്വതന്ത്ര കൗൺസിലർമാർക്ക് നൽകുന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ കലാപം. ഭരണത്തിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം നൽകിയാണ് എ ഗ്രൂപ്പുകാരി രാധാമണി പിള്ളയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ സ്വതന്ത്ര കൗൺസിലർമാർ പിന്തുണച്ചത്. എ ഗ്രൂപ്പിലെ സ്മിത സണ്ണിയും, ഐ ഗ്രൂപ്പിലെ ഉണ്ണി കാക്കനാടും സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജി വച്ച് സ്വതന്ത്രരായ ഓമന സാബുവിനും വർഗീസ് പ്ലാശ്ശേരിക്കും പദവികൾ കൈമാറാനായിരുന്നു ധാരണ. മറ്റു രണ്ടു സ്വതന്ത്ര കൗൺസിലർമാരായ അബ്ദു ഷാന, ഇ പി കാദർ കുഞ്ഞ് എന്നിവർക്ക് ആറ് മാസം വീതം വൈസ് ചെയർമാൻ സ്ഥാനം നൽകമെന്ന് കോൺഗ്രസ് നേതൃത്വം വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ലീഗ് നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചില്ല. തങ്ങളുടെ കൈവശമുള്ള വൈസ് ചെയർമാൻ സ്ഥാനം വിട്ടു തരില്ലന്ന് ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
രണ്ട് സ്വതന്ത്രർക്ക് കൂടി പദവികൾ നൽകണമെങ്കിൽ എ ഗ്രൂപ്പിന്റെ കൈവശമുള്ള വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രണ്ട് പേർക്ക് കൂടി വീതം വച്ച് നൽകണ മെന്നാണ് ഐ ഗ്രൂപ്പിന്റെ നിർദേശം. രാധാമണി അധ്യക്ഷയായതിനെ തുടർന്ന് എ ഗ്രൂപ്പിന്റെ കൈവശമുള്ള എല്ലാ അധ്യക്ഷസ്ഥാനങ്ങളും ഐ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന സ്വതന്ത്രന്മാർക്ക് നൽകുകയാണ് ലക്ഷ്യം. എ ഗ്രൂപ്പിന് ഒരു സ്ഥിരം സമിതി അധ്യക്ഷസ്ഥാനമെങ്കിലും വേണമെന്നാണ് ഗ്രൂപ്പ് തീരുമാനം.
സ്ഥിരം സമിതിയിൽ ആധിപത്യം ഉറപ്പിച്ച് എ ഗ്രൂപ്പുകാരിയായ നഗരസഭ അധ്യക്ഷയെ സമ്മർദ്ദത്തിലാക്കി ഭരണം കൈപ്പിടിയിലാക്കാനുള്ള നീക്കമാണ് ഐ ഗ്രൂപ്പ് നടത്തുന്നത്. എന്നാൽ തങ്ങളുടെ കസേര വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. കഴിഞ്ഞ ദിവസം നടന്ന ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ മുൻ ചെയർപേഴ്സനും കോൺഗ്രസ് ഐ ഗ്രൂപ്പ് കാരിയുമായ അജിത തങ്കപ്പൻ വോട്ട് അസാധുവാക്കിയതിൽ പാർട്ടി നടപടി വൈകുന്നതിലും എ ഗ്രൂപ്പിന് അസംതൃപ്തിയുണ്ട്.
English Summary: Trikkakara Municipality; The dispute between the Congress and the League is fierce
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.