ത്രിപുര അശാന്തിയുടെ ആഴങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി തങ്ങൾക്കായി കരുതിവച്ചിരിക്കുന്നത് എന്തെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങൾ. തെരഞ്ഞെടുപ്പിന്റെ ഭാഗമായെങ്കിലും അക്രമ രാഷ്ട്രീയത്തോട് ബിജെപി അകലം പാലിക്കുമെന്ന് സാധാരണ ജനം പ്രതീക്ഷിച്ചു. പൊളിയായ അവകാശവാദങ്ങൾക്കൊപ്പം ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് വേളയിൽ ത്രിപുരയിൽ സമാധാനവും പറഞ്ഞിരുന്നു. എല്ലാം പൊള്ളയായ വാഗ്ദാനങ്ങളെന്ന് പ്രതിദിനം ബോധ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം ബിജെപി പുലർത്തിയ മുഖമുദ്ര നശീകരണത്തിന്റേതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ആർഎസ്എസ്-ബിജെപി കൂട്ടം പ്രതികാരബുദ്ധിയോടെ ജനങ്ങളെ വേട്ടയാടാൻ തുടങ്ങി. മോഡി-ഷാ കൂട്ടുകെട്ട് അധികാര തുടർച്ചയ്ക്കായി പണത്തിന്റെ കരുത്തിൽ പലരെയും പലതും വിലയ്ക്കു വാങ്ങി. കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തുടനീളം സ്വപ്നതുല്യമായ വാഗ്ദാനങ്ങളുമായി സഞ്ചരിച്ചു. എങ്കിലും അവർക്ക് നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് അധികാരത്തിലേറാനായത്. അറുപതംഗ നിയമസഭയിൽ ബിജെപിക്ക് 10 ശതമാനം വോട്ട് കുറഞ്ഞു. ബിജെപിയുടെ അവസരവാദ സഖ്യത്തിന് 11 സീറ്റുകളും നഷ്ടമായി. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങൾ പ്രതികാരത്തിന് അണികളോട് ആഹ്വാനം ചെയ്തു. ജനങ്ങളെ വന്യമായി പീഡിപ്പിക്കാൻ ആർഎസ്എസ്-ബിജെപി കൂട്ടം തുനിഞ്ഞിറങ്ങിയിരിക്കുന്നു. സാധാരണ ജനതയെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ പരിശീലനം നേടിയ ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം, ജനാധിപത്യവും അതിന്റെ പ്രഖ്യാപിത മൂല്യങ്ങളും എല്ലായ്പ്പോഴും അകലെയാണ്. ഇത്തരം അനുഭവത്തിലൂടെയാണ് ഇന്ന് ത്രിപുരയിലെ ജനാധിപത്യ ശക്തികൾ കടന്നുപോകുന്നത്.
2024ലെ നിർണായക പോരാട്ടത്തിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ബിജെപി വടക്കുകിഴക്കൻ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. അവരുടെ ഒരേയൊരു അജണ്ട അധികാരം പിടിക്കുക എന്നതായിരുന്നു. ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രം ലഭിച്ച മേഘാലയയിൽ മോഡി ചെയ്തത് ആ പാർട്ടിയുടെ യഥാർത്ഥ മുഖം വെളിവാക്കുന്നു. അഴിമതിയുടെ ആൾരൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട കോൺറാഡ് കെ സാംഗ്മ രാത്രി വെളുക്കും മുമ്പ് അവരുടെ സഖ്യ നേതാവായി. മോഡി തന്നെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഷില്ലോങ്ങിലേക്ക് പറന്നു. നാഗാലാൻഡിലെ കഥയും വ്യത്യസ്തമായില്ല. ബിജെപിക്ക് അധികാരം ജനങ്ങളുടെ ക്ഷേമത്തിനല്ല. അഡാനിസ്റ്റിന്റെ കൊള്ളയെ പിന്തുണയ്ക്കണം, അതിനാണ് അവർ അധികാരം പിടിച്ചെടുക്കുന്നത്. വിലയ്ക്കു വാങ്ങിയോ അടിച്ചൊതുക്കിയോ അഡാനിക്ക് വഴിയൊരുക്കാൻ ആർഎസ്എസ്-ബിജെപി ജനങ്ങളെ കാൽച്ചുവട്ടിലമർത്തുന്നു. സമാധാനപരമായി ജീവിക്കാനുള്ള ജനതയുടെ ജനാധിപത്യാവകാശം ഭരണകൂട ചിന്തയിലില്ല. ത്രിപുര കൊടിയ വ്യഥയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ത്രിപുരയിലെ ജനതയ്ക്കൊപ്പം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.