19 December 2024, Thursday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

Janayugom Webdesk
തിരുവനന്തപുരം
May 27, 2022 11:02 pm

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒന്‍പത് അർധരാത്രി 12 മുതൽ നിലവില്‍ വരും. ജൂലൈ 31 അർധരാത്രി 12 വരെ 52 ദിവസമായിരിക്കും ട്രോളിങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

നിരോധന കാലയളവിൽ ട്രോളിങ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കും. 

കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളർ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിങ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമെ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജമായിരിക്കണമെന്നും യോഗം നിർദേശിച്ചു. 

Eng­lish Sum­ma­ry: Trolling banned in the state from June 9

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.